29 March Friday

എറണാകുളം നോര്‍ത്തിലെ കൊലപാതകം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


കൊച്ചി
എറണാകുളം ടൗൺ ഹാളിനുസമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ച കേസിൽ പ്രതിക്കായി എറണാകുളം സെൻട്രൽ പൊലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിനായാണ് ‌(38) അന്വേഷണം ഊർജിതമാക്കിയത്. മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്‌. ഡിസംബറിൽ പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്കുസമീപം ഒറ്റയ്ക്ക്‌ താമസിച്ച വീട്ടമ്മയെ തലയ്ക്കടിച്ച്‌ പരിക്കേൽപ്പിച്ച്‌ പണവും സ്വർണവും കവർന്ന കേസിൽ ജയിലിലായിരുന്നു. ഈ കേസിൽ അടുത്തിടെയാണ്‌ ജാമ്യത്തിലിറങ്ങിയത്‌.

കൊല്ലം നീണ്ടകര മേരിലാൻഡിൽ നെൽസന്റെ മകൻ എഡിസണാണ്‌ (35) മദ്യക്കുപ്പിക്കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. ബുധൻ രാത്രി ഒമ്പതിന് എറണാകുളം നോർത്ത് പാലത്തിനുസമീപമാണ്‌ സംഭവം. നോർത്തിലെ ആനന്ദ് ബിഹാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും പ്രതി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ എഡിസൺ ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞുവീണു. 10 മിനിറ്റോളം ഹോട്ടലിനുമുമ്പിൽ ഇയാൾ രക്തംവാർന്ന്‌ കിടന്നു. സംഭവശേഷം സമീപത്തെ ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി തന്റെ സാധനങ്ങൾ എടുത്ത്‌ കടന്നു. പൊലീസ്‌ മുറി പരിശോധിച്ചപ്പോൾ കിട്ടിയ ആധാർ കാർഡിൽനിന്നാണ്‌ പ്രതിയുടെ വിവരങ്ങൾ ലഭിച്ചത്‌. നോർത്ത് പാലത്തിനടുത്തുള്ള ക്രിമിനൽ പരുന്ത് ഹാരിസിന്റെ വീട്ടിലാണ് ഇയാൾ താമസിക്കുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്‌. എഡിസന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി വ്യാഴം വൈകിട്ടോടെ ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top