04 December Monday

ആലുവ പീഡനം: പ്രതിയുമായി ബന്ധമുള്ള രണ്ടുപേർകൂടി കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023


ആലുവ
ആലുവ എടയപ്പുറത്ത്‌ വീടിനുള്ളിൽ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്‌റ്റിൽ രാജുമായി മോഷണമുതലുകൾ പങ്കുവച്ചിരുന്ന രണ്ടുപേരെക്കൂടി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ക്രിസ്‌റ്റിൽ രാജ്‌ മോഷ്ടിക്കുന്ന മോബൈൽ ഫോണുകൾ സ്ഥിരമായി വിറ്റിരുന്ന രണ്ട്‌ ഇതരസംസ്ഥാന തൊഴിലാളികളെയാണ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്‌. മൊബൈൽ മോഷ്ടിക്കാനുള്ള വീട്‌ പ്രതിക്ക്‌ പറഞ്ഞുകൊടുത്തത്‌ ഇവരാണെന്നാണ്‌ സംശയിക്കുന്നത്‌. ഇരുവർക്കും കുട്ടിയുടെ വീടിരിക്കുന്ന പ്രദേശത്തെക്കുറിച്ച്‌ ധാരണയുണ്ടെന്നും കണ്ടെത്തി. ഇവരെ കാണാൻ ക്രിസ്‌റ്റിൽ രാജ്‌ എടയപ്പുറത്ത്‌ പലതവണ എത്തിയിട്ടുണ്ട്‌. കുട്ടിയുടെ അച്ഛൻ വീട്ടിലില്ലെന്നും പുറത്തുപോയെന്നുമുള്ള വിവരം നൽകിയത്‌ ഇവരാണെന്നാണ്‌ പൊലീസ്‌ നിഗമനം.
ക്രിസ്‌റ്റിലിന്റെ കൈയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മയുടേതടക്കം ഒമ്പത്‌ മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നതായാണ്‌ അന്വേഷകസംഘം സംശയിക്കുന്നത്‌. എന്നാൽ, പിടികൂടുമ്പോൾ കൈയിൽ മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. കസ്‌റ്റഡിയിൽ ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌. മൊബൈൽ ഫോണിന്റെ സിം കാർഡ്‌ പുറത്തെടുക്കാനുള്ള പിൻ പ്രതി സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.

ക്രിസ്‌റ്റിലിന്റെ കസ്‌റ്റഡി അപേക്ഷ കോടതി തിങ്കളാഴ്‌ച പരിഗണിക്കും. തുടർന്ന്‌ തെളിവെടുപ്പും തിരിച്ചറിയൽ പരേഡും നടത്തും.പെരുമ്പാവൂരിലും സമാന കുറ്റകൃത്യം നടത്താൻ ശ്രമിച്ചതായി ഇയാൾ സമ്മതിച്ചിരുന്നു. ഈ സംഭവത്തിലും പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്‌. ഇയാൾക്ക്‌ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി 12 കേസുണ്ട്‌. 

ശനിയാഴ്‌ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ പ്രതിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൊണ്ടുപോയി. ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ മെഡിക്കൽ കോളേജ്‌ അധികൃതർ അറിയിച്ചതിനാൽ തിരികെ ആലുവ സബ്‌ജയിലിലേക്ക്‌ കൊണ്ടുപോയി.
മൊബൈൽ മോഷണത്തിൽ ഹരം കണ്ടെത്തിയിരുന്ന ആളാണ്‌ ക്രിസ്‌റ്റിൽ. ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകളാണ്‌ ഇയാൾ കൂടുതലും മോഷ്ടിച്ചിരുന്നതെന്നും അന്വേഷകസംഘം കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top