25 April Thursday

വാനോളം വാസവൻ; എൽഡിഎഫ‌് കൂടുതൽ ജനങ്ങളിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

കോട്ടയം
തെരഞ്ഞെടുപ്പ‌ു പ്രചാരണരംഗം മുറുകിയതോടെ കോട്ടയം ലോക‌്സഭാ മണ്ഡലത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കി എൽഡിഎഫ‌് കൂടുതൽ ജനങ്ങളിലേക്ക‌്. നിയോജകമണ്ഡലങ്ങളിൽ ബൂത്തുകൾ തോറും സന്ദർശിച്ച‌് ജനങ്ങളെ ആവേശഭരിതരാക്കി സ്ഥാനാർഥി വി എൻ വാസവന്റെ പര്യടനം മുന്നേറുമ്പോൾ ഒപ്പം തെരഞ്ഞെടുപ്പ‌് രാഷ‌്ട്രീയം വിശദീകരിച്ച‌് വിവിധ സ‌്ക്വാഡുകൾ വീടുകൾ സന്ദർശിച്ച‌് മുഴുവൻ വോട്ടർമാരെയും നേരിൽകണ്ട‌് വിജയമുറപ്പാക്കുകയാണ‌്. വനിതകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന‌് പ്രവർത്തകരാണ‌് വി എൻ വാസവന്റെ വിജയത്തിനായി പ്രയത്നിക്കുന്നത‌്. 

പ്രചാരണം പുരോഗമിക്കുമ്പോൾ വിജയതരംഗമാണ‌് എവിടെയും. സ്ഥാനാർഥി വി എൻ വാസവൻ എതിർ സ്ഥാനാർഥികളെ പിന്തള്ളി ബഹുദൂരം മുന്നിലാണ‌്. സ്വീകരണ പര്യടനങ്ങൾ ജനകീയ സമ്മേളന വേദികളായി മാറുന്നു. ഓരോ മണ്ഡലത്തിലും പതിനായിരങ്ങൾ സ്വീകരിക്കാൻ എത്തുന്നു. വഴിയോരങ്ങളിൽ കാത്തുനിന്നും സ്വീകരണ കേന്ദ്രങ്ങളിലെത്തിയും ആളുകളുടെ സ‌്നേഹാഭിവാദ്യം. വീട്ടിലെത്തിയ അതിഥിയെ സ്വീകരിക്കുന്നതുപോലെ പഴങ്ങൾനൽകിയാണ‌് വരവേൽപ്പ‌്.  സ്വീകരണങ്ങളിൽ ചിലർ രക്തഹാരം ചാർത്തി. മറ്റു ചിലർ കൊന്നപ്പൂക്കളും റോസാ പുഷ‌്പങ്ങളും പൊന്നാടയും നൽകി. പച്ചക്കറികളും പഴക്കുലയും കരിക്കിൻകുലയും സമ്മാനിക്കുന്നു. പാലായിൽ എത്തിയപ്പോൾ റബർ ഷീറ്റ‌് നൽകി കർഷകർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. തലയോലപ്പറമ്പ‌് ടൗണിൽ  കൂറ്റൻ റോസാപ്പൂമാല ചാർത്തി. പാലായിൽ വിളക്കുംമരുത‌ിൽ എത്തിയപ്പോൾ തെരഞ്ഞെടുപ്പ‌് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ കൂറ്റൻ ശിൽപം സമ്മാനിച്ചു. വി എൻ വാസവൻ ജനഹൃദയങ്ങളിൽ ഇടംപിടിക്കുന്നതിന്റെ നേർസാക്ഷ്യമായി സ്വീകരണങ്ങൾ. നഗര–-ഗ്രാമ ഭേദമന്യേ എല്ലായിടത്തും വർധിതമായ സ്വീകാര്യത.
പ്രചാരണങ്ങളിലുമുണ്ട‌് വൈവിധ്യമേറെ. മെടഞ്ഞ ഓലയിൽ വാസവന്റെ ചിത്രവും തെരഞ്ഞെടുപ്പുചിഹ്നവും പതിച്ച‌് വൈക്കം വടയാറിൽ നാട്ടുകാർ ഒപ്പം ചേരുമ്പോൾ പ്രധാന പാതയോരങ്ങളിൽ കൊയ‌്ത്തുകഴിഞ്ഞ പാടശേഖരങ്ങൾക്കുനടുവിൽ കൂറ്റൻ ബോർഡ‌് സ്ഥാപിച്ച‌് ജനശ്രദ്ധ ആകർഷിക്കുന്നു. വാസവന്റെ ചിത്രം പതിച്ച ടീഷർട്ടുകളാണ‌് യുവാക്കൾക്ക‌ിടയിലെ പുതിയ ട്രെൻഡ‌്.

