26 April Friday

കൊച്ചിൻ ബാരക്ക് സബോട്ടേജ് ; ബ്രിട്ടീഷുകാരെ പൊള്ളിച്ച തീ

എസ്‌ രാമചന്ദ്രൻUpdated: Friday Aug 12, 2022

ബ്രിട്ടീഷ് സേനാ ബാരക്ക് ഉണ്ടായിരുന്ന ഇടം നാവികസേനയുടെ ഐഎൻഎസ് ദ്രോണാചാര്യ മാരിടൈം മ്യൂസിയമാക്കിയപ്പോൾ


മട്ടാഞ്ചേരി
സ്വാതന്ത്ര്യസമരകാലത്ത് സമരപോരാളികളിൽ ആവേശമുയർത്തിയ സംഭവമായിരുന്നു ഫോർട്ട് കൊച്ചി സൈനിക ബാരക്ക് തീവയ്‌പ്. കൊച്ചിൻ ബാരക്ക് സബോട്ടേജ് എന്ന് ബ്രിട്ടീഷുകാർ പേരുനൽകിയ തീവയ്‌പ് 1943ലെ ആഗസ്‌ത്‌ ഇരുപത്തേഴിനായിരുന്നു നടന്നത്‌.  ഫോർട്ട് കൊച്ചിയിലെ 501 കോസ്റ്റൽ ആർട്ടിലറി ആർമി ക്യാമ്പിലേക്ക്‌ വിപ്ലവകാരികളായ മൂന്ന്‌ യുവാക്കൾ നുഴഞ്ഞുകയറി ബാരക്കിന് തീകൊളുത്തി.ആർമി ക്യാമ്പിലെ സെൻട്രി ഡ്യൂട്ടിക്കാരായ ബംഗാൾ റെജിമെന്റിലെ ചില സൈനികരുടെ സഹായത്തോടെയായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച സംഭവം.

നിലവിൽ നാവിക പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യ സ്ഥിതിചെയ്യുന്നിടത്തായിരുന്നു മിലിട്ടറി ക്യാമ്പ്. അനുമതിയില്ലാതെ ആരെയും കയറ്റിവിടാത്ത ക്യാമ്പിൽ രാത്രി ഒന്നുകഴിഞ്ഞാൽ ബംഗാൾ റെജിമെന്റിലെ സൈനികരെയാണ് കാവലിനായി നിയമിച്ചിരുന്നത്. ഇവർക്ക്‌ സ്വാതന്ത്ര്യപോരാട്ടങ്ങളോട്‌ ആഭിമുഖ്യമുണ്ടായിരുന്നു. 27ന് പുലർച്ചെ രണ്ടോടെ കാവലിലുണ്ടായിരുന്നവർ, മൂന്നുപേരെ  ക്യാമ്പിലേക്ക് കടത്തിവിട്ടു. ബ്രിട്ടീഷ് സൈനികർ ഉറങ്ങുന്ന അവസരം മുതലെടുത്ത് ഇവർ ബാരക്കിന് തീകൊളുത്തി. കടൽക്കാറ്റും ആഞ്ഞുവീശിയതോടെ തീ അതിവേഗം ക്യാമ്പിലേക്ക് പടർന്നു. ക്യാമ്പിൽ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകൾ കത്തിയമർന്നു. സംഭവത്തിനുശേഷം മൂവർസംഘം ബ്രിട്ടീഷ് കൊച്ചിയുടെ അതിർത്തിയിലുള്ള തോട് നീന്തി കൊച്ചിരാജ്യത്തേക്ക് കടന്നു. സംഭവം രാജ്യത്തെ വിമോചനപ്പോരാളികളെ ഒന്നാകെ ആവേശംകൊള്ളിച്ചു.

രോഷാകുലരായ ബ്രിട്ടീഷ് പട്ടാളം ഫോർട്ട് കൊച്ചിയിൽ അഴിഞ്ഞാടി. നിരപരാധികളായ യുവാക്കളെ വീടുകൾ കയറി തല്ലിച്ചതച്ചു. സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ബംഗാൾ റെജിമെന്റിലെ അഞ്ചുപേരെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന്‌ ആരോപിച്ച് കോർട്ട് മാർഷൽ ചെയ്ത് മദിരാശിയിലേക്ക് കൊണ്ടുപോയി. തീവയ്‌പിന്‌ ഒരുമാസം തികഞ്ഞ സെപ്തംബർ 27ന് അഞ്ചുപേരെയും സേന വെടിവച്ചുകൊന്നു. ബസു താക്കൂർ മാൻകുമാർ, നരേന്ദ്ര മോഹൻ മുഖർജി, നന്ദകുമാർ, ദുർഗാദാസ്റായി ചരൺ, സുനിൽകുമാർ മുഖർജി എന്നിവരാണ് വധശിക്ഷയ്‌ക്ക് വിധേയരായത്. 21 മുതൽ 24 വയസ്സുവരെയുള്ളവരാണ്‌ രക്തസാക്ഷിത്വം വരിച്ചത്‌. വധശിക്ഷ നടപ്പാക്കിയ ദിവസം ബംഗാളി വിപ്ലവഗാനം ആലപിച്ചായിരുന്നു കൊച്ചിയിലെ യുവാക്കൾ സ്വാതന്ത്ര്യസമരാവേശം ഏറ്റുവാങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top