26 April Friday

എൻ നാടിന‌് ഉയിരേകിയ ജോയ‌്സിനെ ആർക്ക‌് മറക്കാനാവും

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

ഉടുമ്പൻചോല
കാരിത്തോട്ടിൽ പൂത്താലമേന്തി നൂറ‌്കണക്കിന‌് സ‌്ത്രീതൊഴിലാളികൾ, രാജാക്കാട്ടിൽ ഫലവർഗങ്ങളും കാർഷികോൽപന്നങ്ങളുമായി കർഷകർ, കൊന്നപ്പൂക്കളും അരളിപ്പൂക്കളും പൊന്നാടകളുമായി ഇരട്ടയാർ മേഖലയിലെ വോട്ടർമാർ... എല്ലാ അർഥത്തിലും ഉടുമ്പൻചോലയ‌്ക്കും ഉയിരേകിയ ജനനായകൻ ജോയ‌്സ‌് ജോർജിന‌് സ‌്നേഹാദരം ചൊരിഞ്ഞത‌് ആയിരങ്ങൾ. വെള്ളിയാഴ‌്ച തോട്ടം– കാർഷിക മേഖലയിലെ പര്യടന സ്വീകരണങ്ങൾ സമാനതകളില്ലാത്തതായിരുന്നു. ‘എൻ നാടിന‌് ഉയിരേകിയ ജോയ‌്സിനെ ആർക്ക‌് മറക്കാനാവും’ എന്ന‌് തിങ്കൾക്കാട്ടിലേയും വട്ടക്കണ്ണിപ്പാറയിലേയും തൊഴിലാളികൾ പറഞ്ഞു. ജോയ‌്സ‌് ജോർജ‌് എംപിയും മന്ത്രി എം എം മണിയും എൽഡിഎഫ‌് ജനപ്രതിനിധികളും തോളോടുതോൾ ചേർന്ന‌് നടപ്പാക്കിയ കോടികളുടെ വികസനം നേരിട്ടറിയുകയും അനുഭവിക്കുകയും ചെയ്യുന്ന വോട്ടർമാർ സ്ഥാനാർഥിയെ വരവേൽക്കാൻ സ്വീകരണകേന്ദ്രങ്ങളിലേക്ക‌് ഒഴുകിയെത്തുകയായിരുന്നു.

സഞ്ചാരയോഗ്യമായ റോഡുകൾ, ടൂറിസം പദ്ധതികൾ, സ‌്കൂളുകൾക്ക‌് സഹായം, ആശുപത്രി വികസനം തുടങ്ങി എണ്ണിയെണ്ണി പറയാവുന്ന നിരവധി നേട്ടങ്ങൾ നിരത്തിയാണ‌് ജോയ‌്സ‌് ജോർജ‌് വോട്ട‌് അഭ്യർഥിക്കുന്നത‌്. രാവിലെ 7.30ന‌് ഉടുമ്പൻചോലയിലെ കാരിത്തോടായിരുന്ന പര്യടന തുടക്കം. എസ‌്റ്റേറ്റ‌് ലയങ്ങളിലെ അഞ്ഞൂറിൽപരം സ‌്ത്രീ തൊഴിലാളികൾ പൂത്താലമെടുത്തും ആരതി ഉഴിഞ്ഞും ജോയ‌്സ‌് ജോർജിന‌് സ‌്നേഹ നിർഭര വരവേൽപ്പ‌് നൽകി.  തിങ്കൾകാടും വട്ടക്കണ്ണിപ്പാറയിലും കുത്തുങ്കലിലും തൊഴിലാളികളുടെ വൻനിര സ്വീകരിക്കാനെത്തി. നൂറുകണക്കിന‌് കർഷകരും സ‌്ത്രീകളും ചെമ്മണ്ണാർ, ഒട്ടാത്തി, മാങ്ങാത്തൊട്ടി എന്നിവിടങ്ങളിൽ പൂക്കളും പൂച്ചെണ്ടും നൽകിയും വരവേറ്റു.

കൊടുംചൂട് വകവയ‌്ക്കാതെ വൻ ജനസഞ്ചയമാണ‌് രാജാക്കാട‌് മേഖലയിലെ സ്വീകരണകേന്ദ്രങ്ങളിൽ ജോയ്സ് ജോർജിനെ കാണാനും സ്വീകരിക്കാനും തടിച്ചുകൂടിയത‌്. നൂറ‌്കണക്കിന് ചെറുപ്പക്കാർ അണിനിരന്ന ബൈക്ക് റാലി അകമ്പടിയായുണ്ടായി. സ്വീകരിക്കാൻ എത്തിയവർക്ക് കുടിവെള്ളവുമായി ടിംബർ തൊഴിലാളികൾ ആവേശത്തോടെ കർമനിരതരായിരുന്നു.

