27 April Saturday

ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ നിസ്സംഗതയിൽ: പിണറായി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019


രാജ്യത്ത‌് ബിജെപി വളരുന്നത‌് കോൺഗ്രസിന്റെ നിസ്സംഗനിലപാടുമൂലമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ‌്എസ‌് നയിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുമ്പോഴും ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴും നവ ഉദാരവൽക്കരണനയങ്ങളിലൂടെ ജനങ്ങളെ അസംതൃപ‌്തിയിലാക്കുമ്പോഴും കോൺഗ്രസിന്റെ ശബ്ദം വേണ്ടത്ര ഉയർന്നില്ല.

പല സംസ്ഥാനങ്ങളിലും  മതേതര ബദൽ രൂപീകരിക്കുന്നതിന‌് തടസ്സമായത‌് കോൺഗ്രസിന്റെ നയമാണ‌്. കോട്ടച്ചേരിയിൽ എൽഡിഎഫ‌് കാഞ്ഞങ്ങാട‌് നിയോജകമണ്ഡലം റാലി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കോൺഗ്രസിലെ ഉന്നത നേതാക്കൾ ബിജെപിയിലേക്ക‌് ചേക്കേറുന്നത‌് തുടരുകയാണ‌്.
ചില സംസ്ഥാനങ്ങളിൽ മന്ത്രിസഭതന്നെ ബിജെപിയായി. വർഗീയതയോടുള്ള മൃദുസമീപനമാണ‌് കോൺഗ്രസ‌് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ചത‌്. 2009 മുതലുള്ള പത്തുവർഷം ഒന്നിച്ചെടുത്ത‌് വേണം കേന്ദ്രഭരണത്തിന്റെ ഫലമായുള്ള ജനങ്ങളുടെ ദുരിതം പരിശോധിക്കാൻ. മോഡിക്ക‌് മുമ്പ‌് ഭരിച്ച മൻമോഹൻസിങ്ങിന്റെ കാലംമുതൽ സ്വീകരിച്ച നയങ്ങളാണ‌് തിരിച്ചടിയായത‌്. മോഡിയും കൂട്ടരും മൻമോഹന്റെ നയം കൂടുതൽ ശക്തമായി നടപ്പാക്കി. ജനോപകാരപ്രദമായ സാമ്പത്തിക നയം നടപ്പാക്കുന്ന മതേതരബദലാണ‌് രാജ്യത്ത‌് വരേണ്ടതെന്നും പിണറായി പറഞ്ഞു.

ഇന്ത്യയെ മതാധിഷ‌്ഠിത രാഷ്ട്രമാക്കുകയാണ‌് ആർഎസ‌്എസ്സിന്റെ ലക്ഷ്യം. അതിന‌് സഹായകമായ നടപടികളാണ‌് മോഡി സ്വീകരിച്ചത‌്. ഘർവാപസിയിലൂടെ നിർബന്ധിത മതപരിവർത്തനവുമായി ക്രൈ‌സ‌്തവരെ ആർഎസ‌്എസ‌് വേട്ടയാടിയപ്പോൾ കോൺഗ്രസ‌് ശബ്ദിച്ചില്ല. മുത്തലാഖ‌് ബിൽ അവതരിപ്പിച്ചപ്പോൾ സഭയിൽ മതേതര കക്ഷികൾ അതിനു പിന്നിലെ കാപട്യം തുറന്നുകാട്ടി. അപ്പോഴും കോൺഗ്രസ‌് പ്രതികരിച്ചില്ല.

സുപ്രീംകോടതിയെയും ഭരണഘടനയെയും ബിജെപി വെല്ലുവിളിക്കുമ്പോൾ കോൺഗ്രസ‌് മൗനം പാലിക്കുന്നു. ബിജെപിയുടെ വർഗീയനിലപാട‌് കോൺഗ്രസും ആവർത്തിക്കുമ്പോൾ രണ്ടുകൂട്ടരും തമ്മിലുള്ള വ്യത്യാസമാണ‌് ഇല്ലാതാകുന്നത‌്. ബിജെപി രാമക്ഷേത്രം നിർമിക്കുമെന്ന‌് പറയുമ്പോൾ കോൺഗ്രസ‌് വക്താവ‌് പറയുന്നത‌് ഞങ്ങൾക്കേ രാമക്ഷേത്രം നിർമിക്കാൻ സാധിക്കൂ എന്നാണ‌്. ഗോവധ നിരോധനം ബിജെപി മുദ്രാവാക്യമാക്കുമ്പോൾ ദിഗ‌്‌വിജയ‌് സിങ്‌ പറയുന്നത‌് ഞങ്ങളാണ‌് മിക്ക സംസ്ഥാനങ്ങളിലും ഗോവധനിരോധനം നടപ്പാക്കിയതെന്നാണ‌്. ബിജെപിയെ എതിർക്കേണ്ട ഘട്ടത്തിലെല്ലാം കോൺഗ്രസ‌് സ്വീകരിക്കുന്നത‌് സമരസപ്പെടുന്ന നയമാണ‌്.
ഈ ദൗർബല്യമാണ‌് കോൺഗ്രസിന്റെ തകർച്ചയുടെ അടിസ്ഥാനം. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഗുണകരമായ ബദൽനയം ആവിഷ‌്കരിക്കുന്നതിൽ സംസ്ഥാന സർക്കാർ മാതൃകയാണ‌്.

കഴിഞ്ഞ സർക്കാർ ഭരിക്കുമ്പോൾ കേരളം അഴിമതിയിൽ ഒന്നാംസ്ഥാനത്തായിരുന്നു. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറി ആയിരം ദിവസം പിന്നിടും മുമ്പേ ഉന്നതമായ രാഷ്ട്രീയസംസ‌്കാരം പ്രതിഫലിച്ചു തുടങ്ങി. ക്ഷേമപദ്ധതികളിലും വികസനകാര്യത്തിലുമെല്ലാം വൻ കുതിപ്പിലാണ‌്. ഇനിയൊരു പ്രളയം വന്നാൽ തകരാത്ത കേരളത്തിന്റെ പുനർനിർമാണമാണ‌് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top