25 April Thursday
സ്വത്തെല്ലാം ബിനാമികളുടെ പേരിൽ മാറ്റി

എംഎൽഎക്കും സംഘത്തിനും മാസം 4.5 ലക്ഷം ശമ്പളം; പണമെല്ലാം പോയത്‌‌ നേതാക്കളുടെ കീശയിലേക്ക്‌

പി മഷൂദ്Updated: Friday Sep 11, 2020


തൃക്കരിപ്പൂർ
ലീഗ്‌ നേതാവും എംഎൽഎയുമായ എം സി ഖമറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന  ജ്വല്ലറി നക്ഷേപത്തട്ടിപ്പിൽ പണം മുഴുവൻ പോയത്‌ നേതാക്കളുടെ കീശയിലേക്ക്. ‌നിക്ഷേപകരിൽനിന്ന്‌ സ്വീകരിച്ച പണം  ‌സ്വകാര്യ സമ്പാദ്യത്തിലേക്ക് ‌മാറ്റിയെന്നാണ്‌ അറിയുന്നത്‌. ഫാഷൻ ഗോൾഡിന്റെപേരിൽ വാങ്ങിയ ഭൂമിയും മറ്റ് ആസ്തികളും വിൽക്കുകയും ചെയ്‌തു. ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്‌ ജ്വല്ലറിക്ക്‌‌ ബംഗളൂരുവിലും മംഗളൂരുവിലും ആസ്‌തിയുണ്ടെന്നാണ്‌. ഇതെല്ലാം ‌ ബിനാമികളുടെ പേരിലാണുള്ളത്‌.

ജ്വല്ലറി‌ ഡയറക്ടർ‌ ബോർഡിലെ എംഎൽഎ അടക്കമുള്ള മൂന്ന്‌ പ്രധാനികൾ ശമ്പളയിനത്തിൽ പ്രതിമാസം നാലര ലക്ഷം രൂപ എഴുതിയെടുത്തിരുന്നു. ഡ്രൈവർമാരുടെ ശമ്പളം,  പെട്രോൾ എന്നീ  ഇനത്തിൽ  ഒരു ലക്ഷം വേറെയും. ഇതിനുപുറമേ  50, 000 മുതൽ ഒരു ലക്ഷം വരെ ശമ്പളം പറ്റിയ എട്ട് ഡയറക്ടർമാരും സ്ഥാപനത്തിലുണ്ടായിരുന്നു.

സ്ഥാപനം പ്രതിസന്ധിയിലായെന്നത്‌ നിഷേപകർ മനസ്സലാക്കുന്നത്‌ കഴിഞ്ഞ നവംബറിലാണ്‌. പണം പിൻവലിക്കാൻ എത്തിയവരെ നേതാക്കളെ ഇടപെടുവിപ്പിച്ചും അവധി പറഞ്ഞും മടക്കി. അവധി പറഞ്ഞുള്ള കബളിപ്പിക്കൽ നീണ്ടതോടെയാണ്‌ ഭീഷണിയിൽ പതറാതെ ചിലർ കേസുകൊടുത്തത്‌. 

സ്ഥാപനം മുങ്ങിയപ്പോഴും സ്വന്തക്കാരുടെ തുക തിരിച്ചുനൽകി. മകനെ ഡയറക്ടറാക്കി ഒരു കോടി രൂപ ഒരു വർഷംമുമ്പ്‌ നിക്ഷേപിച്ച പടന്നയിലെ പ്രവാസിക്ക് ബംഗളൂരുവിലെ ഫ്ലാറ്റും 20 ലക്ഷം രൂപയുടെ ചെക്കും നൽകി. എന്നാൽ, മുസ്ലിംലീഗ്‌  പാർടിയെ വിശ്വസിച്ച പാവങ്ങൾക്ക്‌ ഒരു രൂപപോലും തിരിച്ചുകിട്ടിയില്ല.

