25 April Thursday

ആർഎസ്എസ്‐ബിജെപി സംഘം തമ്മിലടിയിൽ; ഒന്നും മിണ്ടാതെ സംഘപരിവാർ

ഇ എസ‌് സുഭാഷ‌്Updated: Friday May 10, 2019

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ആഭ്യന്തരകലഹം പരസ്യമായതോടെ പ്രതികരിക്കാനാവാതെ സംഘപരിവാർ. ശബരിമല പ്രശ്നമുയർത്തി നടത്തിയ കലാപം രാഷ്ട്രീയനേട്ടത്തിനായുള്ള തന്ത്രമായിരുന്നുവെന്ന വെളിപ്പെടുത്തലിനോട് ആർഎസ്എസ്–ബിജെപി നേതാക്കളാരും പ്രതികരിക്കുന്നില്ല.

ആർഎസ്എസിന്റെ  താത്വികനായി അറിയപ്പെടുന്ന ആർ ഹരിക്കെതിരെ വ്യക്തിഹത്യ നടത്തുംവിധം രൂക്ഷമായ ആരോപണം ഉന്നയിച്ചിട്ടും ഒരു സംഘപരിവാറുകാരനും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഹരിയെ അനുകൂലിച്ചാൽ ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നതായി വരും.
അതിനാൽ, ആർഎസ്എസ്‐ബിജെപി സംഘം തമ്മിലടിയിൽ നിലപാട് എടുക്കാനാവാതെ വട്ടംകറങ്ങുകയാണ്. ശബരിമല തങ്ങൾക്ക് പറ്റിയ വിഷയമാണെന്ന് ആദ്യം പറഞ്ഞ് വിവാദമുണ്ടാക്കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളയും പുതിയ വിവാദത്തോട് പ്രതികരിച്ചില്ല.

സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ വക്താക്കൾ പരസ്പരം നടത്തുന്ന പോർവിളിയോട് പ്രതികരിക്കില്ലെന്നാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് സംഘപരിവാറിന്റെ ഇരട്ടത്താപ്പും തമ്മിലടിയും മറനീക്കി പുറത്തുവന്നത്. എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനമുണ്ട് എന്ന ആർഎസ്എസ്  അഖിലേന്ത്യാ ബൗദ്ധിക പ്രുമുഖ് ആയിരുന്ന ആർ ഹരിയുടെ നിലപാടിനെതിരായാണ് ചില സംഘപരിവാർ വക്താക്കൾ രംഗത്തുവന്നത്.

മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തിലെ സ്ത്രീവിലക്കിനെതിരെ രാജസ്ഥാനിലെ നഗൗറിൽ നടന്ന ആർഎസ്എസ് അഖിന്ത്യോ പ്രതിനിധി സഭയിൽ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി സംസാരിച്ചിരുന്നു. ഇതും ഉദ്ധരിച്ചാണ് ആർ ഹരി ലേഖനം എഴുതിയത്. ഹരിയുടെ നിലപാടിനെ അനുകൂലിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു ഫേസ്ബുക്ക് പോസ്റ്റിട്ടു.

ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിൽ ചവിട്ടുകൊള്ളിച്ചത് പിണറായി വിജയനെ എതിർക്കാൻ വേണ്ടി മാത്രമാണെന്നാണ് “റെഡി ടു വെയ്റ്റ്’ വക്താവ് പദ്മപിള്ള പറഞ്ഞത്. ആചാര സംരക്ഷണസമിതി പ്രവർത്തകനായ ശങ്കു ടി ദാസ് ആർ ഹരിയെ അധിക്ഷേപിച്ചു പോസ്റ്റിട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top