25 April Thursday

സഖാവ് ജയിക്കുന്നതുവരെ ഞങ്ങൾക്ക‌് ഊണും ഉറക്കവുമില്ല

എസ‌് രാമചന്ദ്രൻUpdated: Thursday Apr 11, 2019


മട്ടാഞ്ചേരി
കൂടെയുണ്ടാവില്ലേ എന്ന രാജീവിന്റെ ചോദ്യത്തിന‌്, സഖാവ് ജയിക്കുന്നതുവരെ ഞങ്ങൾക്ക‌് ഊണും ഉറക്കവുമില്ലെന്നായിരുന്നു തോപ്പുംപടി ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ മറുപടി. എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ കൊച്ചി മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തിന് ബുധനാഴ‌്ച ഹാർബറിൽ തുടക്കം കുറിച്ചപ്പോൾ കണ്ടത‌് കടലോളം സ‌്നേഹം കരുതലും. ജോലിത്തിരക്കുകൾക്കിടയിലും പ്രിയ നേതാവിനെ സ്വീകരിക്കാനും ഒപ്പം സെൽഫിയെടുക്കാനും തൊഴിലാളികൾ മത്സരിച്ചു.

അജന്ത ജങ‌്ഷനിൽ രാജീവെത്തുമ്പോൾ മോഡി ഭരണത്തിന്റെ പ്രത്യാഘാതങ്ങൾ വിവരിച്ച‌് തൃപ്പൂണിത്തുറ സ്വദേശി ജി രാജേന്ദ്രന്റെ ഓട്ടം തുള്ളൽ അരങ്ങുതകർക്കുകയായിരുന്നു. ചുവപ്പ് മുണ്ടും രാജീവിന്റെ ഛായാചിത്രം ആലേഖനം ചെയ്ത ടി ഷർട്ടുകളും അണിഞ്ഞ‌് യുവാക്കൾ നേതൃത്വം നൽകിയ ബൈക്ക് റാലിയുടെ അകമ്പടി പര്യടനത്തെ വർണാഭമാക്കി. സ്റ്റാച്യു പാർക്കിൽ അജിത്ത് സുന്ദറെന്ന ഏഴ് വയസ്സുകാരൻ രാജീവിന് നൽകിയത് അവൻ വളർത്തിയ ഫൈറ്റർ ഫിഷിനെയാണ്. മത്സ്യഭവനിലെ സ്വീകരണത്തിനിടയിൽ ആർഎൽവി വിദ്യാർഥി അശ്വിൻ പ്രിയ നേതാവിന‌് ഛായാചിത്രം സമ്മാനിച്ചു.

മുല്ലപ്പറമ്പിൽവച്ച് ഫോർട്ട്‌കൊച്ചി വെളി സ്വദേശിനി സെൽവി ഭട്ട്  സ്ഥാനാർഥിക്ക് നൽകിയത‌് തേൻ മിഠായിയും കപ്പലണ്ടി മിഠായിയും.
‘സേവ് എൻവയോൺമെന്റ് ഇലക്ട് രാജീവ്’ ആലേഖനം ചെയ്ത കോട്ടൺ സഞ്ചികളുമായാണ് അമ്മൻകോവിലിൽ മഹിളാ അസോസിയേഷൻ താമരപ്പറമ്പ് യൂണിറ്റിലെ പ്രവർത്തകർ രാജീവിനെ സ്വീകരിച്ചത്. ആറുമാസം പ്രായമുള്ള ഇരട്ടകുട്ടികളായ ആരാധ്യയെയും അഥർവിനെയും ഒക്കത്തേറ്റിയാണ‌് അഭിലാഷ്–- ഗ്രീഷ്മ ദമ്പതികൾ പഴശ്ശിരാജാ വായനശാലയ‌്ക്ക് സമീപത്തെ സ്വീകരണകേന്ദ്രത്തിൽ രാജീവിനെ കാത്തുനിന്നത‌്.  ഇരുകുട്ടികളെ രാജീവ് നെഞ്ചോട് ചേർത്തു.

കെപിഎസിയുടെ മുൻ നാടക അഭിനേത്രി ബീയാട്രീസ് കൂവപ്പാടം ശാന്തി നഗറിൽ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയിരുന്നു. ചെറളായി മഞ്ഞ ഭഗവതി അമ്പലത്തിന് സമീപം നൽകിയ സ്വീകരണത്തിൽ ഒളിപറമ്പിൽ താമസിക്കുന്ന നാരായണൻ, രാജു എന്നിവരുടെ കുടുംബങ്ങൾ സ്വീകരണകേന്ദ്രത്തിൽ എത്തി. പി രാജീവ് സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കേ ഈ രണ്ട് കുടുംബങ്ങൾക്കും കനിവ് പദ്ധതിയിൽ വീട് നിർമിച്ചുനൽകിയിരുന്നു.

പാണ്ടിക്കുഴി, ചൂലേഴം, മാവേലി സോമിൽ, സൗത്ത് മൂലങ്കുഴി, പപ്പങ്ങമുക്ക്, രാമേശ്വരം കോളനി, പട്ടമാക്കൽ കപ്പലണ്ടി മുക്ക്, ചക്കാമാടം, പള്ളിയറക്കാവ്, മുറുക്കുത്തറ കോളനി, ശാന്തിനഗർ കോളനി, ചെറളായി, കരിപ്പാലം, കോമ്പാറമുക്ക്, മാളിയേക്കപ്പറമ്പ്, ചെറളായിക്കടവ്, അധികാരവളപ്പ്, തുണ്ടിപ്പറമ്പ്, എന്നിവിടങ്ങളിലും രാജീവ് പര്യടനം നടത്തി.

എസ‌് ആർ പി ഇന്ന‌് മണ്ഡലത്തിൽ
കൊച്ചി
എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള വ്യാഴാഴ‌്ച മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. രാവിലെ 10ന‌് കളമശേരി കരുമാല്ലൂരിലും നാലിന‌് എറണാകുളം കുന്നുംപുറത്തും ആറിന‌് ഇടപ്പള്ളിയിലുമാണ‌് യോഗങ്ങൾ. മന്ത്രി കെ കൃഷ‌്ണൻകുട്ടി നാലിന‌് എറണാകുളം കുന്നുംപുറത്തും ആറിന‌് ഇടപ്പള്ളിയിലും സംസാരിക്കും.

പി രാജീവ‌് ഇന്ന‌് വൈപ്പിനില്‍
കൊച്ചി
പി രാജീവ് വ്യാഴാഴ‌്ച വൈപ്പിൻ മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തും. എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം മേഖലകളിൽ രാവിലെ മുതൽ രാത്രി എട്ടുവരെയാണ‌് പര്യടനം. രാവിലെ ഏഴിന് എളങ്കുന്നപ്പുഴ ബസ് സ്റ്റോപ്പിന്  സമീപത്തുനിന്ന് ആരംഭിക്കുന്ന പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നായരമ്പലം ഒന്നാം വാർഡ് വിശ്വഭാരതി അങ്കണവാടിക്ക് സമീപം സമാപിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top