26 April Friday

നന്ദി, പെരുമ്പളം ഇനി ഒറ്റപ്പെടില്ല

ലെനി ജോസഫ്‌Updated: Monday Mar 13, 2023


ആലപ്പുഴ
ചിരകാലസ്വപ്‌നം സഫലമാക്കുന്ന എൽഡിഎഫ്‌ സർക്കാരിന്‌ നന്ദിയുടെ പൂച്ചെണ്ടുമായി അവരെത്തി. ജനകീയ പ്രതിരോധജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ കാണാനെത്തിയ ദ്വീപുനിവാസികളെല്ലാം പെരുമ്പളം ദ്വീപിലേക്ക്‌ പാലം പൂർത്തിയാകുന്നതിൽ ആഹ്ലാദം പങ്കിടുകയായിരുന്നു. ഐക്യകേരളത്തോളം പഴക്കമുണ്ട്‌ ദ്വീപുനിവാസികളുടെ പാലത്തിനായുള്ള മുറവിളിക്ക്‌. പതിനായിരത്തോളം ദ്വീപുനിവാസികൾക്കായാണ്‌ 100 കോടി മുടക്കി പിണറായി സർക്കാർ പാലം നിർമിക്കുന്നത്‌.

അരൂർ നിയമസഭാ മണ്ഡലത്തിലെ തുറവൂർ വടക്ക് പൂജപ്പാടത്ത് സംഘടിപ്പിച്ച സ്വീകരണസമ്മേളന വേദിയിലേക്ക്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജിന്റെയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി വി ആശയുടെയും നേതൃത്വത്തിലാണ്‌  ദ്വീപുനിവാസികൾ എത്തിയത്‌. ചുവപ്പുസേനയും തെയ്യവും കാവടിയും കുംഭകുടവും മുത്തുക്കുടകളും നിറംപകർന്ന സ്വീകരണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചടങ്ങിന്‌ അലോഷിയുടെ ഗസലഴകും. സ്വാഗതസംഘം ചെയർമാൻ എ എം ആരിഫ് എംപി അധ്യക്ഷനായി.

കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഞായറാഴ്‌ച രാവിലെ ജങ്കാറിൽ വേമ്പനാട്‌ കായൽ താണ്ടി തവണക്കടവിൽ വന്നിറങ്ങിയ ജാഥയെ ‘കേരളത്തിന്റെ സ്വന്തം സൈന്യ’മായ മത്സ്യത്തൊഴിലാളികൾ വരവേറ്റത്‌ ചെങ്കൊടിയാൽ അലംകൃതമായ മീൻപിടിത്ത വള്ളങ്ങളുടെ അകമ്പടിയോടെ.  സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ,  ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ പുന്നപ്ര –- വയലാറിൻെറ മണ്ണിലേക്കു വരവേറ്റു. 

കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ മഹാസമ്മേളനമായിരുന്നു ചേർത്തലയിൽ. 2019ലെ പ്രളയകാലത്ത്‌ ദുരിതാശ്വാസക്യാമ്പിൽ മാധ്യമങ്ങളാൽ അവഹേളിക്കപ്പെട്ട ഓമനക്കുട്ടനെയും മകൾ സുകൃതിയെും എം വി ഗോവിന്ദൻ  അനുമോദിച്ചു. സ്വാഗതസംഘം പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷനായി.

കാർഷികമേഖലയായ കുട്ടനാട്ടിൽ പച്ചക്കറികളും പഴങ്ങളും നൽകിയാണ്‌  സ്വീകരിച്ചത്‌. രക്തസാക്ഷി കുടുംബങ്ങളെ  നെടുമുടിയിലെ സ്വീകരണയോഗത്തിൽ എം വി ഗോവിന്ദൻ ആദരിച്ചു. അന്തരിച്ച പ്രിയ നേതാവ്‌ കോടിയേരി ബാലകൃഷണന്റെ, തടിയിൽ നിർമിച്ച അർധകായപ്രതിമ പുളിങ്കുന്ന്‌ ലോക്കൽ സെക്രട്ടറി ജോസ്‌ തോമസും ഏരിയ കമ്മിറ്റിയംഗം പ്രസാദ്‌ ബാലകൃഷ്ണനും ചേർന്ന്‌ എം വി ഗോവിന്ദന്‌ നൽകി. മാമ്പുഴക്കരി ആശാരിപ്പറമ്പിൽ എ സി ശശിധരനാണ്‌ ശിൽപ്പം നിർമിച്ചത്‌. സ്വാഗതസംഘം ചെയർമാൻ കെ എസ്‌ അനിൽകുമാർ അധ്യക്ഷനായി.

നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു  ഹരിപ്പാട്ടെ സ്വീകരണയോഗം. രക്തസാക്ഷികുടുംബങ്ങളെ  ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ അധ്യക്ഷനായി.  ആലപ്പുഴ ബീച്ചിലായിരുന്നു അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളുടെ നേതൃത്വത്തിൽ സംയുക്ത സ്വീകരണം. നേരമിരുട്ടിയിട്ടും പതിനായിരക്കണക്കായ ജനസഞ്ചയം  കാത്തുനിന്നു. തോട്ടപ്പള്ളി സ്‌പിൽവേയിൽനിന്ന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ബീച്ചിലേക്ക്‌ ആനയിച്ചത്‌.  എച്ച്‌ സലാം എംഎൽഎ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top