18 September Thursday
അഞ്ച്‌ ഐഎഎസ് ഉദ്യോഗസ്ഥരും എട്ട്‌ ചീഫ് എൻജിനിയർമാരും സംഘത്തിൽ

റോഡ് റണ്ണിങ്‌ കോൺട്രാക്ട് പ്രവൃത്തി പരിശോധിക്കാൻ പ്രത്യേക സംഘം ; പരിശോധന 20 മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌ കരാർ പ്രകാരം പരിപാലനകാലാവധി കഴിഞ്ഞ റോഡുകൾ കേടുപാടുണ്ടാകുമ്പോൾതന്നെ  അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള റണ്ണിങ്‌ കോൺട്രാക്‌ടിലെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇരുപതുമുതൽ ജില്ലകൾ തിരിച്ചാകും പരിശോധന. പൊതുമരാമത്ത് മന്ത്രി  നേരിട്ട്‌ സംഘത്തെ നിയന്ത്രിക്കും.  പൊതുമരാമത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ച്‌ ഐഎഎസ് ഉദ്യോഗസ്ഥർ,  എട്ട്‌ ചീഫ് എൻജിനിയർമാർ,  സൂപ്രണ്ടിങ്‌ എൻജിനിയർമാർ, എക്സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവരാണ്‌  സംഘത്തിലുള്ളത്‌. 

രാജ്യത്ത്‌ ഇതാദ്യമായാണ്‌ ഒരു സംസ്ഥാനത്ത്‌ കരാർ പ്രകാരമുള്ള പരിപാലനകാലാവധി കഴിഞ്ഞും റോഡ്‌ അതേപോലെ പരിപാലിക്കാൻ റണ്ണിങ്‌ കോൺട്രാക്‌ട്‌ സംവിധാനം നടപ്പാക്കുന്നത്‌. 12322 കിലോമീറ്റർ റോഡിനായി 302 കോടി രൂപയും അനുവദിച്ചു. റണ്ണിങ്‌ കോൺട്രാക്ടിലുള്ള റോഡ്‌ പ്രവൃത്തി പ്രത്യേകസംഘം പരിശോധിക്കും. റിപ്പോർട്ട് അതത് ദിവസം  മന്ത്രിക്ക്‌ ലഭ്യമാക്കും. വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.    റോഡുകൾ  ഒരു വർഷം കേടുപാടില്ലാതെ   സൂക്ഷിക്കേണ്ടത്  റണ്ണിങ്‌ കോൺട്രാക്‌ട്‌ എടുത്ത കരാറുകാരന്റെ ഉത്തരവാദിത്വമാണ്. കേടുപാടുകൾ ഉണ്ടായാൽ 48 മണിക്കൂറിനകം പരിഹരിക്കണം. ഇത്തരം റോഡുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാൻ  നീല നിറത്തിലുള്ള ബോർഡുകൾ സ്ഥാപിക്കും. 

ഇതിൽ കരാറുകാരന്റെ പേര്‌, ഫോൺ നമ്പർ, ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ, റോഡിന്റെ വിവരങ്ങൾ, ടോൾ ഫ്രീ നമ്പർ എന്നിവ രേഖപ്പെടുത്തും. റോഡ്‌നിർമാണ സമയത്തെ കരാർപ്രകാരം പരിപാലനകാലാധിക്കുള്ളിലുള്ള റോഡുകളിൽ പച്ചബോർഡും  സ്ഥാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top