20 April Saturday
നിർണായകമായത്‌ 
മൂന്നുമാസത്തെ അന്വേഷണം

എടവനക്കാട്‌ കൊലപാതകം : കൊല നടത്തിയത്‌ ടെറസിന് 
മുകളിൽ ; സജീവ്‌ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

വെള്ളിയാഴ്ച തെളിവെടുപ്പിനായി പൊലീസ് സജീവിനെ വീട്ടില്‍ എത്തിച്ചപ്പോള്‍


വൈപ്പിൻ
ഭാര്യ രമ്യയെ വീടിന്റെ ടെറസിൽ വച്ചാണ്‌ കൊലപ്പെടുത്തിയതെന്ന്‌ പ്രതി എടവനക്കാട്‌ അറയ്‌ക്കപ്പറമ്പിൽ സജീവിന്റെ (44) വെളിപ്പെടുത്തൽ.
ഭാര്യക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ ചോദ്യംചെയ്യലിൽ സജീവ്‌ പറഞ്ഞു.

2021 ആഗസ്‌ത്‌ 16ന്‌ രാവിലെ എട്ടിനായിരുന്നു കൊലപാതകം. വീടിന്റെ ടെറസിലിരുന്നപ്പോൾ, ഭാര്യ രമ്യ മുറിയിലിരുന്ന്‌ സുഹൃത്തുമായി സംസാരിക്കുന്നത്‌ കേട്ടു. ചോദ്യംചെയ്‌തപ്പോൾ വാക്കുതർക്കമായി. തുടർന്ന്‌ കൈയിൽനിന്ന്‌ മൊബൈൽഫോൺ തട്ടിപ്പറിച്ച്‌ ടെറസിൽ കയറി. അവിടെ വച്ച്‌ ഇരുവരും മൽപ്പിടിത്തമായി. ടെറസിൽ കിടന്ന കയറെടുത്ത്‌ രമ്യയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനുശേഷം മൃതദേഹം അവിടെത്തന്നെ കിടത്തി. സജീവ്‌ ക്വാറന്റൈനിലായിരുന്നതിനാൽ ആരും വീട്ടിലേക്ക്‌ വന്നില്ല. രാത്രി 12ന്‌ മൃതദേഹം ഒറ്റയ്‌ക്ക്‌ വലിച്ച്‌ പടിയിലൂടെ താഴെയിറക്കി. വീട്ടുമുറ്റത്ത്‌ മൺവെട്ടികൊണ്ട്‌ കുഴിയുണ്ടാക്കി മൂടിയെന്നും സജീവ്‌ വെളിപ്പെടുത്തി. സജീവിനെ ഞാറക്കൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു. കൂടുതൽ ചോദ്യംചെയ്യാൻ കസ്‌റ്റഡിയിൽ ലഭിക്കുന്നതിന്‌ പൊലീസ്‌ കോടതിയിൽ അപേക്ഷ നൽകും.

