19 April Friday
കപ്പൽനിർമാണം, അറ്റകുറ്റപ്പണി എന്നീ രണ്ട് മേഖലയിലും ഒരുപോലെ മികവു പുലർത്തുന്ന അപൂർവം കമ്പനികളിലൊന്നാണ് സിഎസ്എൽ

കപ്പല്‍പ്പണിയുടെ ഹബ്ബാകാൻ കൊച്ചി ; ഐലൻഡിൽ വരുന്നു, ഷിപ് ലിഫ്റ്റ് യാർഡ്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

വില്ലിങ്ഡൺ ഐലൻഡിൽ ഷിപ് ലിഫ്റ്റ് യാർഡിന്റെ നിർമാണം പുരോഗമിക്കുന്നു


കൊച്ചി
കപ്പൽ നിർമാണ, അറ്റകുറ്റപ്പണി മേഖലയിൽ കൊച്ചി കപ്പൽശാലയുടെ (സിഎസ്എൽ) ആ​ഗോളസാന്നിധ്യം ശക്തമാക്കി കൊച്ചിയെ കപ്പൽ അറ്റകുറ്റപ്പണിയുടെ ഹബ്ബാക്കി മാറ്റുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ‌. 50 വർഷം പിന്നിടുന്ന കപ്പൽശാലയുടെ വിജയ‍‌യാത്ര, കേരളത്തിൽ ഒന്നും നടക്കില്ലെന്നു പറയുന്നവർക്കുള്ള മറുപടിയാണെന്നും ചെയർമാൻ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ടേക്ക്‌ ഓഫ് കേരള മീറ്റ ദ പ്രസ് പരമ്പരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിൽനിന്നും ജനങ്ങളിൽനിന്നും ലഭിച്ച പിന്തുണയാണ് കപ്പൽശാലയെ മുന്നോട്ടുനയിച്ചത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്ത് നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറി. 1990കളുടെ തുടക്കത്തിൽ 150 കോടിയുടെ നഷ്ടം നേരിട്ട കപ്പൽശാല ഇന്ന് 4400 കോടി രൂപ നേട്ടത്തിലാണ്.

ഇപ്പോൾ 2800 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കപ്പൽശാലയിൽ നടക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ 3000 തൊഴിലവസരംകൂടി സൃഷ്ടിക്കപ്പെടും. വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ ഏഴ് യൂണിറ്റുണ്ട്. കൊച്ചിയിൽമാത്രം ദിവസം 9000 പേർ ജോലി ചെയ്യുന്നു. കപ്പൽനിർമാണം, അറ്റകുറ്റപ്പണി എന്നീ രണ്ട് മേഖലയിലും ഒരുപോലെ മികവു പുലർത്തുന്ന അപൂർവ കമ്പനികളിലൊന്നാണ് സിഎസ്എൽ. പ്രതിരോധമേഖലയിലും ഇതരവിഭാ​ഗങ്ങളിലും സാന്നിധ്യം ശക്തമാണ്.

അഞ്ചുവർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. പുതിയ വിമാനവാഹിനിക്കപ്പൽ നിർമിക്കാൻ കൊച്ചി കപ്പൽശാലയ്ക്ക് പരമാവധി എട്ടുവർഷം മതി. പ്രതിരോധമേഖലയിൽനിന്ന്‌ ഏകദേശം 16,500 കോടി രൂപയുടെ കപ്പൽനിർമാണ ഓർഡറുകൾ ലഭിച്ചു. ജർമനിയിൽനിന്ന് എട്ടു കപ്പലുകൾക്ക് ഓർഡർ എത്തി. യൂറോപ്പിൽനിന്ന്‌ കൂടുതൽ ഓർഡറുകൾക്ക്‌ ചർച്ച നടക്കുകയാണ്. പുതിയ സാങ്കേതികവിദ്യകൾ ഉപയോ​ഗപ്പെടുത്തി ബിസിനസ് വിപുലീകരിക്കാൻ ഐഐഎം കോഴിക്കോടുമായി ധാരണയിലെത്തി. ഐഐടി മദ്രാസുമായി  ഉടൻ ധാരണപത്രം ഒപ്പിടുമെന്നും സിഎംഡി പറഞ്ഞു.

ഐലൻഡിൽ വരുന്നു, ഷിപ് ലിഫ്റ്റ് യാർഡ്
വില്ലിങ്ഡൺ ഐലൻഡിൽ കൊച്ചി കപ്പൽശാലയുടെ പുതിയ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം (ഐഎഫ്ആർഎഫ്) നിർമാണത്തി​ന്റെ അവസാനഘട്ടത്തില്‍. കപ്പലുകൾ ഉയർത്തിവച്ച് അറ്റകുറ്റപ്പണി ചെയ്യാൻ 970 കോടി രൂപയുടെ ഷിപ് ലിഫ്റ്റ് യാർഡ് 2023 ഡിസംബറിൽ കമീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചി തുറമുഖ അതോറിറ്റിയിൽനിന്ന്‌ 30 വർഷത്തേക്ക്‌ പാട്ടത്തിനെടുത്ത 42 ഏക്കറിലാണ് പദ്ധതി വരുന്നത്. പരമാവധി 130 മീറ്റർ നീളവും 25 മീറ്റർ വീതിയും 6000 ടൺ ഭാരവുമുള്ള ഇടത്തരം കപ്പലുകളുടെ അറ്റകുറ്റപ്പണിയാണ് ഇവിടെ ലക്ഷ്യമിടുന്നത്. നാവികസേന, തീരസംരക്ഷണ സേന തുടങ്ങിയവയുടെ കപ്പലുകളും ഇവിടെ കൈകാര്യം ചെയ്യാനാകും.

ആറു കപ്പലുകൾ ഒരേസമയം ഉയർത്തിവച്ച് (ലിഫ്റ്റ് ചെയ്ത്) അറ്റകുറ്റപ്പണി നടത്താവുന്ന 1.5 കിലോമീറ്റർ  ബർത്തുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. നോർവീജിയൻ കമ്പനിയിൽനിന്നാണ് ഷിപ് ലിഫ്റ്റ് എത്തുന്നത്. അതി​ന്റെ ഉപകരണങ്ങൾ എത്തി. പ്ലാറ്റ്‌ഫോം വിയറ്റ്നാമിൽ തയ്യാറായി. അത് കൊച്ചിയിൽ എത്തുന്നതോടെ പദ്ധതി പൂർത്തിയാകുമെന്നും 77 ശതമാനം നിർമാണവും പൂർത്തിയായെന്നും കപ്പൽശാല സിഎംഡി പറഞ്ഞു. ഒരു മാരിടൈം പാർക്കും സജ്ജമാക്കുന്നുണ്ട്.

നിലവിൽ കപ്പൽശാലയിൽ വർഷത്തിൽ 100 കപ്പലുകളുടെ അറ്റകുറ്റപ്പണിയാണ് ചെയ്യന്നത്. ലിഫ്റ്റ് ഷിപ്‌യാർഡിൽ 82 കപ്പലുകൾകൂടി ചെയ്യാനാകും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ അറ്റകുറ്റപ്പണികേന്ദ്രമായി സിഎസ്എൽ മാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top