19 April Friday

കോവിഡിനെ അതിജീവിച്ച കാസർകോട്‌ വീണ്ടും പോരാട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020

ഞായറാഴ്‌ചയായിരുന്നു ആ സന്തോഷ നിമിഷം. 178 രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കിവിട്ട വാർത്തയ്‌ക്ക്‌ പക്ഷെ, 24 മണിക്കൂറിന്റെ ആയുസ്സ്‌ മാത്രം. മുംബൈയിൽ നിന്ന്‌ വന്ന നാലുപേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചതോടെ, വൈറസിനെതിരായ ജില്ലയുടെ ജനകീയ പോരാട്ടം തുടരുകയാണ്‌. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ജില്ലയിലെ വിദ്യാർഥിക്ക്‌ ഫെബ്രുവരി മൂന്നിന്‌ രോഗം സ്ഥിരീകരിച്ചപ്പോൾതന്നെ ജില്ലാ അധികൃതർ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഫെബ്രുവരി16ന്‌ ഇയാൾ രോഗമുക്തി നേടി  ആശുപത്രി വിട്ടു.

കോർ കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദുബായിൽനിന്നെത്തിയ കളനാട്‌ സ്വദേശിക്ക്‌ മാർച്ച്‌ 17ന്‌ രോഗം സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കമുള്ള ബന്ധുക്കൾക്കും രോഗബാധ. ജില്ലയിൽ രോഗികളുടെ എണ്ണം അടിക്കടി ഉയർന്നു.  തുടർന്ന്‌ ജില്ലയെ പത്തനംതിട്ടയ്‌ക്കൊപ്പം  ഹോട്ട്‌സ്‌പോട്ട്‌ ആയി പ്രഖ്യപിച്ചു. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലുമുണ്ടായി. സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചു. കാസർകോട്‌ ജനറൽ ആശുപത്രി കോവിഡ്‌ ആശുപത്രിയാക്കി.  ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു.  കാസർകോട്‌ ഗവ. മെഡിക്കൽ കോളേജിലെ  അക്കാദമിക്ക്‌ ബ്ലോക്ക്‌ ഒരാഴ്‌ചയ്‌ക്കകം കോവിഡ്‌ ആശുപത്രിയാക്കി മാറ്റി. ഇതരജില്ലകളിൽ നിന്ന്‌   വിദഗ്‌ധ സംഘവും ചികിത്സയ്‌ക്കായി എത്തി.

പൂട്ടി ട്രിപ്പിൾ പൂട്ടിലൂടെ
സമൂഹ വ്യാപനം തടയാൻ  പൊലീസിന്റെ ശക്തമായ വിന്യാസമാണ്‌ ജില്ലയിലുണ്ടായത്‌. രണ്ട്‌ ഐജിമാർ, മൂന്ന്‌ എസ്‌പിമാർ എന്നിവരുടെ നേതൃത്വത്തിൽ 1500 പൊലീസുകാരെ വിന്യസിച്ചു.  രോഗികൾ കൂടുതലുള്ള രണ്ട്‌ നഗരസഭകളിലും പഞ്ചായത്തുകളിലും ഡബിൾ ലോക്ക്‌ഡൗണും ട്രിപ്പിൾ ലോക്ക്‌ഡൗണും ഏർപ്പാടാക്കി.  നിരീക്ഷിക്കാൻ പൊലീസിന്റെ പ്രത്യേക ആപ്പ്‌.  അവശ്യ സാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാൻ പൊലീസിന്റെ സഹായം.

എപ്രിൽ നാലുമുതൽ രോഗമുക്തിയുടെയും ആശ്വാസത്തിന്റെയും ദിനങ്ങളായിരുന്നു ജില്ലയ്‌ക്ക്‌. കാസർകോട്‌ ജനറൽ ആശുപത്രയിൽ 89 പേരും കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ 43 പേരും കാസർകോട്‌ മെഡിക്കൽ കോളേജിൽ 24 പേരും ചികിത്സയിലൂടെ രോഗമുക്തരായി. ജില്ലയിലെ 20 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും രണ്ടുപേർ കോഴിക്കോട്‌ മെഡിക്കൽ കോളേജിലും രോഗമുക്തി നേടി. 

വെല്ലുവിളി അവസാനിക്കുന്നില്ല
കർണാടകയോട്‌ ചേർന്നു നിൽക്കുന്ന പ്രദേശങ്ങളിലുള്ളവർ മുംബൈ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ വ്യാപാര ബന്ധമുള്ളവരാണ്‌. അവർ ജീവൻ വാരിപ്പിടിച്ച്‌ മടങ്ങി വരികയാണ്‌. വരുന്ന പ്രദേശങ്ങളെല്ലാം റെഡ്‌ സോൺ. സൂചനകൾ കണ്ടു തുടങ്ങി. നാലുപേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇനിയും കൂടുതൽ രോഗികളെയും പ്രതീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top