ജീവനാംശം കിട്ടിയ പണമാണ്‌ സർ ഇത്‌

നീലേശ്വരം കരുവാച്ചേരി സ്വദേശിനി എൻ പി നസീമക്ക്‌ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറിത്തട്ടിപ്പിൽ നഷ്ടമായത്‌ ജീവനാംശമായി ലഭിച്ച എട്ട്‌ ലക്ഷം രൂപ.  എട്ടുവർഷമായി പടന്ന വടക്കേപ്പുറത്ത് വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. ഭർത്താവിൽനിന്ന്‌ വിവാഹമോചനം നേടിയ ഇവർക്ക് ഹോസ്ദുർഗ് മജിസ്ട്രേട്ട്‌ കോടതിമുഖേന ജീവനാംശം ലഭിച്ച തുകയാണ് എംഎൽഎയുടെ ജ്വല്ലറിയിൽ നിക്ഷേപിച്ചത്. 2019 ഒക്ടോബർവരെ മാസം 8000 രൂപ ലാഭവിഹിതം ലഭിച്ചിരുന്നു. പിന്നെ, രണ്ട് മാസം പകുതിയായി. ജനുവരിമുതൽ മുടങ്ങി. 

എംഎൽഎയെ നിരവധി തവണ ബന്ധപ്പെട്ടങ്കിലും പരിഹാരമുണ്ടായില്ല. ഇതിനിടയിൽ ഫോണിലൂടെ ഭീഷണിയും വന്നുതുടങ്ങി. ഒമ്പതിലും ഏഴിലും പഠിക്കുന്ന രണ്ട് പെൺമക്കളാണിവർക്കുള്ളത്‌.   വരുമാനമില്ലാതെ കുട്ടികളുടെ പഠനവും മുടങ്ങി. എല്ലാം നഷ്ടപ്പെട്ട്‌ ആത്മഹത്യാ മുനമ്പിലായ കുടുംബത്തിന്‌  പ്രദേശത്തെ സന്നദ്ധ സംഘടന എല്ലാ മാസവും നൽകുന്ന പലവ്യഞ്ജനക്കിറ്റാണ്‌ സഹായം. വാടക നൽകാനാവാത്തിനാൽ വീട്‌ ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥയിലുമാണ്‌. 

പണം തിരികെ ലഭിക്കില്ല: മാർജാൻ ജ്വല്ലറി ഉടമ

എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജ്വല്ലറിത്തട്ടിപ്പിൽ ഇരകൾക്ക്‌ പണം തിരികെ ലഭിക്കാൻ സാധ്യത കുറവാണെന്ന്‌ തലശേരിയിലെ മർജാൻ ഗോൾഡ്‌ ഉടമ കൊയിലാണ്ടി മൂടാടി സ്വദേശി കെ കെ ഹനീഫ. മുസ്ലിംലീഗ്‌ നേതൃത്വം പറയുന്നത്‌ മുഖവിയ്‌ക്കെടുക്കാനാവില്ലെന്നതാണ്‌ അനുഭവമെന്നും ഖമറുദ്ദീന്റെ ചതിയിൽ ജ്വല്ലറി വ്യാപാരം പൂർണമായി ഉപേക്ഷിചച ഹനീഫ പറഞ്ഞു.

2008ലാണ്‌ മർജാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന്,‌ സ്‌ത്രീകളടക്കമുള്ള ജീവനക്കാരെ ബന്ദികളാക്കി മൂന്ന്‌ കോടിയുടെ  25 കിലോ സ്വർണം ഖമറുദ്ദീനും സംഘവും കവർന്നത്‌. തെളിവ്‌ നശിപ്പിക്കാനായി സിസിടിവിയുമായി ബന്ധിപ്പിച്ച രണ്ട്‌ കംപ്യൂട്ടറും കൊണ്ടുപോയി. തലശേരി പൊലീസ്‌ സ്‌റ്റേഷനിൽ ഇതു സംബന്ധിച്ച്‌ കേസുണ്ട്‌. ഫാഷൻ ഗോൾഡ്‌ ഡയറക്ടർമാരടക്കം പ്രതികളായതിനാൽ ലീഗ്‌ നേതാവിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തി. ആറ്‌ മാസക്കാലാവധിയിൽ ഒരു കോടി 70 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. പണമില്ലാത്തിനാൽ ചെക്ക്‌ മടങ്ങി. ഒമ്പതുവർഷം പിന്നാലെ നടന്നിട്ടും തുക കിട്ടാത്തതിനാൽ 2019 ഡിസംബറിൽ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയെന്നും ഹനീഫ പറഞ്ഞു. പുതിയ സാഹചര്യത്തിൽ മർജാൻ ഗോൾഡ്‌ കവർച്ചകൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന്‌  മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരിക്കുകയാണ്‌ ഇദ്ദേഹം.

