26 April Friday

ദിലീപും സംഘവും സമാന്തര ജുഡീഷ്യൽ 
സംവിധാനമുണ്ടാക്കുന്നുവെന്ന്‌ പ്രോസിക്യൂഷൻ

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


കൊച്ചി
നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി നടൻ ദിലീപും സംഘവും സമാന്തര ജുഡീഷ്യൽ സംവിധാനം ഉണ്ടാക്കുന്നുവെന്ന്‌  വിചാരണക്കോടതിയിൽ  പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അന്വേഷകസംഘം നൽകിയ ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

പണവും അധികാരവും ശക്തിയും ഉപയോഗിച്ച്‌ ദിലീപ്‌ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന പ്രോസിക്യൂഷൻ വാദത്തെ കോടതി വിമർശിച്ചു. സമാന്തര ജുഡീഷ്യൽ സംവിധാനം സാധ്യമല്ലെന്നും പ്രോസിക്യൂഷൻ നിലപാട്‌ തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സാക്ഷികളായ വിപിൻ ലാലിനെയും ജിൻസണെയും പ്രതിഭാഗം സ്വാധീനിക്കാൻ ശ്രമിച്ചത്‌ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കാവ്യ മാധവന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ സാഗർ വിൻസെന്റ്‌, ശരത്‌ ബാബു, ഡോ. ഹൈദരാലി എന്നിവരെയും സ്വാധീനിച്ചു. പ്രോസിക്യൂഷൻ സാക്ഷികളെ പ്രതിഭാഗം അഭിഭാഷകർ സമ്മർദത്തിലാക്കിയാണ്‌ സ്വാധീനിച്ചത്‌. 2020ൽ നൽകിയ തെളിവുകളും വിവരങ്ങളുമല്ലാതെ, ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് പുതിയ തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഹർജി 19ന്‌ വീണ്ടും പരിഗണിക്കും.

പൊലീസ്‌ ശേഖരിച്ച ശബ്ദസന്ദേശങ്ങൾ തുറന്ന കോടതിയിൽ പരിശോധിച്ചു. മാധ്യമങ്ങളിൽ വന്ന ശബ്ദരേഖ കോടതിയിൽനിന്നാണ്‌ ചോർന്നതെന്ന്‌ പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, ഒരുരേഖയും കോടതിയിൽനിന്ന്‌ ചോർന്നിട്ടില്ലെന്നും എ ഡയറി രഹസ്യരേഖയല്ലെന്നും വിചാരണക്കോടതി ജഡ്‌ജി പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണം. താനും തന്റെ കുടുംബവും ചർച്ചാവിഷയമാകുന്നു. അന്തസ്സും ഉത്തരവാദിത്വവും കാത്തുസൂക്ഷിച്ചാണ്‌ ഈ കസേരയിൽ ഇരിക്കുന്നതെന്നും ജഡ്‌ജി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top