29 March Friday
ഇവിടെ കളി കാണാനെത്തുന്നത്‌ ഇരുനൂറ്റമ്പതിലധികംപേർ

സാലുവിന്റേത്‌ ചില്ലറ കളിയല്ല; 
അകത്തും പുറത്തും ബ്രസീൽ

പി സി സോമശേഖരൻUpdated: Friday Dec 9, 2022



നെടുമ്പാശേരി
ലോകകപ്പ് കാലത്തുമാത്രമല്ല, എന്നും സാലു പോളിന്റെ വീട്ടുപേര് "ബ്രസീൽ ഹൗസ്’ എന്നുതന്നെ. ഇഷ്ട ടീമിന്റെ രാജ്യത്തിന്റെ പേര് മേൽവിലാസമാക്കിയ സാലു പോൾ ലോകകപ്പിനുമുന്നോടിയായി നാട്ടിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയും ഒരുക്കിയിരിക്കുന്നു. നെടുമ്പാശേരി പഞ്ചായത്തിലെ മേയ്ക്കാട് സ്വദേശിയായ സാലു 12 വർഷംമുമ്പ് പുതിയ വീട് നിർമിച്ചപ്പോഴാണ്‌ ബ്രസീൽ ഹൗസ് എന്ന പേര് നൽകിയത്‌. മഞ്ഞയും പച്ചയും ഇടകലർന്ന ബ്രസീൽ ജേഴ്സിയുടെ നിറംതന്നെ വീടിനും നൽകി. ടീമിലെ അംഗങ്ങളുടെ ചിത്രവും കോച്ചിന്റെ ചിത്രവും ചുറ്റുമതിലിൽ ഇടംപിടിച്ചു. ഗേറ്റിനുസമീപം കൂറ്റൻ ഫുട്ബോളും സ്ഥാപിച്ചു.

കഴിഞ്ഞ മൂന്ന് ലോകകപ്പിലും നെടുമ്പാശേരി മേഖലയിലെ ഫുട്ബോൾ പ്രേമികളുടെ ആസ്ഥാനമായിരുന്നു ബ്രസീൽ ഹൗസ്. സാലുവിന്റ വാഹനങ്ങളുടെ പേരും ഇതുതന്നെ. നെടുമ്പാശേരി തുരുത്തുമ്മൽ പാറയിൽ സാലു പോൾ അങ്ങനെ ബ്രസീൽ ഹൗസിലെ സാലുവായി. തപാൽ മേൽവിലാസത്തിലും വീട്ടുപേര് ബ്രസീൽ ഹൗസ് തന്നെ. അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപമുള്ള മേയ്ക്കാട് ഗ്രാമത്തിന്റെ ലാൻഡ് മാർക്കാണ്‌ ഇന്ന് ബ്രസീൽ ഹൗസ്. ഇവിടുത്തെ ബിഗ് സ്ക്രീനിൽ കളി കാണാൻ ഇരുനൂറ്റമ്പതിലധികം ഫുട്ബോൾ പ്രേമികളാണ് ദിവസവും എത്തുന്നത്. യുവാക്കളും കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവരിൽനിന്ന് സ്‌റ്റേഡിയത്തിലെന്നപോലെ ആരവം ഉയരും. ഇഷ്ട ടീമിന്റെ ജേഴ്സിയണിഞ്ഞാണ് എല്ലാവരുമെത്തുക. പലരുടെയും കൈയിൽ പതാകയും കാണും. നെടുമ്പാശേരി മേഖല മർച്ചന്റ്സ് അഗ്രികൾച്ചർ സൊസൈറ്റി ഭാരവാഹികൂടിയായ സാലു പോളിന്റെ ഇഷ്ട ടീമിനോടുള്ള പ്രണയത്തിന് ഭാര്യ ലതിയും മക്കളായ എവിനയും നയനയും കട്ട സപ്പോർട്ടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top