25 April Thursday
മരണം വ്യാപിക്കണം എന്നാരും ആഗ്രഹിക്കരുത്‌

നമുക്ക്‌ മാത്രമായി കവചകുണ്ഡലങ്ങളില്ല ; സമരംചെയ്യുന്നവർ നാടിനെക്കുറിച്ച്‌ ആലോചിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


നമുക്ക്‌ മാത്രമായി പ്രതിരോധത്തിന്റെ കവചകുണ്ഡലങ്ങളില്ലെന്ന് കോവിഡ്‌ നിയന്ത്രണങ്ങൾ ലംഘിച്ച്‌ തെരുവിലിറങ്ങുന്നവർ ഓർക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ മരണം വ്യാപിക്കണം എന്നാരും ആഗ്രഹിക്കാൻ പാടില്ല. കോവിഡ്‌ പ്രോട്ടോകോളൊന്നും തങ്ങൾക്ക്‌ ബാധകമല്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഒരു നേതൃനിരതന്നെ സമരത്തിലേക്ക്‌ വരുന്നതിന്റെ അർഥമെന്താണ്‌.

സമരം ചെയ്യാനുള്ള ആരുടെയും അവകാശത്തെ ചോദ്യംചെയ്യുന്നില്ല. പക്ഷേ, ഒരു മഹാമാരി നമ്മളെ ആക്രമിക്കുകയാണ്‌. ഇത്തരം സമരങ്ങൾ നടത്തുന്നവർ നാടിന്റെ അവസ്ഥ കണക്കിലെടുക്കണം. അല്ലെങ്കിൽ പ്രത്യാഘാതം വലുതാകും. സുരക്ഷാ മുൻകരുതലുകളെയും നിയന്ത്രണങ്ങളെയും കൂട്ടാക്കാതെയുള്ള സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നൽകുന്നതും കുറ്റകരമാണെന്ന് ഓർക്കണം.

സൂപ്പർസ്‌പ്രെഡ്‌ വലിയതോതിൽ വരുന്നു
അടുത്ത ഘട്ടത്തിലേക്ക്‌ പോയാൽ വളരെ പ്രതിസന്ധിയാകും. തീരദേശ മേഖലയിൽ അത്യന്തം ഉൽക്കണ്‌ഠയുണ്ട്‌. ഇതിലും മോശമായ അവസ്ഥയുണ്ടായ രാജ്യങ്ങൾ പിടിച്ചുനിന്നത്‌ ഒന്നിച്ചു നിന്നതുകൊണ്ടാണ്‌. നമുക്കതിന്‌ കഴിയുമെന്ന്‌ നേരത്തേ തെളിയിച്ചതാണ്‌. സുനാമി വന്ന ഘട്ടത്തിൽ പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ്‌ പ്രക്ഷോഭമാകെ നിർത്തിവച്ച്‌ ദുരിതാശ്വാസവുമായി സഹകരിച്ചു. മനുഷ്യസ്‌നേഹപരമായി ചിന്തിക്കുന്ന ഏത്‌ പ്രസ്ഥാനവും സ്വീകരിക്കുന്ന നിലപാടാണിത്‌. വളരെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വികസിത രാജ്യങ്ങളിൽവരെ കോവിഡ്‌ വ്യാപത്തിന്റെ ദുരവസ്ഥ നാം കണ്ടതാണ്‌. കിടക്കയില്ലാതെ വന്നു. വെന്റിലേറ്ററുകൾ ലഭ്യമല്ലാതായി.

ആശുപത്രികൾ രോഗകേന്ദ്രങ്ങളായി. ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും രോഗം ബാധിച്ച്‌ മരിച്ചു. മൃതദേഹങ്ങൾ കുഴിച്ചിടാൻപോലും ബുദ്ധിമുട്ടായി. മറ്റിടങ്ങളിലെ കാഴ്‌ചകളുടെ ചെറിയ ഭാഗം ഇവിടെ വന്നാൽ എന്തായിരിക്കും സ്ഥിതിയെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു.

