06 July Sunday

ഇറാനിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ ദുബായിലെത്തി ; ഉടൻ നാട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023


ചിറയിൻകീഴ്
സമുദ്രാതിർത്തി ലംഘിച്ചതിന്‌ ഇറാൻ പൊലീസ്‌ പിടികൂടി തടവിൽ പാർപ്പിച്ച മലയാളികളടക്കമുള്ള സംഘം മോചിതരായി. അഞ്ചുതെങ്ങിലെ അഞ്ചുപേരടക്കം 11 മത്സ്യത്തൊഴിലാളികളാണ്‌ മോചിതരായി ദുബായിൽ തിരികെയെത്തിയത്‌. അജ്മാനിൽനിന്ന് ജൂൺ 18ന് വൈകിട്ട് മത്സ്യബന്ധനത്തിന് പോകവെയാണ്‌ ഇവർ ഇറാന്റെ പിടിയിൽ തടവിലായത്‌. ദുബായ് അജ്മാനിലെത്തിയ സംഘം ഒരാഴ്ചയ്‌ക്കകം നാട്ടിലെത്തും.
അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോർജ് (54), മാമ്പള്ളി ആരോഗ്യ രാജ് (43), ഓലുവിളാകം ഡെന്നിസൺ പൗലോസ് (48), കായിക്കര കുളങ്ങര പടിഞ്ഞാറിൽ സ്റ്റാലിൻ വാഷിങ്ടൺ (44), മാമ്പള്ളി പുതുമണൽ പുരയിടത്തിൽ എൽ ഡിക്സൺ (46) എന്നിവരും കൊല്ലം പരവൂർ സ്വദേശികളായ ഷമീർ, ഷാഹുൽ ഹമീദ്, തമിഴ്നാട് സ്വദേശികളായ മൂന്നുപേരുമടക്കം 11 പേരെയാണ് വിട്ടയച്ചത്‌.

ജൂൺ 18ന് ഇറാൻ പൊലീസിന്റെ പിടിയിലായ ഇവരെ ജൂലൈ 31ന് ജയിലിൽനിന്ന്‌ ഇറാൻ സർക്കാർ മോചിപ്പിച്ചെങ്കിലും ബോട്ട് ഉടമയായ അറബി അബ്ദുൾ റഹ്മാന്റ മോചനവും മറ്റ് നടപടി ക്രമങ്ങളും വൈകിയതിനാൽ ദുബായിൽ എത്താനായിരുന്നില്ല.ഇവരുടെ പാസ്പോർട്ടും മറ്റു രേഖകളും അജ്മാനിലെ താമസ സ്ഥലത്തായിരുന്നു. മത്സ്യത്തൊഴിലാളികൾ ഇറാൻ ജയിലിലായ വിവരം ജൂൺ 19 നാണ് നാട്ടിലറിഞ്ഞത്. തുടർന്ന് സിപിഐ എം നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രന്റെയും ആർ ജറാൾഡിന്റെയും നേതൃത്വത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകി.

മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലാവശ്യപ്പെടുകയും തൊഴിലാളികളുമായി ബന്ധപ്പെടാൻ നോർക്ക റൂട്ട്സിന് നിർദേശം നൽകുകയും ചെയ്തു. തുടർന്നാണ് മോചനം സാധ്യമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top