19 April Friday

പശ്ചിമതീര ജലപാത ; ഈവർഷം 455 കി.മീ ; പുനരുജ്ജീവനം 1345 കോടിയിൽ

ജി രാജേഷ്‌ കുമാർUpdated: Tuesday May 10, 2022


തിരുവനന്തപുരം
പശ്ചിമതീര ജലപാതയിൽ ഈവർഷം 455 കിലോമീറ്റർ ഗതാഗതയോഗ്യമാകും. 174 കിലോമീറ്റർ കനാൽ പുനരുജ്ജീവനം വേഗത്തിലാക്കാൻ നിർവഹണ ഏജൻസികൾക്ക്‌ കിഫ്‌ബി നിർദേശം നൽകി. 616 കിലോമീറ്ററുള്ള കോവളം–-ബേക്കൽ (കോവളം–- കാസർകോട്‌) ദേശീയ ജലപാതയിൽ നിലവിൽ 281 കിലോമീറ്റർ സഞ്ചാരയോഗ്യമാണ്‌. അടുത്തവർഷം 74 കിലോമീറ്റർ നിർമിക്കും. 2025ൽ പാത പൂർണമായും സഞ്ചാരയോഗ്യമാകും. 1345 കോടി രൂപയാണ്‌ പദ്ധതിക്ക്‌ കിഫ്‌ബി സഹായം.

ആറു ഭാഗമാണ്‌ പുനരുജ്ജീവന പദ്ധതിയിലുള്ളത്‌. കോവളം മുതൽ ആക്കുളംവരെ പാർവതി പുത്തനാറിന്റെ നവീകരണത്തിന്‌ 183.65 കോടി രൂപയുടെ വിശദ പദ്ധതിരേഖ കിഫ്‌ബി പരിശോധിക്കുന്നു. ആക്കുളം–-കൊല്ലം ഭാഗത്തിന്റെ നവീകരണത്തിന്‌ ഭൂമി ഏറ്റെടുക്കാൻ 87.18 കോടിയുണ്ട്‌. വർക്കല–- കോവളം പാതയിലെ കുടുംബങ്ങളുടെ പുനരധിവാസം അടക്കമുള്ള പദ്ധതിക്ക്‌ 159 കോടി അടങ്കൽ അംഗീകരിച്ചു.  മാഹി–-വളപട്ടണം പാതയ്‌ക്ക്‌ 651 കോടി നീക്കിവച്ചു. നീലേശ്വരം– -ബേക്കൽ ഭാഗത്ത്‌  സ്ഥലമെടുപ്പിന്‌ 178.15 കോടി നൽകും. വർക്കല– -കോവളം പുനരധിവാസത്തിന്റെ ഭാഗമായി ഫ്‌ളാറ്റ്‌ നിർമാണത്തിന് 88.20 കോടി പ്രത്യേകമുണ്ട്‌.‌ ആദ്യ അഞ്ചു ഭാഗവും കേരള വാട്ടർവേയ്‌സ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ്‌ ലിമിറ്റഡായിരിക്കും നിർവഹിക്കുക. കേരള സ്‌റ്റേറ്റ്‌ കോസ്‌റ്റൽ ആൻഡ്‌ ഏരിയ ഡെവലപ്‌ന്റ്‌ കോർപറേഷൻ ആറാമത്തെ പുനരധിവാസ ഘടകത്തിന്റെ നിർവഹണം ഏറ്റെടുക്കും.

ജലപാതയില്ലാത്ത മാഹി–-വളപ്പട്ടണം ഭാഗത്ത്‌ 26 കിലോമീറ്ററും നീലേശ്വരം–-ബേക്കൽ ഭാഗത്ത്‌ 6.5 കിലോമീറ്ററും പുതിയ കനാൽ നിർമിക്കും. കോട്ടപ്പുറം–-കൊല്ലം (168 കിലോമീറ്റർ) 2016ൽ ദേശീയ ജലപാതയായി പ്രഖ്യാപിച്ചു. ഇത്‌ നിലവിൽ കോട്ടപ്പുറം–-കോഴിക്കോട്‌ (160 കിലോമീറ്റർ) ഭാഗത്തേക്കും നീട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top