ലോക‌്സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദശിച്ചശേഷമുള്ള പൊതുപര്യടനം പുരോഗമിക്കുകയാണ‌്. നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള രണ്ടാംഘട്ട സ്വീകരണ പര്യടനം തുടങ്ങിക്കഴിഞ്ഞു. എല്ലാ ബൂത്തുകളിലും എത്തി പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ‌് പരിശ്രമം. മണ്ഡലത്തിലുടനീളം നിറയെ വ്യക്തിബന്ധവും സൗഹൃദവുമുള്ള സ്ഥാനാർഥിക്ക‌് സന്ദർശനവേളയിൽ ആളുകൾ അകമഴിഞ്ഞ പിന്തുണയാണ‌് നൽകുന്നത‌്. സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത സാന്നിധ്യവും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നായകൻ കൂടിയായ വാസവന്റെ സാമീപ്യം അശരണർക്ക‌് ആശ്വാസം പകരുന്നു.  മണ്ഡലത്തിലെ കലാലയങ്ങളിലെല്ലാം ത്രസിപ്പിക്കുന്ന വരവേൽപ്പാണ‌് ലഭിക്കുന്നത‌്. വ്യവസായ സ്ഥാപനങ്ങളിലും മറ്റ‌് തൊഴിലിടങ്ങളിലും കാർഷിക മേഖലയിലും സ്ഥാനാർഥിക്ക‌് സ‌്നേഹനിർഭര വരവേൽപ്പ‌്. മീനച്ചൂടിനെ വെല്ലുന്ന ആവേശത്തോടെ പ്രവർത്തകർ പ്രചാരണത്തിൽ പങ്കാളികളാകുന്നു.  വാസവന്റെ ജനപ്രിയത തെളിയിക്കുന്ന കാഴ‌്ചകളാണ‌് പ്രചാരണ സ്ഥലങ്ങളിലെല്ലാം.

എന്റെ വോട്ട് വാസവന്
തലയോലപ്പറമ്പ്

താൻ നട്ടുവളർത്തിയ കദളിക്കുല നൽകിയ ലക്ഷ്മിക്കുട്ടിയമ്മക്ക് മറച്ചുവയ്ക്കാനായില്ല തന്റെ സന്തോഷം. ‘എന്റെ വോട്ട്  വാസവനാണ്’. അടച്ചുറപ്പുള്ള വീട് എന്ന തന്റെ സ്വപ‌്നം സിപിഐ എം ആണ‌് യാഥാർഥ്യമാക്കിയത‌്. തലയോപ്പറമ്പ് ലോക്കൽ കമ്മിറ്റിയാണ് വീട് നിർമിച്ച് നൽകുന്നത്. വീടിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. തുടർച്ചയായ അസുഖങ്ങളും മറ്റുമായി വലഞ്ഞ ലക്ഷ്മിക്കുട്ടിയമ്മക്കും വലിയൊരു കൈത്താങ്ങായിരുന്നു ഇത‌്. 

ഞങ്ങളെന്നും ഇടതുപക്ഷത്തിനൊപ്പമുണ്ടാകും. എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് സ്ഥീകരണം നൽകിയശേഷം ചക്കാലയിൽ ഫിലോമിനയുടെ മകൾ സബീന നിറകണ്ണുകളോടെ പറഞ്ഞു. പ്രളയത്തിൽ ഫിലോമിനയും മക്കളും താമസിച്ച വീട് പൂർണമായും തകർന്നു. സർക്കാരിന്റെ കെയർഹോം  പദ്ധതിയിൽപ്പെടുത്തി മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തീകരിച്ചു. ആ സ്നേഹവായ‌്പുകൾ അവരുടെ വാക്കുകളിൽ വ്യക്തമായിരുന്നു.

