28 March Thursday

ദാമ്പത്യ ബലാത്സംഗം കുറ്റകരമോ ; വ്യത്യസ്‌ത വിധികളുമായി 
ജഡ്‌ജിമാർ

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


ന്യൂഡൽഹി
ഭര്‍ത്താവ് ഭാര്യയെ ബലാത്സം​ഗംചെയ്യുന്നത് കുറ്റകരമാക്കുന്നതില്‍ പരസ്പരവിരുദ്ധമായ വിധിപ്രസ്താവവുമായി ഡൽഹി ഹൈക്കോടതി ജഡ്‌ജിമാർ. ഐപിസി 375–-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ്‌ പ്രകാരം ബലാത്സംഗക്കുറ്റത്തിൽനിന്ന്‌ ഭർത്താവിന്‌ സംരക്ഷണം നൽകുന്നത് ഭരണഘടനാവിരുദ്ധമെന്ന് ജസ്റ്റിസ്‌ രാജീവ് ശക്ധർ വിധിയെഴുതിയപ്പോള്‍  ഭർത്താവ്‌ അടിച്ചേൽപ്പിക്കുന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാകില്ലെന്ന് ജസ്റ്റിസ്‌ സി ഹരിശങ്കർ വിയോജിപ്പ് രേഖപ്പെടുത്തി.

അഖിലേന്ത്യ ജനധിപത്യ മഹിളാ അസോസിയേഷനടക്കമുള്ള കക്ഷികളാണ്‌ ദാമ്പത്യ ബലാത്സംഗം കുറ്റകരമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌. ഫെബ്രുവരി 21ന്‌ വിധി പറയുമെന്ന്‌ നേരത്തേ അറിയിച്ചിരുന്നെങ്കിലും പുതുക്കിയ നിലപാട്‌ അറിയിക്കാൻ സമയം വേണമെന്ന കേന്ദ്ര ആവശ്യം പരിഗണിച്ച്‌ വിധി നീട്ടുകയായിരുന്നു. വിഷയത്തിൽ വിശാലമായ നിയമപ്രശ്‌നങ്ങളുണ്ടെന്നതിൽ യോജിപ്പ് രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച്‌ ഹർജിക്കാര്‍ക്ക് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ അനുമതി നല്‍കി.

രണ്ടാം ഉപവകുപ്പ്‌ ഭരണഘടന പ്രദാനം ചെയ്യുന്ന നിയമത്തിനു മുന്നിലുള്ള സമത്വമെന്ന തത്വം മുൻനിർത്തിയാണ് ജസ്‌റ്റിസ്‌ രാജീവ് ശക്ധർ റദ്ദാക്കിയത്. എന്നാല്‍  ഭരണഘടന ലംഘനമില്ലന്നും ഉഭയസമ്മതത്തോടെയല്ലാത്ത ലൈംഗീക ബന്ധത്തെ ബലാത്സംഗമായി കണാനാകില്ലന്നുമാണ്‌ സി ഹരിശങ്കർ വിധിന്യായത്തിൽ എഴുതിയത്‌. കേസിൽ അമിക്കസ്‌ ക്യൂറിമാരായിരുന്ന മുതിർന്ന അഭിഭാഷകർ റെബേക്ക ജോൺ, രാജശേഖർ റാവു എന്നിവർ വകുപ്പ്‌ റദ്ദാക്കണമെന്നാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.

സംസ്ഥാനങ്ങളുമായും മറ്റുകക്ഷികളുമായും ആശയവിനിമയം നടക്കുകയാണെന്നും തീരുമാനം വരുംമുമ്പ്‌ വിധിയുണ്ടാകരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർഥിച്ചു. എന്നാൽ,  ഇനിയും നീട്ടാനാകില്ലന്ന്‌  കോടതി പറഞ്ഞു. ഉപവകുപ്പ്‌ റദ്ദാക്കിയാൽ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഭാര്യക്ക്‌ ബലാത്സംഗമെന്നു തോന്നുന്നത്‌ മറ്റുള്ളവർക്ക്‌ അങ്ങനെയല്ലെന്നുമാണ്‌ കേന്ദ്രം 2017ൽ സത്യവാങ്മൂലം സമർപ്പിച്ചത്‌. റിപ്പോർട്ട്‌ ചെയ്യപ്പെടാതെ പോകുന്ന  ദാമ്പത്യ ബലാത്സംഗമാണ്‌ സ്‌ത്രീകൾക്കെതിരെയുള്ള ഏറ്റവും വലിയ ക്രൂരതയെന്ന്‌ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top