കൊലപാതകം ഒറ്റയ്‌ക്ക്‌
രമ്യയെ കൊലപ്പെടുത്തിയത്‌ സജീവ്‌ ഒറ്റയ്‌ക്കാണെന്ന്‌ എറണാകുളം റൂറൽ എസ്‌പി വിവേക്‌കുമാർ പറഞ്ഞു. കൊലപാതകം നടന്ന എടവനക്കാട്ടെ വാടകവീട് വെള്ളിയാഴ്‌ച സന്ദർശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രമ്യയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ്‌ ഒന്നരവർഷമായി അന്വേഷണത്തിലായിരുന്നു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളായതിനാൽ അന്വേഷണം സജീവിലേക്ക്‌ എത്തിയില്ല. ഇയാൾ നൽകിയ പരാതിതന്നെയാണ് അന്വേഷണം മുറുകാൻ കാരണവും. മൊഴിയിലെ വൈരുധ്യങ്ങൾ പരിശോധിച്ചുംമറ്റും നടത്തിയ ചോദ്യംചെയ്യലിലാണ്‌ ഇയാൾ കുറ്റം സമ്മതിച്ചത്. കൊലയ്‌ക്ക്‌ ഉപയോഗിച്ച പ്ലാസ്‌റ്റിക് കയർ കത്തിച്ചെന്നാണ് ഇയാൾ പറയുന്നത്. സുഹൃത്തുക്കളുമായും മറ്റും നല്ലരീതിയിൽ ഇടപെടുന്ന ആളാണ് സജീവ്. സ്പോർട്സ്‌മാനുമാണ്. ആദ്യമൊന്നും ഒരു സൂചനയും ഇയാളിൽനിന്ന്‌ ലഭിച്ചിരുന്നില്ല. കൃത്യം നടത്തിയശേഷം സംശയമില്ലാതിരിക്കാൻ ഇയാൾ പലകഥകളും മെനഞ്ഞുവെന്നും എസ്‌പി പറഞ്ഞു.
മുനമ്പം ഡിവൈഎസ്‌പി  എം കെ മുരളിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായി. സംഭവം നടന്ന വീട്ടിൽ പ്രതിയെ എത്തിച്ച്‌ പൊലീസ് കൂടുതൽ തെളിവെടുപ്പും നടത്തി.

നിർണായകമായത്‌ 
മൂന്നുമാസത്തെ അന്വേഷണം
ഭാര്യയെ കൊന്ന്‌ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ട കേസിൽ നിർണായകമായത്‌ അവസാന മൂന്നുമാസത്തെ അന്വേഷണവും ശാസ്‌ത്രീയ തെളിവുകളും. രമ്യ ബംഗളൂരുവിൽ ബ്യൂട്ടീഷ്യൻ കോഴ്‌സ്‌ പഠിക്കാൻ പോയെന്നും അവിടെനിന്ന്‌ തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിനൊപ്പം ഗൾഫിലേക്ക്‌ പോയെന്നുമാണ്‌ ഭർത്താവ്‌ എടവനക്കാട്‌ സ്വദേശി സജീവ്‌ വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്‌.

എന്നാൽ, രമ്യയുടെയും സജീവിന്റെയും ഫോൺവിവരങ്ങൾ ശേഖരിച്ച പൊലീസ്‌ മൂന്നുമാസത്തിനിടെ നിരവധി ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്തി. ബംഗളൂരുവിലും ചെന്നൈയിലും രമ്യയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി. രമ്യയെന്ന സ്‌ത്രീ രണ്ടിടത്തും താമസിച്ചിട്ടില്ലെന്ന്‌ ഉറപ്പാക്കി. കലൂരിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്‌തിരുന്നപ്പോൾ രമ്യ ദിവസവും മക്കളെ രണ്ടുതവണയെങ്കിലും വിളിച്ചിരുന്നു. എന്നാൽ, കൊലപാതകം നടന്ന 2021 ആഗസ്‌ത്‌ 16നുശേഷം ഒരുതവണപോലും രമ്യ മക്കൾക്ക്‌ ഫോൺ ചെയ്‌തിരുന്നില്ല. ആഗസ്‌ത്‌ 18 മുതൽ രമ്യയെ കാണാതായെന്നാണ്‌ സജീവ്‌ ഞാറക്കൽ പൊലീസിന്‌ പരാതി നൽകിയത്‌. ഇപ്പോൾ ഗൾഫിലുള്ള തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിനോട്‌ അന്വേഷിച്ചപ്പോൾ, രമ്യ അയാളുടെ ഒപ്പമില്ലെന്നും പൊലീസ്‌ മനസ്സിലാക്കി.