സ്വീകരണ കേന്ദ്രത്തിൽ എത്തിയ സരളക്ക്  പറയാൻ വാക്കുകളില്ലായിരുന്നു. അവരുടെ പുഞ്ചിരിയിൽ  സർക്കാർ തങ്ങൾക്കൊരുക്കിയ സുരക്ഷിതത്വത്തിന്റെ നന്ദി പ്രകാശിതമായിരുന്നു.  പ്രളയത്തിൽ വീട് തകർന്നപ്പോൾ വിധവയായ കളത്തൂർ വീട്ടിൽ സരളയും രണ്ട് പെൺമക്കളും ഇനി എങ്ങനെ ഒരു വീട് നിർമിക്കും എന്ന് അറിയാതെ മാനസികമായി തകർന്നു. ഇവർക്ക‌് കെയർഹോം  പദ്ധതിയിൽപ്പെടുത്തി വീട് നിർമിച്ചുനൽകി.

ഇറുമ്പയം വെട്ടേക്കലിൽ ലിസി സണ്ണി മക്കളുമായാണ്  സ്ഥാനാർഥിയുടെ സ്വീകരണത്തിനായി എത്തിച്ചേർന്നത്. സിപിഐ എം ഒരുക്കിയ സുരക്ഷിത ഭവനത്തിൽ കഴിയുന്ന ഇവർ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങളിലാണ്. വെള്ളൂർ ലോക്കൽ കമ്മിറ്റിയാണ് ഇവർക്ക് വീട് നിർമിച്ചുനൽകിയത്.

വാസവന്റെ സ്വീകരണ പര്യടനം 12 മുതൽ
കോട്ടയം
എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് സ്വീകരണ പര്യടന പരിപാടി 12 ന‌് പുനരാരംഭിക്കും. വെള്ളിയാഴ‌്ച പിറവം മണ്ഡലത്തിലാണ‌് സ്ഥാനാർഥി പര്യടനം നടത്തുക. 13 ന‌് ഏറ്റുമാനൂർ, 14 ന‌് പുതുപ്പള്ളി, 16 ന‌് കോട്ടയം, 17 ന‌് പാലാ, 20 ന‌് വൈകിട്ട‌് നാലുമുതൽ വൈക്കം മണ്ഡലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും.

ഏറ്റുമാനൂരിൽ 10 നാണ‌് പര്യടനം തീരുമാനിച്ചിരുന്നത‌്. മുൻ മന്ത്രി കെ എം മാണിയുടെ നിര്യാണത്തെത്തുടർന്നാണ‌് ഇത‌് മാറ്റിയത‌്. കഴിഞ്ഞ ദിവസം പര്യടനം ഒഴിവാക്കിയ പാലാ മണ്ഡലത്തിലെ കൊഴുവനാൽ, എലിക്കുളം പഞ്ചായത്തുകളിലും 17 ന‌് സ്ഥാനാർഥിക്ക‌് സ്വീകരണം നൽകും.

നാളെ പിറവം മണ്ഡലത്തിൽ
കൊച്ചി
കോട്ടയം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ പിറവം മണ്ഡല പര്യടനം വെള്ളിയാഴ‌്ച രാവിലെ എട്ടിന‌് ഇലഞ്ഞി പെരുമ്പടവത്ത‌്‌ ആരംഭിക്കും. തുടർന്ന‌് ഇലഞ്ഞി, പിറവം, മണീട‌്,  എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം എടയ‌്ക്കാട്ടുവയലിൽ സമാപിക്കും. ഇതോടെ പിറവം മണ്ഡലത്തിൽ സ്ഥാനാർഥിയുടെ പര്യടനത്തിന‌് സമാപനമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top