26 April Friday

കാക്കനാട്‌ മയക്കുമരുന്ന്‌ കേസ്‌ : ചെന്നൈ ട്രിപ്ലിക്കെയ്‌നിലെ 2 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021


കൊച്ചി
കാക്കനാട്‌ മയക്കുമരുന്നുകേസിലെ പ്രധാന കണ്ണികളായ ചെന്നൈ ട്രിപ്ലിക്കെയ്‌നിലെ സ്‌ത്രീയെയും പുരുഷനെയും എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ തിരിച്ചറിഞ്ഞു. ഇവർ നിരീക്ഷണത്തിലാണെന്ന്‌ അസി. എക്‌സൈസ് കമീഷണർ ടി എം കാസിം പറഞ്ഞു. മയക്കുമരുന്നുകേസിൽ അറസ്‌റ്റിലായ പ്രതികളും ഇവരും തമ്മിൽ സംസാരിച്ചതിന്റെ ഫോൺകോൾ വിവരങ്ങൾ  കണ്ടെത്തിയിട്ടുണ്ട്‌. മയക്കുമരുന്ന്‌ വിൽപ്പനയ്‌ക്ക്‌ നേതൃത്വം നൽകിയവരിൽ പ്രധാനികളാണ്‌ ഇവരെന്നാണ്‌ സൂചന. ഇവരെ അറസ്‌റ്റ്‌ ചെയ്യാൻ തമിഴ്‌നാട്‌ പൊലീസിന്റെ സഹായം തേടും.

പ്രതികളുടെ ഫോൺവളി വിവരങ്ങളുടെ പരിശോധന അവസാനഘട്ടത്തിലാണ്‌. പ്രധാന പ്രതികളിലൊരാളായ ‘ടീച്ചർ’ എന്ന സുസ്‌മിത ഫിലിപ്പുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. എറണാകുളം, തൊടുപുഴ സ്വദേശികൾ ഈ പട്ടികയിലുണ്ട്‌. 

അതേസമയം, മയക്കുമരുന്നുസംഘം പരിശോധനയിൽനിന്ന്‌ രക്ഷപ്പെടാൻ ഉപയോഗിച്ച ലക്ഷങ്ങൾ വിലയുള്ള വിദേശ ഇനം നായ്‌ക്കളെ വാങ്ങിയ സ്ഥലത്ത്‌ ശനിയാഴ്‌ച പരിശോധന നടത്തി. ആലപ്പുഴയിൽനിന്നാണ്‌ അറുപതിനായിരത്തിലധികം രൂപ വിലവരുന്ന രണ്ട്‌ കനേ കോഴ്‌സോ ഇനത്തിലുള്ള നായ്‌ക്കളെ വാങ്ങിയത്‌. നായകളെ വിറ്റയാളെ കണ്ടെത്താനായിട്ടില്ല. മയക്കുമരുന്നുകടത്തിനിടെ പിടിച്ചാൽ പരിശോധകസംഘത്തെ നേരിടാനാണ്‌ ഇത്തരം നായകളെ ഒപ്പംകൂട്ടിയിരുന്നത്‌. ആക്രമണകാരിയായ റോട്ട്‌വീലർ ഉൾപ്പെടെ മൂന്ന്‌ നായ്‌ക്കളാണ്‌ സംഘത്തിനുണ്ടായിരുന്നത്‌. 

മിക്കവാറും രണ്ട്‌ സ്‌ത്രീകളടങ്ങിയ സംഘമാണ്‌ ചെന്നൈയിൽനിന്ന്‌ ആഡംബരകാറിൽ മയക്കുമരുന്ന്‌ എത്തിച്ചിരുന്നത്‌. വളർത്തുനായയുമായി കുടുംബമാണ്‌ കാറിലുള്ളതെന്ന്‌ തോന്നുന്നതിനാൽ ചെക്ക്‌പോസ്‌റ്റുകളിലും മറ്റും കർശന പരിശോധന മിക്കപ്പോഴും ഒഴിവായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top