26 April Friday
കേന്ദ്ര അനുമതി വൈകുന്നു

തൃക്കാക്കരയിലേക്ക്‌ മെട്രോ: 
നടപടികൾ അതിവേഗം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

സീപോർട്ട് – എയർപോർട്ട് റോഡിൽ ചിറ്റേത്തുകര ഭാഗത്ത് മെട്രോ നിർമാണത്തിനു മുന്നോടിയായി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടിയ നിലയിൽ


കൊച്ചി
തൃക്കാക്കരയിൽനിന്ന്‌ കൊച്ചി നഗരമധ്യത്തിലേക്കുള്ള യാത്രാദൂരം നിമിഷങ്ങളിലേക്കു ചുരുക്കുന്ന കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം എത്രയുംവേഗം നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ അനുമതി എത്ര വൈകിപ്പിക്കാമോ എന്ന പരീക്ഷണത്തിലാണ്‌ കേന്ദ്രസർക്കാരും ബിജെപിയും. എന്നിട്ടും കേന്ദ്രസർക്കാരിനെതിരെ ഒരക്ഷരംപറയാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തയ്യാറല്ല. സ്ഥലം എംപിയെക്കൊണ്ട്‌ സമ്മർദം ചെലുത്താനും തയ്യാറല്ല. പകരം, രണ്ടാംഘട്ട അനുമതിക്കായി സംസ്ഥാന സർക്കാർ എന്തുചെയ്‌തുവെന്നാണ്‌ കഴിഞ്ഞദിവസം സതീശൻ ചോദിച്ചത്‌. 

അനുമതി ഫയൽ പൂഴ്ത്തി കേന്ദ്രം; തെളിവായി രേഖകൾ
ഒന്നാംഘട്ടം പൂർണമായും കമീഷൻ ചെയ്യുംമുമ്പുതന്നെ പിണറായി സർക്കാർ  രണ്ടാംഘട്ടത്തിനുള്ള നടപടികൾ ആരംഭിച്ചതിന്‌ മെട്രോ റെയിൽ രേഖകൾ തെളിവ്. 11.2 കിലോമീറ്റർ ദൂരത്തിനിടയിൽ 11 സ്‌റ്റേഷനുകളുള്ള പദ്ധതിക്ക്‌ 2019ൽ കേന്ദ്രം തത്വത്തിൽ അനുമതി നൽകുകയും ചെയ്‌തു.  2020 മാർച്ച്‌ 13ന്‌ ചേർന്ന കേന്ദ്ര പൊതുമേഖലാ നിക്ഷേപ ബോർഡും പദ്ധതി അംഗീകരിച്ചു. ഉടനെ കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി ഫയൽ തയ്യാറാക്കി. എന്നാൽ, ആ ഫയൽ പിന്നെ അനങ്ങിയില്ല. 2021 കേന്ദ്രബജറ്റിൽ 1957.05 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന്‌ പ്രഖ്യാപനം വന്നു. 338.75 കോടി രൂപമാത്രമാണ്‌ കേന്ദ്രവിഹിതം. ബാക്കിത്തുക സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതാണെങ്കിലും അനുമതി ലഭിച്ചാൽ എത്രയുംവേഗം പണം കണ്ടെത്തി നിർമാണം തുടങ്ങാമെന്ന നിലപാടിലാണ്‌ സംസ്ഥാന സർക്കാർ.

സ്ഥലമേറ്റെടുക്കൽ അതിവേഗംഅനുമതി ലഭിച്ചാൽ ഉടൻ പണി ആരംഭിക്കാൻ കഴിയുംവിധം സംസ്ഥാന സർക്കാർ സ്
ഥലമേറ്റെടുക്കലും നിലവിലെ റോഡിനു വീതികൂട്ടലും നടപ്പാക്കുകയാണ്‌. സീപോർട്ട്‌–-എയർപോർട്ട്‌ റോഡിൽ കാക്കനാടുമുതൽ ഇൻഫോപാർക്കുവരെ വീതികൂട്ടൽ ആരംഭിച്ചു. പാലാരിവട്ടംമുതൽ കാക്കനാടുവരെയുള്ള റോഡിനു വീതികൂട്ടാൻ രണ്ട്‌ വില്ലേജുകളിൽ പൂർണമായി സ്ഥലം ഏറ്റെടുത്തു. കാക്കനാട്‌ വില്ലേജിലെ വാഴക്കാലമുതൽ ഇൻഫോപാർക്കുവരെ ഏറ്റെടുക്കേണ്ട 50 സെന്റ്‌ ഏറ്റെടുത്തു. ഭൂ ഉടമകൾക്ക്‌ 14.34 കോടി രൂപ നഷ്ടപരിഹാരം നൽകി. ഇടപ്പള്ളി വില്ലേജിലെ രണ്ടേക്കർ ഭൂമി ഏറ്റെടുക്കുന്നതും പൂർത്തിയായി. 124 കോടി രൂപ ഇവിടെയും ഭൂ ഉടമകൾക്ക്‌ നൽകി. വാഴക്കാല വില്ലേജിൽ 168 പേരുടെ എട്ടരയേക്കർ ഭൂമി ഏറ്റെടുക്കാനുള്ളതിൽ 68 പേരുടെ ഭൂമി, നഷ്ടപരിഹാരം നൽകി ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top