20 April Saturday

ആവോ ഭായ്... കുട്ടികളെ സ്കൂളിൽ വിട്

എ എസ് ജിബിനUpdated: Sunday Oct 10, 2021


കൊച്ചി
സ്കൂളിൽ പോകാത്ത ഇതരസംസ്ഥാനക്കാരായ കുട്ടികളെ കണ്ടെത്തി സ്കൂളിൽ ചേർത്ത് സമഗ്രശിക്ഷ കേരളം. രണ്ടുമാസത്തിനിടെ ജില്ലയിൽനിന്ന് സ്കൂളിൽ പോകാത്ത 40 ഇതരസംസ്ഥാന കുട്ടികളെയാണ് കണ്ടെത്തിയത്. ഇതുവരെ സ്കൂളിൽ പോകാത്ത 14 വയസ്സുകാരൻ ഉൾപ്പെടെയാണിത്. കണ്ടെത്തിയ 39 പേരെയും സ്കൂളിൽ ചേർത്തു. മൂവാറ്റുപുഴയിൽനിന്ന് വെള്ളിയാഴ്ച കണ്ടെത്തിയ കുട്ടിയെയാണ് ഇനി ചേർക്കാനുള്ളത്. തിങ്കളോടെ ഇവരേയും സ്കൂളിൽ ചേർക്കും.
ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ ബിആർസികളിൽ നിന്നാണ് കൂടുതൽ കുട്ടികളെ കണ്ടെത്തിയത്.

ഇതരസംസ്ഥാന കുട്ടികൾക്കായി സമ​ഗ്രശിക്ഷ കേരളം ഒരുക്കിയ പ്രത്യേക പഠനകേന്ദ്രങ്ങളിലെ വിദ്യാ വളന്റിയർമാർ നടത്തുന്ന നിരന്തര അന്വേഷണത്തിന്റെ   ഫലമായാണ് കുട്ടികളെ കണ്ടെത്താനായത്. ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികളെ നാല് ദിവസത്തിനുള്ളിൽ സ്കൂളിൽ ചേർക്കും. പ്രായത്തിനനുസരിച്ചാണ് ക്ലാസുകളിലേക്ക് പ്രവേശനം നൽകുന്നത്. പ്രത്യേക പഠനകേന്ദ്രത്തിൽ  ഇവര്‍ക്ക് ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസിനൊപ്പം  പ്രത്യേക പരിശീലനവും നൽകും. ഭാഷാ പോരായ്മ നികത്താനും പഠനനിലവാരം ഉയര്‍ത്താനും സാംസ്കാരിക വിടവ് ഇല്ലാതാക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്. സ്കൂൾ തുറന്നാൽ സമയക്രമത്തിൽ മാറ്റംവരുത്തി പ്രത്യേക പഠനകേന്ദ്രത്തിൽ പരിശീലനം നൽകുന്നത് തുടരും. സ്കൂളിൽ പോകാത്ത ഇതരസംസ്ഥാനക്കാരായ കുട്ടികളെ കണ്ടെത്തി സ്കൂളിൽ ചേർക്കാനായി ഏപ്രില്‍, മെയ് മാസങ്ങളില്‍ സമ​ഗ്രശിക്ഷ കേരളം വാർഷിക സർവേ നടത്തുന്നുണ്ട്. ഇത് കൂടാതെയാണ് വിദ്യാ വളന്റിയർമാരുടെ നേതൃത്വത്തിൽ നിരന്തര അന്വേഷണം നടത്തി കുട്ടികളെ കണ്ടെത്തുന്നതെന്ന് സമ​ഗ്രശിക്ഷ കേരളം ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍ ഉഷ മാനാട്ട് പറഞ്ഞു. വാര്‍ഷിക സര്‍വേ നടക്കുന്ന കാലയളവില്‍ മാത്രമല്ല ഇതരസംസ്ഥാനക്കാര്‍ കേരളത്തിലേക്കെത്തുന്നത്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്  അന്വേഷണത്തിലൂടെ കുട്ടികളെ കണ്ടെത്തുന്നതെന്നും അവര്‍ പറഞ്ഞു.

പ്രത്യേക പഠനകേന്ദ്രത്തിലെത്തുന്ന കുട്ടികള്‍ താമസിക്കുന്ന പ്രദേശങ്ങളിൽ ഇതരസംസ്ഥാനക്കാരായ കുട്ടികളെത്തിയാൽ ഇക്കാര്യം വിദ്യാ വളന്റിയർമാരെ അറിയിക്കും. ഉടൻ കുട്ടികളുടെ വീടുകളിലെത്തി മാതാപിതാക്കളെ ബോധവൽക്കരിച്ച് സ്കൂളിൽ ചേർക്കാനുള്ള നടപടികൾ ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top