20 April Saturday

പ്രഖ്യാപനം പാഴ്‌വാക്കല്ല ; തൊട്ടറിയാം നൂറിന്റെ നിറവ്‌

മിൽജിത്‌ രവീന്ദ്രൻUpdated: Wednesday Sep 9, 2020


കേരളത്തിലെ ജനസംഖ്യയുടെ ആറിലൊന്നിന്‌, അതായത്‌ അറുപതു ലക്ഷം പേർക്ക്  ഈമാസംമുതൽ പെൻഷനായി 1400 രൂപവീതം വീട്ടിലെത്തും. 88 ലക്ഷം കുടുംബം നാലു മാസംകൂടി സൗജന്യ ഭക്ഷ്യക്കിറ്റ്‌ വാങ്ങും. നൂറുദിവസത്തിനുള്ളിൽ അഞ്ചു ലക്ഷം വിദ്യാർഥികൾ സ്വന്തം ലാപ്‌ടോപ്പിൽ പഠിച്ചുതുടങ്ങും. നഗരത്തിരക്കിൽ കുടുങ്ങാതെ ആലപ്പുഴ ബൈപാസും കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളും കടന്ന്‌ വാഹനങ്ങൾപോകും..... പ്രഖ്യാപനങ്ങൾ പാഴ്‌വാക്കല്ലെന്ന്‌ തെളിയുന്നു. ഓണസമ്മാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ‘നൂറുദിന പദ്ധതികൾ’ കേരളീയർ തൊട്ടറിയാൻ തുടങ്ങുന്നു.

തിരുവോണ തലേന്നാണ്‌ ക്ഷേമ പെൻഷൻ 1400 രൂപയാക്കുന്നതടക്കമുള്ള നൂറു പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. ഒരാഴ്‌ചയ്‌ക്കുള്ളിൽ സർക്കാർ ഉത്തരവായി. അഞ്ചു കോടിവീതം മുടക്കി 35 സ്‌കൂളിൽ നിർമിച്ച അത്യാധുനിക കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ബുധനാഴ്‌ച നടത്തും. മൂന്നു കോടി രൂപ ചെലവിൽ തീർക്കുന്ന 14  കെട്ടിടം അടുത്ത ദിവസങ്ങളിലും.

പച്ചക്കറിക്ക്‌ രാജ്യത്ത്‌ ആദ്യമായി തറവില പ്രഖ്യാപിച്ച്‌ കേരളം ഒരിക്കൽക്കൂടി  മുന്നേനടന്നു. നൂറുദിവസത്തിനുള്ളിൽ 153 പ്രാഥമികാരോഗ്യ കേന്ദ്രംകൂടി രണ്ടു നേരവും ഒപിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. മറ്റ്‌ ആശുപത്രികളിലായി 24 പുതിയ കെട്ടിടവും 10 പുതിയ ഡയാലിസിസ് കേന്ദ്രവും മൂന്നു പുതിയ കാത്ത് ലാബും പൂർത്തിയാകും.

നടക്കില്ലെന്ന്‌ കരുതിയ ഗെയിൽ പൈപ്പ്‌ ലൈൻ പദ്ധതിവഴി ആഴ്‌ചകൾക്കുള്ളിൽ വീടുകളിലേക്ക്‌ കുറഞ്ഞ ചെലവിൽ പാചകവാതകം എത്തും. കോളേജ്‌–- ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 1000 പുതിയ തസ്‌തിക നൂറു ദിവസത്തിനുള്ളിൽ സൃഷ്ടിക്കപ്പെടും. സംസ്ഥാനത്തിന്റെ സർവമേഖലയെയും സ്‌പർശിക്കുന്ന നൂറു പദ്ധതി വരും ദിവസങ്ങളിൽ യാഥാർഥ്യമാകും.

പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പാക്കി ഓരോ വർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിച്ചാണ്‌ സർക്കാർ നാലു വർഷം പൂർത്തിയാക്കിയത്‌.  കേരളം ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളിലും ജനങ്ങളെ ചേർത്തുപിടിച്ച്‌ മുന്നേറുമ്പോൾ പ്രതിസന്ധികൾ വികസനവേഗം കുറയ്‌ക്കില്ല എന്ന പ്രഖ്യാപനമാണ്‌ നൂറുദിന പദ്ധതികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top