25 April Thursday

ട്രെയിൻ റദ്ദാക്കൽ: പ്രതിഷേധം വ്യാപകം

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


ജനശതാബ്‌ദി ഉൾപ്പെടെയുള്ള മൂന്ന്‌ പ്രത്യേക ട്രെയിൻ റദ്ദാക്കുന്നതിൽസംസ്ഥാനത്ത്‌ വ്യാപക പ്രതിഷേധം.   ദീർഘദൂര യാത്രക്കാർ ആശ്രയിക്കുന്ന പ്രധാനപ്പെട്ട മൂന്ന്‌ ട്രെയിനാണ്‌ ശനിയാഴ്‌ചമുതൽ റദ്ദാക്കുന്നത്‌.  ബോർഡ്‌ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന ‌റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരൻ റെയിൽവേ മന്ത്രിക്ക്‌ കത്തയച്ചു. വിവിധ പാസഞ്ചർ അസോസിയേഷനുകളും റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു.

2075, 2076 തിരുവനന്തപുരം–-കോഴിക്കോട്‌ ജനശതാബ്‌ദി, 2081, 2082 കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്‌ദി, 6301, 6302 എറണാകുളം –-തിരുവനന്തപുരം ട്രിവാൻഡ്രം എക്‌സ്‌പ്രസ്‌ എന്നിവയാണ്‌ റദ്ദാക്കുന്നത്‌.  2365, 2366 പറ്റ്‌ന–-റാഞ്ചി സ്‌പെഷ്യൽ, 2067, 2068 ഗുവഹട്ടി–-ജോർഹട്ട്‌, 2021, 2022 ബറാബിൽ–-ഹൗറ, 2437, 2438 സെക്കന്ദരാബാദ്‌–-ന്യൂഡൽഹി ട്രെയിനുകളും ശനിയാഴ്‌ച മുതലില്ല.  തീരുമാനം കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ യാത്ര ചെയ്യുന്ന നിരവധി പേരെ വലയ്‌ക്കും. തലസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക്‌ ചികിത്സയ്‌ക്കും മറ്റ്‌ ആവശ്യങ്ങൾക്കുമായി വരുന്നവരും ഈ ട്രെയിനുകളെയാണ്‌ ആശ്രയിച്ചിരുന്നത്‌.  കൊങ്കൺ പാതയിൽ നിർമാണപ്രവർത്തനങ്ങൾ തുടരുന്നതിനാൽ തിരുവനന്തപുരം–-ന്യൂഡൽഹി രാജധാനിയും നേത്രാവതി എക്‌സ്‌പ്രസും 15 വരെ റദ്ദാക്കി‌.

യാത്രക്കാർ കുറയുന്നത്‌ സ്‌റ്റോപ്പ്‌ കുറഞ്ഞതിനാൽ
കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിക്കാത്തതിനാലാണ്‌ ട്രെയിനിൽ യാത്രക്കാർ കുറയുന്നതെന്ന്‌ റെയിൽവേ പാസഞ്ചർ അസോസിയേഷൻ. തിരക്കുള്ള  സ്‌റ്റേഷനുകളിൽ അധിക സ്‌റ്റോപ്പ്‌ അനുവദിക്കണം. കൂടുതൽ സ്‌റ്റോപ്പുകളോടെ ട്രെയിൻ സർവീസ്‌ തുടരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകൾ വേണം: ജി സുധാകരൻ
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ  കൂടുതൽ ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്ന്‌ മന്ത്രി ജി സുധാകരൻ ആവശ്യപ്പെട്ടു. പരിമിതമായ യാത്രാ സൗകര്യമുള്ള ഈ സമയത്ത് നിലവിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കരുത്‌. ദീർഘദൂര ബസ് സർവീസുകൾ പൂർണമായും ആരംഭിക്കാത്ത സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും മന്ത്രി ജി സുധാകരൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top