24 April Wednesday

പുലിക്കുട്ടികൾ സുരക്ഷിതർ ; തള്ളപ്പുലി ഒരുതവണ ക്യാമറയ്‌ക്കുമുന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


പാലക്കാട്
അകത്തേത്തറയിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് പുലിക്കുഞ്ഞുങ്ങളെ ലഭിച്ച സാഹചര്യത്തിൽ തള്ളപ്പുലിക്കായി കൂടൊരുക്കി വനംവകുപ്പ്. പപ്പാടിയിലെ വീട്ടുപരിസരത്ത് സ്ഥാപിച്ച കൂട്ടിൽ പുലിക്കുട്ടികളെ സൂക്ഷിച്ച കാർഡ്ബോർഡ് കൂടും അവയുടെ മൂത്രം നനഞ്ഞ തുണിയും വച്ചിട്ടുണ്ട്. തള്ളപ്പുലി മണംപിടിച്ചെക്കുമെന്ന പ്രതീക്ഷയിലാണിത്. പുലിയെ പിടികൂടി കുട്ടികൾക്കൊപ്പം കാടുകയറ്റാനാണ് തീരുമാനം.

തള്ളപ്പുലിയുടെ വരവ്‌ നിരീക്ഷിക്കാൻ ഞായറാഴ്ച സ്ഥാപിച്ച ക്യാമറ പരിശോധിച്ചു. ക്യാമറയ്‌ക്കു മുന്നിലൂടെ ഒരുതവണ പുലി കടന്നുപോയതായി കണ്ടെത്തി. കൂടിന് സമീപത്തേക്ക് പുലി എത്തിയില്ല. പുലിക്കുട്ടികൾ ആരോഗ്യത്തോടെ സുരക്ഷിതരെന്ന് പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് പറഞ്ഞു. വെറ്ററിനറി ഡോക്ടർ ഇടയ്ക്കിടെ പരിശോധിക്കുന്നുണ്ട്. മരുന്നും ഭക്ഷണവും നൽകുന്നുണ്ട്.  വീട്ടിനകത്ത്‌ സ്ഥാപിച്ചതിനുപുറമെ ഒരു കൂടുകൂടി വീട്ടുവളപ്പിൽ തിങ്കൾ രാത്രിയോടെ സ്ഥാപിച്ചു. മൂന്നു ദിവസംകൂടി തള്ളപ്പുലിക്കായി കാത്തിരിക്കും. പുലി കുടുങ്ങിയില്ലെങ്കിൽ  തുടർനടപടി തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
ഞായർ പകൽ ഒന്നോടെയാണ് അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിണി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ ഒരാഴ്ചയിൽ താഴെ പ്രായമുള്ള രണ്ട്‌ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്‌. ഇവയെ വനംവകുപ്പ് പാലക്കാട്‌ ഡിവിഷൻ ഓഫീസിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top