നിരവധിപേർ സ്വന്തം വാഹനത്തിനും മറ്റുവാഹനങ്ങളിലും സ്ഥാനാർഥിയെ അനുഗമിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം ജോയ‌്സ് ജോർജിന‌് മണ്ഡലത്തിലുള്ള സ്വീകാര്യത വ്യക്തമാക്കുന്നതായി. എംപി എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അവേശകരമായ സാന്നിധ്യം പ്രകടമായിരുന്നു. പ്രകൃതിക്ഷോഭത്തിൽ തകർന്ന പന്നിയാർകുട്ടിയിൽ ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. ഉച്ചയ‌്ക്ക‌ുശേഷം കാർഷിക മേഖലയായ ഇരട്ടയാറിൽ നൂറ‌്കണക്കിന‌് ആളുകൾ സ്വീകരിക്കാനെത്തി. വൈകിട്ട‌് സമാപന കേന്ദ്രമായ നെടുങ്കണ്ടത്ത് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റോഡ് ഷോ അക്ഷരാർഥത്തിൽ പ്രവർത്തകരെയും ജനങ്ങളെയും ആവേശഭരിതരാക്കി.

എൽഡിഎഫ് നേതാക്കളായ കെ കെ ശിവരാമൻ, പി എൻ വിജയൻ, വി എൻ മോഹനൻ, എൻ പി സുനിൽകുമാർ, സി യു ജോയി, വി എ കുഞ്ഞുമോൻ, എൻ കെ ഗോപിനാഥൻ, അഡ്വ. ജി ഗോപകൃഷ്ണൻ, വി ആർ സജി, വി ആർ ശശി, എം എൻ ഹരിക്കുട്ടൻ, ടി എം ജോൺ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇത‌് വിജയഭേരി
നെടുങ്കണ്ടം
കുടിയേറ്റപട്ടണമായ നെടുങ്കണ്ടത്തെ ത്രസിപ്പിച്ച‌് ആയിരങ്ങൾ അണിനിരന്ന റോഡ് ഷോ എൽഡിഎഫ‌ിന്റെ വിജയ വിളംബരമായി. വെള്ളിയാഴ‌്ച ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനത്തിന‌് സമാപനംകുറിച്ചാണ‌് എൽഡിഎ‌ഫ‌് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിന്റെ  തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി റോഡ‌് ഷോ സംഘടിപ്പിച്ചത‌്. വിജയാരവവും ആവേശവും വാനോളമുയർത്തി സ‌്ത്രീകളും യുവാക്കളുമുൾപ്പെടെ നാനാവിഭാഗം ജനങ്ങ‌ളാണ‌് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത‌്.   ബസ‌്സ്റ്റാൻഡ‌് പരിസരത്ത് കരിമരുന്ന‌് പ്രയോഗത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ ചേർന്ന് കൊന്നപ്പൂക്കളും, ചെത്തിപ്പൂക്കളും നൽകി ജോയ‌്സ് ജോർജിനെ സ്വീകരിച്ചു. തുറന്ന വാഹനത്തിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കിഴക്കേ കവലയിലേക്ക് ആനയിച്ചു. നെടുങ്കണ്ടത്തിന്റെ ചരിത്രത്തിൽ മറ്റൊരു സ്ഥാനാർഥിക്കും ലഭിക്കാത്ത ശ്രദ്ധേയമായ വരവേൽപ്പാണ് ജോയ്സ‌് ജോർജിന‌് കാർഷിക തോട്ടംമേഖലയിൽ ലഭിച്ചത്.

ഭൂരിപക്ഷം ചരിത്രമാക്കാൻ ഉടുമ്പൻചോല
ഇടുക്കി
ഒഴുകിയെത്തിയ ജനക്കൂട്ടത്തിന്റെ അഭിവാദ്യങ്ങൾ സ്വീകരിച്ച് വിജയാരവം മുഴക്കി ജോയ്സ് ജോർജ് ഉടുമ്പൻചോലയിലും പര്യടനം പൂർത്തിയാക്കി മുന്നോട്ട്. ആവേശത്തിര തള്ളലിൽ വേനൽചൂടിനെ അകറ്റി സ്ഥാനാർഥി ജനങ്ങൾക്കിടയിലേക്കിറങ്ങി. എൽഡിഎഫ് സ്ഥാനാർഥി ഏറ്റവും കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഉടുമ്പൻചോലയിൽ വൻ സ്വീകരണമാണ് ജോയ‌്സിന‌് ലഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായാണ് ഉടുമ്പൻചോലയിലെ പര്യടനം പൂർത്തിയാക്കിയത്.

ഏഴായിരം സ്ത്രീകൾ പങ്കെടുത്ത വനിതാ പാർലമെന്റോടുകൂടിയാണ‌് പ്രചാരണ പരിപാടികൾക്ക് തുടക്കമായത‌്.  മന്ത്രി എം എം മണിയുടെ സ്വന്തം തട്ടകത്തിൽ കാൽലക്ഷത്തിൽ അധികം വോട്ടുകളാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം ലഭിച്ചത്.

    അതിനെ മറികടന്ന് മുന്നേറാനുള്ള പ്രവർത്തനത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. മന്ത്രിയും എംപിയും ഒരുമിച്ചുള്ള പ്രവർത്തനത്തിൽ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതും സമാനതകളില്ലാത്ത വികസന നേട്ടം ഉണ്ടായതും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി, ഉടമ്പൻചോല എന്നീ മണ്ഡലങ്ങളിലെ പര്യടനങ്ങൾ പൂർത്തിയായാവുകയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top