20 April Saturday

പുക : ആരോഗ്യപ്രശ്‌നങ്ങളിൽ 
ആശങ്കവേണ്ട : വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023


തിരുവനന്തപുരം
ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട്‌ ആരോഗ്യപ്രശ്‌നങ്ങളിൽ ആശങ്കവേണ്ടെന്ന്‌ മന്ത്രി വീണാ ജോർജ്‌ നിയമസഭയെ അറിയിച്ചു. സാഹചര്യം സൂക്ഷ്‌മമായി അവലോകനംചെയ്ത്‌ പ്രതിരോധമാർഗങ്ങൾ ഒരുക്കിയും വിദഗ്‌ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞും ആരോഗ്യവകുപ്പ്‌ നടപടിയെടുക്കുന്നു. ജനങ്ങൾക്കൊപ്പംനിന്ന്‌ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞുള്ള നടപടികളാണ്‌ എടുക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണ നോട്ടീസിന്‌ മന്ത്രി മറുപടി നൽകി.
തീപിടിത്തം ഉണ്ടായപ്പോൾത്തന്നെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ പ്രവർത്തനം ഏറ്റെടുത്തു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ ഞായർ വൈകിട്ടോടെ തീ ഏതാണ്ട്‌ അണയ്‌ക്കാനായി. ഇനിയും തീയോ പുകയോ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട്‌ പ്രതിരോധപ്രവർത്തനങ്ങൾ അഗ്നിശമനസേന നടത്തുന്നു. വായുവിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെട്ടു.

മന്ത്രിമാർ നേരിട്ട്‌ പ്രതിരോധപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. മുഖ്യമന്ത്രി അധ്യക്ഷനായി യോഗംചേർന്ന്‌ നടപടി വേഗത്തിലാക്കി. ആരോഗ്യവകുപ്പിന്റെയും ഡോക്ടർമാരുടെ സംഘടനകളുടെയും സ്വകാര്യ ആശുപത്രികളുടെയുമെല്ലാം സേവനം ഉറപ്പാക്കി. ഹ്രസ്വല–-ദീർഘകാല കർമപദ്ധതികൾ ആവിഷ്‌കരിച്ചു. ജില്ലാതലത്തിലും കളമശേരിയിലും കൺട്രോൾ റൂമുകളുണ്ട്‌. മതിയായ കിടത്തി ചികിത്സാ സൗകര്യങ്ങളുമുണ്ട്‌. പത്തുദിവസത്തിൽ ഒമ്പത്‌ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. അത്‌ തുടരുന്നു. ഞായർ വൈകിട്ടുവരെ കൊച്ചിയിൽ 851 പേർ ആശുപത്രി ചികിത്സ തേടി. 15 പേർക്കുമാത്രമാണ്‌ കിടത്തി ചികിത്സ ആവശ്യമായത്‌. കിടപ്പുരോഗികൾക്ക്‌ ഉൾപ്പെടെ മൊബൈൽ ക്ലിനിക്കുകളുടെ സേവനം ഏർപ്പെടുത്തി. ഇതിൽ പോർട്ടബിൾ എക്‌സ്‌റേ യൂണിറ്റുമുണ്ട്‌. ഗർഭിണികളുടെ സ്‌ക്രീനിങ്ങും ഉറപ്പാക്കി.

ഫീൽഡുതല ആരോഗ്യസർവേ ചൊവ്വാഴ്‌ച ആരംഭിക്കും. 200 ആശാപ്രവർത്തകർക്ക്‌ പരിശീലനം നൽകി. ഡിജിറ്റൽ സർവേയിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ തത്സമയ ക്രോഡീകരണത്തിലൂടെ സ്ഥിതിഗതികൾ കൃത്യമായി മനസ്സിലാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top