വ്യാജവാർത്ത സൃഷ്ടിക്കുന്നത്‌ മാധ്യമ നൈതികതയല്ല
പൂന്തുറയിൽ ജനങ്ങളെ തെരുവിലിറക്കിയത് സർക്കാരിനോട് ചേർന്ന് നിൽക്കുന്നവരാണെന്ന് പ്രചരിപ്പിക്കാൻ ഒരുപത്രം വ്യാജവാർത്ത നൽകിയത്‌ മാധ്യമ നൈതികതയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിത്രം സഹിതമുള്ള വ്യാജവാർത്ത കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും സോദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെ മോശക്കാരായി ചിത്രീകരിക്കാനുമാണ്.

പൂന്തുറ പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ്‌ സോണായ ഘട്ടത്തിൽ ചില കുത്സിത ശക്തികൾ അഭ്യൂഹം പരത്തി ജനങ്ങളെ തെരുവിലിറക്കി. സത്യാവസ്ഥ ബോധിപ്പിക്കാൻ പുരോഹിതന്മാരുടെയും പ്രാദേശിക നേതാക്കളുടെയും സഹായവും സർക്കാർ തേടി. ഇടതുപക്ഷ പ്രവർത്തകരായ ബെയ്‌ലിദാസും ബേബി മാത്യുവും ഉൾപ്പെടെ മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധപ്രവർത്തകരും ഉണ്ടായിരുന്നു.

അപ്പോൾ എടുത്ത ദൃശ്യങ്ങളിൽനിന്ന് പുരോഹിതരെയും പൊലീസിനെയും അടർത്തി മാറ്റിയാണ്‌ വ്യാജവാർത്ത നൽകിയത്‌. കോവിഡ് ഭീതിയിൽ അല്ലാത്തപ്പോൾ പോലും ചെയ്യുവാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

മാസ്‌ക്‌ ധരിച്ചാൽ എല്ലാമായെന്ന്‌ കരുതരുത്‌
മാസ്ക് ധരിച്ചതുകൊണ്ട് എല്ലാമായെന്ന്‌ കരുതരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ മാസ്ക് ധരിച്ചതുകൊണ്ട് ഗുണവുമുണ്ടാകില്ല.

ശാരീരിക അകലം പാലിക്കുക, കൈകൾ നിരന്തരം വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നീ മൂന്നു കാര്യങ്ങളും ഒരേ സമയം പാലിച്ചാലേ രോഗത്തെ പ്രതിരോധിക്കാനാകൂ. രോഗവ്യാപനതോത് കുറയ്ക്കാൻ ഇതേ മാർഗമുള്ളൂ. ബ്രേക്ക്‌ ദ ചെയിൻ പ്രചാരണം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും ശാരീരിക അകലം കർശനമായി പാലിക്കാനും തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചു.

തീരദേശത്ത് ശ്രദ്ധയോടെയുള്ള ഇടപെടൽ ആവശ്യം
തീരദേശത്ത് കൂടുതൽ ശ്രദ്ധകൊടുക്കേണ്ടി വന്നത് ആരുടെയും കുറ്റംകൊണ്ടല്ലെന്നും ആളുകൾ തമ്മിൽ കൂടുതൽ ഇടപഴകുന്ന അവസ്ഥ അവിടെയുള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറെ ശ്രദ്ധയോടെയുള്ള ഇടപെടലാണ് ആവശ്യം. ദൈനംദിനം കടലിൽ പോയി ജീവനോപാധി കണ്ടെത്തുന്ന സഹോദരങ്ങൾ കോവിഡ് നിയന്ത്രണംമൂലം വിഷമിക്കുകയാണ്. അവർക്ക് ആകാവുന്ന സഹായങ്ങളെല്ലാം നൽകേണ്ട ഘട്ടമാണ്‌.
മഹാപ്രളയം നേരിട്ടപ്പോൾ എല്ലാം മറന്ന് സ്വയം കേരളത്തിന്റെ സൈന്യമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് തീരദേശത്ത് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top