24 April Wednesday

ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യം പൂർത്തിയാക്കുമെന്ന് മന്ത്രി എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020

തിരുവനന്തപുരം > ഭൂരഹിതരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തിയാകുന്നതായി പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. വയനാട് ജില്ലയിലെ ഭൂരഹിത പട്ടിക വർഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം മുട്ടിൽ ഗ്രാമ പഞ്ചായത്ത്  ഹാളിൽ ഓൺലൈനായി  നിർവ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.  പതിനായിരത്തോളം ആദിവാസികൾക്ക് ഭൂമിനൽകാനുളള നടപടികളാണ് നടന്ന് വരുന്നത്.  ഇവരിൽ ഭൂരിഭാഗവും വയനാട് ജില്ലയിലുളളവരാണ്. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടില്ലാത്തവർക്ക് വീടും നൽകാനുളള നടപടികൾ ഈ വർഷം തന്നെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും കരുതലിനും വലിയ പരിഗണയാണ് സർക്കാർ നൽകുന്നത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 4361 ഭൂരഹിത പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 3588.52 ഏക്കർ ഭൂമി വിതരണം ചെയ്തു.  12,000 പേർക്ക് വീട് നൽകാനും ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവർക്കും ലൈഫ് മിഷനിലൂടെ വീട് നൽകുമെന്നും മന്ത്രി പറഞ്ഞു. കാരാപ്പുഴയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പുനരധിവാസ വിഷയത്തിൽ കാര്യമായ ഇടപെടുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൂപ്പൈനാട്, മുട്ടിൽ പഞ്ചായത്തുകളിലെ 60 കുടുംബങ്ങളെ കൂടി തൃക്കൈപ്പറ്റ  വില്ലേജിലെ പരൂർക്കുന്നിൽ പുനരധിവസിപ്പിക്കും. 10 സെന്റ് ഭൂമിയാണ് ഇവർക്ക് നൽകുക. ഇവിടെ ഇതിനകം 218 പേർക്ക് ഭൂമി നൽകിയിട്ടുണ്ട്.  20 വീടുകളും നിർമ്മിച്ച് നൽകി. 54 വീടുകളുടെ തറക്കല്ലിട്ടൽ കർമ്മവും നടത്തിയാതായും മന്ത്രി പറഞ്ഞു.  

 പട്ടിക വിഭാഗങ്ങളുടെ തൊഴിലിനും വിദ്യാഭ്യാസ പുരോഗതിക്കും നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.  പട്ടിക വർഗ്ഗ വിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് അവരുടെ മാതൃഭാഷ അറിയുന്നവരായ 267 മെന്റർ ടീച്ചർമാരെ നിയമിച്ച ഗോത്രബന്ധു പദ്ധതിയും എസ്.സി.എസ്.ടി. വിഭാഗങ്ങൾക്കായി ഊരുകളോട് ചേർന്ന് 12500 പഠന മുറികൾ സ്ഥാപിച്ചതും രാജ്യത്തിന് തന്നെ മാതൃകയായ  പദ്ധതിയാണ്.  ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്കായി വാത്സല്യനിധി എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു.  പ്രീമിയം തുക പൂർണ്ണമായും സർക്കാർ നൽകും.  18 വയസാകുമ്പോൾ മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. പൊലീസ് എക്സൈസ് സേനകളിൽ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന സ്പെഷ്യൽ ഡ്രൈവിലൂടെ നൂറ് വീതം പട്ടികവർഗ്ഗ യുവതി യുവാക്കളെ നിയമിച്ചിട്ടുണ്ട്.  വനം വകുപ്പിൽ ബീറ്റ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ച് തൊഴിൽ നൽകുവാൻ കഴിയുമോ എന്ന കാര്യവും സർക്കാർ പരിശോധിച്ച് വരികയാണ്.  7156 പേർക്കാണ് തൊഴിൽ നൈപുണ്യ വികസന പരിശീലനം നൽകിയത്.  ഇതിലൂടെ 2376 പേർക്ക് തൊഴിൽ ലഭ്യമായി. എസ്.സി. എസ്.ടി. വിഭാഗത്തിൽപ്പെട്ട 360 പേർക്ക് വിദേശത്തും തൊഴിൽ ലഭിച്ചു.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 100 ദിവസത്തെ തൊഴിൽ ദിനത്തിന് പുറമെ 100 ദിവസം അധിക തൊഴിൽ നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതിയും നടപ്പാക്കി. എസ്.സി.എസ്.ടി. വിഭാഗങ്ങളുടെ ചികിത്സാ ധനസഹായമായി 254 കോടി രൂപ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.  വരുമാന ദായകരായ കുടുംബനാഥൻ മരിച്ചാൽ കുടുംബത്തിന് നൽകുന്ന സാമ്പത്തിക സഹായം 50000 രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.   കൃഷി വകുപ്പുമായി ചേർന്ന് അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയും  ആരംഭിച്ചു. പാട്ടകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ മുഖേന ജോയിന്റ് ലാബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ചു പുതിയ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. എസ്.സി.എസ്.ടി. വിഭാഗങ്ങളുടെ പൈതൃക സംസ്‌കാരങ്ങളെയും കലകളെയും തനത് രുചികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗദ്ദിക സാംസ്‌കാരികോത്സവം സംഘടിപ്പിക്കുകയും ഇതിലൂടെ 4.6 ലക്ഷം കോടി രൂപയുടെ പാരമ്പര്യ തനത് ഉൽപന്നങ്ങൾ വിൽപ്പന നടത്താനും സാധിച്ചിട്ടുണ്ട്.  ഗദ്ദിക ബ്രാൻഡ് നെയിമിൽ തനത് ഉൽപ്പന്നങ്ങളുടെ ഓൺ ലൈൻ വിൽപ്പനയും ആരംഭിച്ചിതായും മന്ത്രി പറഞ്ഞു.

ഗോത്രമേഖലയിൽ കോവിഡ് പ്രതിരോധം ഫലപ്രദം

കോവിഡ് 19 രോഗബാധ പട്ടികവർഗ്ഗ മേഖലയിൽ ഫലപ്രദമായി തടഞ്ഞു നിർത്താൻ സാധിച്ചത് ഏറെ ആശ്വാസകരമെന്ന് മന്ത്രി എ.കെ.ബാലൻ.  രോഗ വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനത്തെ പട്ടിക വർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ്, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും വളണ്ടിയർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ഊരു നിവാസികളുടെ  ജാഗ്രതയുമാണ് ഇക്കാര്യത്തിൽ സഹായകരമായത്.  ഇതിന്റെ ഫലമായി കോവിഡ് പോസിറ്റീവ് കേസുകളും മരണവും ഒഴിവാക്കാൻ സാധിച്ചു.  ആ ജാഗ്രത ഇനിയും തുടരണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.  കോവിഡ് പ്രതിസന്ധിയെ നേരിടാൻ എല്ലാ കരുതലുമായി സർക്കാർ ഒപ്പമുണ്ട്.  88 ലക്ഷം പേർക്കാണ് സൗജന്യമായി ഭക്ഷണ കിറ്റ് നൽകിയത്.  നാല് മാസം കൂടി കിറ്റ് നൽകും.  ഇതിന് പുറമെ പട്ടിക വർഗ്ഗ മേഖലയിൽ 162382 പേർക്ക് ഓണ കിറ്റും 63224 പേർക്ക് ഓണക്കോടിയും വിതരണം ചെയ്തു.  സാമൂഹ്യ സുരക്ഷാ പെൻഷൻ 1400 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് മുടങ്ങാതെ വീടുകളിൽ  എത്തിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top