20 April Saturday
ഇന്ന്‌ ലോക ഗജദിനം

ആനക്കാര്യം അത്ര പന്തിയല്ല

സി എ പ്രേമചന്ദ്രൻUpdated: Friday Aug 12, 2022


തൃശൂർ
കാട്‌ അടക്കി വാഴുന്നവരാണ്‌ ആനകൾ. എന്നാൽ കേരളത്തിലെ കാടുകളിലെ ആനക്കാര്യം ഇപ്പോൾ അത്ര പന്തിയല്ല എന്നാണ്‌ കണക്ക്‌ പറയുന്നത്‌. വംശനാശ ഭീഷണിയുള്ള ജീവികളുടെ റെഡ്‌ ഡേറ്റാ ബുക്കിൽ ഇടംപിടിച്ച ഈ വിഭാഗത്തെ കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിക്കുന്നതായാണ്‌ വിവരം. പ്രകൃതിക്ഷോഭവും,ഭക്ഷണക്ഷാമവും പ്രകൃതിയിൽ നിന്ന്‌ ലഭിക്കുന്ന സൂക്ഷ്‌മ മൂലകങ്ങളുടെ ലഭ്യതക്കുറവും മൂലം പല രോഗങ്ങളും ഇവയിൽ തിരിച്ചുവരുന്നു.

രോഗം ബാധിച്ച്‌ ചരിയുന്ന ആനകളും കാടുകളിൽ കൂടുകയാണ്‌. ഒപ്പം പ്രത്യുൽപ്പാദന ശേഷിയിൽ കുറവുണ്ടായതും അപകടകരമാണ്‌. ആനകളുടെ നാശത്തിന്‌ വേഗം കൂട്ടുന്ന ഘടകങ്ങളാണ്‌ ഇവയെന്ന്‌ വെറ്ററിനറി സർവകലാശാലയിലെ ആന ചികിത്സാ വിദഗ്‌ധൻ ഡോ. ടി എസ്‌ രാജീവ്‌ പറഞ്ഞു. കേരളത്തിലെ വനങ്ങളിൽ  ആറായിരം ആനകളുണ്ടെന്നാണ്‌ പുതിയ കണക്ക്‌. പത്ത്‌ വർഷത്തിനിടെ 500 എണ്ണത്തിൽ കുറവുണ്ടായതായും വിവരമുണ്ട്‌. വനനശീകരണവും കാടുകൈയേറ്റവും മൂലം ആനത്താരകളടക്കം നഷ്ടമായതും പ്രതികൂലഘടകമാണ്‌.
നാട്ടാനയും കുറയുന്നു

2018ൽ  വനം വകുപ്പിന്റെ കണക്കനുസരിച്ച്  കേരളത്തിൽ  521  നാട്ടാന ഉണ്ടായിരുന്നു. 2022ൽ ഇത്‌  448 ആയി ചുരുങ്ങി. 2021ൽ മാത്രം 29 നാട്ടാനയാണ്‌  ചരിഞ്ഞത്‌. നിലവിലുള്ളവയിൽ ഭൂരിഭാഗവും 40 വയസ്സിന് മുകളിലാണ്. 70  വയസ്സുവരെയാണ് പരമാവതി ആയുർദൈർഘ്യം. കർണാടകത്തിലെയും  തമിഴ്‌നാട്ടിലെയും ആനക്കൊട്ടിലുകളിൽ പ്രസവം നടക്കുന്നുണ്ട്‌. നിയമ തടസ്സങ്ങൾ മാറ്റി  ക്യാപ്‌റ്റീവ് എലിഫെന്റ്‌ ബ്രീഡിങ്ങ് പ്രോഗ്രാമിന്‌  കേരളവും  രൂപം നൽകണമെന്ന്‌ ആന ഗവേഷകൻ മാർഷൽ സി രാധാകൃഷ്‌ണൻ പറഞ്ഞു. വടക്കാഞ്ചേരി ചിറ്റണ്ടയിൽ ആന സംരക്ഷണ കേന്ദ്രത്തിൽ  ആനപ്രജനന കേന്ദ്രം പദ്ധതിയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top