03 December Sunday

മഞ്ചേശ്വരം കോഴക്കേസ് : കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023


കാസർകോട്
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ചൊവ്വാഴ്‌ച കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണം. നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ട്‌ പ്രതികൾക്ക്‌ കോടതി നോട്ടീസ്‌ നൽകിയിട്ടുണ്ട്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്.
 കെ സുരേന്ദ്രൻ ഒന്നാം പ്രതിയാണ്‌. സുരേന്ദ്രന്റെ ചീഫ്‌ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌  അഡ്വ. കെ  ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ. ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌.

ബിഎസ്‌ പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ്‌ കേസെടുത്തത്‌. കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എസ്‌ സി–-  എസ് ടി അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാകുറ്റമടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top