20 April Saturday

ശ്രീനിവാസൻ വധം: അറസ്റ്റിലായ ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ ജിഷാദുമായി തെളിവെടുപ്പ് നടത്തും

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

ശ്രീനിവാസൻ വധക്കേസിൽ അറസ‍്റ്റിലായ എസ്‌ഡിപിഐ പ്രവർത്തകനും ഫയർമാനുമായ ജിഷാദ്‌

പാലക്കാട്> ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ ജിഷാദുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.  തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി ജിഷാദിനെ റിമാൻഡ് ചെയ്യും. ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ശ്രീനിവാസൻ കൊല്ലപ്പെടുംമുമ്പ് ആർഎസ്എസ് പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കാൻ ജോലിക്കിടയിലും ജിഷാദ് പങ്കെടുത്തെന്ന് പൊലീസ് പറയുന്നു. സുബൈർ കൊല്ലപ്പെട്ട ദിവസം വൈകിട്ട് നാലോടെ കൊല്ലങ്കോട്ടെ ആർഎസ്എസ് പ്രവർത്തകരുടെ പേരുകൾ ഗൂഢാലോചന സംഘത്തിന് കൈമാറി. പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ജോലിക്കിടയിൽനിന്ന് അക്രമിസംഘത്തോടൊപ്പം ചേർന്നു. പിറ്റേന്ന് രാവിലെ 10ന്‌ മറ്റൊരു പ്രതിയുമൊത്ത് കൊല്ലങ്കോടുള്ള ആർഎസ്എസ് പ്രവർത്തകനെ തിരഞ്ഞു. ഇയാളുടെ സ്ഥാപനം അടഞ്ഞുകിടന്നതിനാൽ തിരികെ വന്നു. അപ്പോഴേക്കും ശ്രീനിവാസന്റെ പേര് കൊലയാളിസംഘം തയ്യാറാക്കി.

2017 ബാച്ചിൽ സർവീസിൽ കയറിയ ജിഷാദ് 2008 മുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. ജില്ലാ– സംസ്ഥാന നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. നേതാക്കൾക്ക് പുറത്തുനിന്നുള്ള വിവരങ്ങൾ എത്തിച്ചുനൽകുന്നതാണ് ഇയാളുടെ സംഘടനാ പ്രവർത്തനം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതോടെ ഇയാളെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തേക്കും.

നവംബർ 15ന്‌ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ വധത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന്‌ പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സഞ്‌ജിത്ത്‌ വീട്ടിൽനിന്ന്‌ മാറി ഒളിവിൽ കഴിയുന്നതും ഭാര്യയോടൊപ്പം ഇയാൾ സഞ്ചരിക്കുന്ന സമയവും റൂട്ടും മനസ്സിലാക്കി പോപ്പുലർ ഫ്രണ്ട്‌ നേതൃത്വത്തെ അറിയിച്ചതും ജിഷാദാണ്‌. റിമാൻഡ്‌ ചെയ്‌തശേഷം ജയിലിലെത്തി സഞ്‌ജിത്ത്‌ വധക്കേസിൽ അറസ്‌റ്റ്‌ രേഖപ്പെടുത്തി കസ്‌റ്റഡിയിൽ വാങ്ങുമെന്ന്‌ പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top