03 August Sunday

‘എല്ലാവര്‍ക്കും വീട്' അതാണ് ലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

തുരുത്തി കോളനി പുനരധിവാസ പദ്ധതി നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു


കൊച്ചി
പത്തുവർഷത്തെ യുഡിഎഫ് ദുർഭരണത്തിനുശേഷം കൊച്ചി നഗരസഭയിൽ അധികാരത്തിലേറിയ എൽഡിഎഫ് "എല്ലാവർക്കും വീട്' എന്ന പ്രഖ്യാപിതനയം സാക്ഷാൽക്കരിക്കുന്നതിനുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജനകീയാസൂത്രണം, പിഎംഎവൈ- ലൈഫ്, റേ തുടങ്ങിയ പദ്ധതികൾ സമന്വയിപ്പിച്ച് എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് ​നഗരസഭ അടുക്കുകയാണ്.

ഭൂമിയുള്ള എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന  പിഎംഎവൈയു ലൈഫ് മിഷൻ പ​ദ്ധതിയിൽ കൊച്ചി നഗരസഭയിൽ നിലവിൽ 9059 ​ഗുണഭോക്താക്കളുണ്ട്. 5000 പേർ വീടുനിർമാണം ആരംഭിച്ചു. ഇതിൽ 4070 പേരുടെ വീടുനിർമാണം പൂർത്തിയായി. പദ്ധതിക്കായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചു.

ലൈഫ് മൂന്നാംഘട്ടത്തില്‍ ന​ഗരസഭയിലെ 140 ഭൂ–-ഭവന രഹിതരാണ് ​ഗുണഭോക്താക്കള്‍. ഇതില്‍ 20 പേരുടെ വീടുനിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും.ഈ സാമ്പത്തികവർഷം ഭൂമിയുള്ള ഭവനരഹിതരായ 1200 പേർക്ക് ധനസഹായം നൽകും. കേന്ദ്ര–-സംസ്ഥാന, കോർപറേഷൻ വിഹിതമായി 80 കോടി രൂപ പദ്ധതിക്കായി ലഭ്യമാക്കും.

അതിവേ​ഗം തുരുത്തി കോളനി പുനരധിവാസപദ്ധതി
ന​ഗരത്തിൽ സാധാരണക്കാർക്കുവേണ്ടിയുള്ള പ്രധാന ഭവനപദ്ധതികളിലൊന്നാണ് ഫോർട്ട്‌ കൊച്ചി–-തുരുത്തി കോളനി നിവാസികൾക്കായുള്ള തുരുത്തി കോളനി പുനരധിവാസപദ്ധതി. എം അനിൽകുമാർ മേയറായി ചുമതലയേറ്റശേഷം ആദ്യം സന്ദർശിച്ചത് തുരുത്തി കോളനി പുനരധിവാസപദ്ധതി പ്രദേശമായിരുന്നു. അതിനുശേഷം  മേയറുടെ നേതൃത്വത്തിൽ തടസ്സങ്ങൾ നീക്കി ഒന്നാംടവർ 11 നില കെട്ടിടത്തിന്റെ നിർമാണം വേ​ഗത്തിൽ പുനരാരംഭിച്ചു. മാസംതോറും മേയറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും നിർമാണപ്രദേശത്ത് നേരിട്ടെത്തി പ്രവർത്തനപുരോ​ഗതി വിലയിരുത്തിത്തുടങ്ങി. ഇതോടെ പദ്ധതിക്ക് വേ​ഗംകൂടി. കോവിഡ് രണ്ടാംതരം​ഗം ശക്തമായതോടെ രണ്ടുമാസം റിവ്യൂമീറ്റിങ് നടത്താനായില്ല. കോവിഡ്‌ വ്യാപനം കുറഞ്ഞതോടെ വീണ്ടും റിവ്യൂമീറ്റിങ് തുടങ്ങി. 33 കോടി ചെലവാക്കി നിർമിക്കുന്ന ഒന്നാംടവറിന്റെ സ്ട്രക്ചറും എട്ടുനിലകളും നാലുനിലകളുടെ ബ്ലോക്ക് വർക്കും പൂർത്തിയാക്കി. 44 കോടി രൂപ ചെലവാക്കി നിർമിക്കുന്ന രണ്ടാംടവറിന്റെ പൈലിങ് വർക്കുകൾ പുരോ​ഗമിക്കുന്നു. അടുത്തവർഷം ഡിസംബറോടെ രണ്ട് ഫ്ലാറ്റുകളുടെയും നിർമാണം പൂർത്തിയാകും.
പി ആൻഡ് ടി കോളനി നിവാസികൾക്ക് ജൂണിൽ വീടാകും

​ഗാന്ധിന​ഗറിലെ പി ആൻഡ് ടി കോളനി നിവാസികളുടെ വീടെന്ന സ്വപ്നം ജൂണിൽ യാഥാർഥ്യമാകും. മുണ്ടംവേലിയിൽ ജിസിഡിഎ അനുവദിച്ച 70 സെന്റ്‌ സ്ഥലത്താണ് ഭവനനിർമാണം പുരോ​ഗമിക്കുന്നത്.  തൃശൂർ ജില്ലാ ലേബർ കോൺട്രാക്ടർ സൊസൈറ്റിയുടെ സഹായത്തോടെ നാലുനിലകളിലായി രണ്ടു മുറികൾവീതമുള്ള 82 വീടുകളാണ്‌ നിർമിക്കുന്നത്. ഫ്ലാറ്റിന്റെ രണ്ടു ടവറുകളുടെയും പൈലിങ് വർക് പൂർത്തിയായി. റാഫ്റ്റ് പ്രവൃത്തി പുരോ​ഗമിക്കുന്നു. നിർമാണം അതിവേ​ഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതുക്കിയ വർക് ഷെഡ്യൂൾപ്രകാരമാണ് പണി നടക്കുന്നത്‌. എൽഡിഎഫ് അധികാരത്തിലേറിയതോടെ മാസംതോറും പദ്ധതിയുടെ റിവ്യൂ യോ​ഗം നടത്തുന്നുണ്ട്. ഈ മാസത്തെ റിവ്യൂയോ​ഗം ചൊവ്വാഴ്ച ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ളയുടെയും മേയർ എം അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടക്കും. ലൈഫ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഇനിയുമുണ്ട്‌ പദ്ധതികൾ
കോന്തുരുത്തി പുഴയോരത്തുനിന്ന് കുടിയൊഴിപ്പിച്ചവർക്കായി മൂന്നുകോടി ചെലവഴിച്ച് സമഗ്ര പുനരധിവാസപദ്ധതി നടപ്പാക്കും. തുരുത്തി കോളനി, പി ആൻഡ് ടി കോളനി പുനരധിവാസ പദ്ധതികളുടെ മാതൃകയിലാകും ഇത് നടപ്പാക്കുക. തമ്മനം പുതിയ റോഡ് ശാന്തിപുരം കോളനി പുനർനിർമിക്കുന്നതിനുള്ള കർമപദ്ധതി നടപ്പാക്കും. മൂന്നുകോടിയാണ് പദ്ധതിച്ചെലവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top