29 March Friday

ബീച്ച് ടൂറിസം കുതിക്കുന്നു ; 7 ജില്ലയിൽക്കൂടി ഒഴുകി നടക്കാം

എസ് കിരൺ ബാബുUpdated: Saturday Mar 11, 2023




തിരുവനന്തപുരം
ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒമ്പതു ജില്ലയിലെ പ്രധാന ബീച്ചുകളിൽ വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ വരുന്നു. കടൽത്തിരമാലകൾക്കു മുകളിലൂടെ 100 മീറ്ററോളം സഞ്ചരിക്കാവുന്ന തരത്തിലാണ് "ഒഴുകുന്ന പാലം' നിർമിക്കുന്നത്. കണ്ണൂരിലെ മുഴുപ്പിലങ്ങാട് ബീച്ചിലും കോഴിക്കോട്ടെ ബേപ്പൂരിലും  ബ്രിഡ്ജ് സ്ഥാപിച്ചു.

മറ്റ് ഏഴു ജില്ലയിൽ ബ്രിഡ്ജ് നിർമിക്കുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്നു. തിരുവനന്തപുരം അടിമലത്തുറ, കൊല്ലം തങ്കശേരി ഹെറിറ്റേജ് പ്രോജക്ട്, ആലപ്പുഴ മാരാരി,  എറണാകുളം കുഴുപ്പിള്ളി, തൃശൂർ ചാവക്കാട്,  മലപ്പുറം താനൂർ ഒട്ടുംപുറം, കാസർകോട് നീലേശ്വരം അഴിത്തല എന്നിവിടങ്ങളിലാണ് പുതിയ പാലം ഒരുക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ഇതോടെ തീരപ്രദേശമുള്ള എല്ലാ ജില്ലയിലും  ഫ്ലോട്ടിങ് ബ്രിഡ്ജുള്ള സംസ്ഥാനമായി കേരളം മാറും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡിടിപിസി) മേൽനോട്ടത്തിൽ സ്വകാര്യ സംരംഭകരാണ് പാലം നിർമിക്കുക.

"ഒഴുകുന്ന പാലം' 
നിർമാണം
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ - ഡെൻസിറ്റി പോളി എത്തിലീൻ (എച്ച്‌ഡിപിഇ) ബ്ലോക്കുകൾകൊണ്ടാണ് പാലം നിർമാണം. പാലത്തിനെ 700 കിലോഭാരമുള്ള നങ്കൂരങ്ങൾ ഉപയോഗിച്ച് ഉറപ്പിച്ചുനിർത്തി സുരക്ഷിതമാക്കും. മൂന്നുമീറ്റർ വീതിയിൽ രണ്ടുഭാഗത്തും  കൈവരിയുണ്ടാകും. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴു മീറ്റർ വീതിയിലും സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമുണ്ട്. ഇവിടെനിന്നുള്ള കടൽക്കാഴ്ച അതിമനോഹരമാണ്. ഒരു സമയം 100 പേർക്കുവരെ കയറാം. എല്ലാ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top