രമ്യയുടെ ഫോണും കൊലയ്‌ക്ക്‌ ഉപയോഗിച്ച കയറും കത്തിച്ചു
രമ്യയുടെ മൊബൈൽഫോൺ കൊലപാതകം നടന്ന ദിവസം സജീവ്‌ നിലത്തെറിഞ്ഞ്‌ പൊട്ടിച്ചിരുന്നു. എന്നാൽ, സിം കാർഡും മെമ്മറി കാർഡും കളഞ്ഞില്ല. അഞ്ചുദിവസത്തിനുശേഷം ഇയാൾ ഇതു രണ്ടും മറ്റൊരു ഫോണിലിട്ടു. അപ്പോൾ രമ്യയുടെ ഇ–-മെയിൽ ആക്ടീവായതിന്റെ ഡിജിറ്റൽ തെളിവ്‌ പൊലീസിന്‌ ലഭിച്ചു. ഫോണിലെ ചില ചിത്രങ്ങൾ കണ്ട്‌ പ്രകോപിതനായി ഫോൺ കത്തിച്ചെന്നാണ്‌ സജീവ്‌ പറഞ്ഞത്‌. രമ്യയെ കൊല്ലാൻ ഉപയോഗിച്ച കയറും കത്തിച്ചു.

സജീവും രമ്യയും പ്രേമിച്ച്‌ വിവാഹിതരായവരാണ്‌. എന്നാൽ, ഇടക്കാലത്ത്‌ ബന്ധം വേർപ്പെടുത്താൻ രമ്യ നിർബന്ധിച്ചു. എന്നാൽ, സജീവ് സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നുവെന്നും പൊലീസ്‌ കണ്ടെത്തി.

അസ്ഥി മാറ്റാൻ പദ്ധതിയിട്ടു; കണ്ടെത്തിയ 
നായയെ കൊന്നു
എടവനക്കാട്‌ വാച്ചാക്കലിൽ ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ട സജീവ്‌,  പിന്നീട്‌ അസ്ഥികൾ അവിടെനിന്ന്‌ നീക്കാനും ശ്രമിച്ചിരുന്നു. എന്നാൽ, മൃതദേഹാവശിഷ്ടങ്ങൾ മാറ്റാനാകാതെ ഇയാൾ നിരാശനായി. മൂന്നുമാസമായി സജീവിനെ പൊലീസ്‌ നിരന്തരം ചോദ്യംചെയ്‌തിരുന്നു. പിടിക്കപ്പെടുമെന്ന സംശയത്താൽ ഒരാഴ്‌ചയായി ഇയാൾ മാനസികസംഘർഷത്തിലുമായി.

മക്കളായ അഞ്‌ജനയ്‌ക്കും സിദ്ധാർഥിനുമൊപ്പം ആത്മഹത്യ ചെയ്യാനും സജീവ്‌ പദ്ധതിയിട്ടിരുന്നു. അമ്മ മോശക്കാരിയാണെന്നും കാമുകന്റെകൂടെ പോയെന്നും കഥകൾ പറഞ്ഞ്‌ മക്കളെ ഇയാൾ വിശ്വസിപ്പിച്ചു. അമ്മയെ വെറുത്ത്‌ മക്കൾ തന്റെയൊപ്പം ആത്മഹത്യ ചെയ്യാൻ തയ്യാറാകുമെന്നാണ്‌ സജീവ്‌ കരുതിയത്‌. മൃതദേഹം കുഴിച്ചിട്ട സ്ഥലം മാന്താൻ വീട്ടിലെ വളർത്തുനായ ശ്രമിച്ചപ്പോഴും സജീവ്‌ ഭയന്നു. നായയെ കൊന്നാണ്‌ ഇതിന്‌ പരിഹാരം കണ്ടത്‌.

‘ദൃശ്യം’ സിനിമ കണ്ടിട്ടുണ്ടെന്ന്‌ പ്രതി ചോദ്യംചെയ്യലിൽ പറഞ്ഞു. എന്നാൽ, ഇത്‌ കൊലപാതകം ആസൂത്രണം ചെയ്യാൻ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ പ്രതി വ്യക്തമായ മറുപടി നൽകിയില്ല.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top