26 April Friday

സജ്ജരാകാം ; വരാനിരിക്കുന്നത്‌ കടുത്ത നാളുകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


തിരുവനന്തപുരം
കോവിഡ്‌ പ്രതിരോധത്തിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത്‌ കടുത്ത നാളുകളെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. അടച്ചുപൂട്ടൽ ദിനങ്ങൾ അവസാനിക്കുകയാണ്‌. 21 മുതൽ എല്ലാ മേഖലയും തുറക്കും. ഇതോടെ രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകും. മരണം കൂടിയേക്കാം. പ്രായമുള്ളവരിലേക്ക്‌ കോവിഡ്‌ പടർന്നാൽ നിലവിലുള്ള വെന്റിലേറ്ററുകൾ തികയാതെ വരും. സംസ്ഥാനത്ത്‌ ആവശ്യത്തിന്‌ കോവിഡ്‌ ആശുപത്രികൾ, പ്രഥമതല ചികിത്സാ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്‌. ഐസിയു സംവിധാനങ്ങളും കൂടുതൽ ഒരുക്കി‌. എത്ര രോഗികൾ ഉണ്ടായാലും റോഡിൽ കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

നിലവിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളം. അയൽ സംസ്ഥാനങ്ങളുടെ മരണനിരക്കിന്‌ ആനുപാതികമായി സംസ്ഥാനത്തുണ്ടായിരുന്നെങ്കിൽ ആയിരങ്ങൾ മരിക്കുമായിരുന്നു. വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്ക്‌ സംരക്ഷണ സമ്പർക്കവിലക്ക്‌ ഏർപ്പെടുത്തിയാണ് മരണനിരക്ക്‌ 0.4 ശതമാനമായി ചുരുക്കിനിർത്തിയത്‌.  നിലവിൽ സംസ്ഥാനത്തെ കോവിഡ്‌ മരണങ്ങളിൽ 90 ശതമാനവും അറുപതിന്‌ മുകളിൽ പ്രായമുള്ളവരാണ്‌.  തുടർച്ചയായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ ക്ഷീണിതരായിട്ടുണ്ട്‌.  അടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം. ഒത്തൊരുമിച്ച്‌ പ്രവർത്തിച്ചാൽ ഈ വെല്ലുവിളിയെയും അതിജീവിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 

എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെയും എറണാകുളം റീജ്യണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ ആധുനിക കോവിഡ് പരിശോധനാ സംവിധാനത്തിന്റെയും ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top