‘മരിച്ച മകന്റെ ഇൻഷുറൻസ്‌ തുകയും തട്ടി’

‘‘അപകടത്തിൽ മരിച്ച മകന്‌ കിട്ടിയ പണമാണ്‌ അവർ കൊണ്ടുപോയത്‌’’–- കാഞ്ഞങ്ങാട്‌ ഇട്ടമ്മലിലെ ഫിറോസ്‌ഖാൻ‌ സങ്കടത്തോടെ പറഞ്ഞു. മകൻ മരിച്ചപ്പോൾ ലഭിച്ച  ഇൻഷുറൻസ്‌ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ലഭിച്ച തുകയും ചേർത്ത്‌ നാലുലക്ഷമാണ്‌ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറിയിൽ നിക്ഷേപിച്ചത്‌.

2015ലാണ്‌ മകൻ മുഹമ്മദ്‌ ഫമീസ്‌ വാഹനാപകടത്തിൽ മരിച്ചത്‌. അവന്റെ പേരിൽ ലഭിച്ച പണം നഷ്ടപ്പെടരുത്‌ എന്നാണ്‌ ആഗ്രഹിച്ചത്‌. മാസ വരുമാനമാകുമല്ലോ എന്ന വാക്കിൽ വീണാണ്‌ ജ്വല്ലറിയിൽ നിക്ഷേപിച്ചത്‌.  പെയിന്റിങ് ജോലിക്കിടെ വീണ്‌ കടുത്ത നടുവേദനകാരണം ജോലിക്ക്‌ പോകാനാവാതെവന്നപ്പോൾ  ജ്വല്ലറി എംഡി ടി കെ പൂക്കോയതങ്ങളെയും ഖമറുദ്ദീനിനെയും പണത്തിനായി സമീപിച്ചു. മാസങ്ങളായി അവരുടെ വീടുകൾ കയറിയിറങ്ങുകയാണെന്ന്‌ ഫിറോസ്‌ഖാൻ‌ പറഞ്ഞു.

‘നേതാവിനെ‌ വിശ്വസിച്ചു പോയി’

‘‘മുസ്ലിംലീഗ്‌ പ്രവർത്തകനായ ഞാൻ നേതാവിന്റെ വാക്ക്‌ വിശ്വസിച്ച്‌ 2008–-ൽ  പത്ത്‌ ലക്ഷമാണ്‌ നൽകിയത്‌. അതിൽ നാലുലക്ഷം സുഹൃത്തിന്റേതായിരുന്നു. അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന എന്റെ വീട്ടിൽ വന്നാണ്‌ പണം നിക്ഷേപിക്കാൻ  എംഡി ടി കെ പൂക്കോയതങ്ങൾ  നിർബന്ധിച്ചത്‌’’–-ജമാൽ എന്ന പ്രവാസി പറഞ്ഞു.

ജ്വല്ലറി പൂട്ടിയപ്പോൾ പണം തിരികെ ചോദിച്ചു. അവരുടെ ആളുകൾ വന്നു നിരുത്സാഹപ്പെടുത്തി. കേസിന്‌ പോയാൽ നടപടിയാകാൻ മാസങ്ങളെടുക്കുമെന്നും നിക്ഷേപം വാങ്ങിത്തരാമെന്നും പറഞ്ഞതിനാലാണ്‌ പരാതി നൽകാതിരുന്നത്‌–- ജമാൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top