25 April Thursday

പരിഷ്‌കരിച്ച പാഠ്യപദ്ധതിയും പാഠ്യക്രമവും 
അടുത്തവർഷം: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022


തിരുവനന്തപുരം
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതി കാലാനുസൃതമായി  ഉടൻ പുതുക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.  ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമീഷൻ റിപ്പോർട്ട്‌ ഏറ്റുവാങ്ങിയശേഷം പ്രാരംഭ കൂടിയാലോചനായോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  നേരത്തെ സമർപ്പിച്ച നിയമ, പരീക്ഷാ പരിഷ്‌കരണ കമീഷൻ റിപ്പോർട്ടുകളും നടപ്പാക്കുന്നതും യോഗം ചർച്ച ചെയ്യുന്നുണ്ട്‌.

പാഠ്യപദ്ധതി പുതുക്കൽ നടപടി സെപ്‌തംബറിൽ ആരംഭിക്കും.  സർവകലാശാലകൾ പാഠ്യക്രമം പരിഷ്‌കരണ നടപടി ഉടൻ തുടങ്ങും. പഠനത്തിനൊപ്പം  നൈപുണ്യ വികസനംകൂടി ഉറപ്പുവരുത്തും. അസാപ് പോലുള്ള ഏജൻസികളെ ഇതിനായി കൂടുതൽ ഉപയോഗപ്പെടുത്തി വരികയാണ്‌. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസാപ്‌ യൂണിറ്റ്‌ ആരംഭിക്കും.  പഠനശേഷം തൊഴിൽ ലഭ്യമാകുന്നതിന്‌ നേരിടുന്ന ‘സ്‌കിൽ ഗ്യാപ്‌’ പരിഹരിക്കും.  ഗവേഷണമേഖലയെ കൂടുതൽ ഗൗരവത്തോടെ കാണണം. ഗവേഷണ കണ്ടെത്തലുകൾ സമൂഹത്തിന്‌ ഗുണകരമാകുന്ന രീതിയിൽ ഉൽപ്പാദനകരമാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

നയപരമായി 
ഉൾക്കൊള്ളാവുന്ന നിർദേശങ്ങൾ
ഉടൻ നടപ്പാക്കും
സർക്കാർ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ, പരീക്ഷാ, നിയമ പരിഷ്‌കരണ കമീഷനുകൾ സമർപ്പിച്ച സമഗ്ര റിപ്പോർട്ട്‌ കൂടുതൽ ചർച്ചയ്‌ക്ക്‌ വിധേയമാക്കിയ  ശേഷം  സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്ക്‌ യോജിക്കുന്ന നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു.

മാസ്‌കറ്റ്‌ ഹോട്ടലിൽ നടക്കുന്ന കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കൽ പ്രാരംഭ കൂടിയാലോചനാ യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലെയും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്‌. ഉദ്‌ഘാടനത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ ചെയർമാൻ രാജൻ ഗുരുക്കൾ അധ്യക്ഷനായി.

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമീഷൻ ചെയർമാൻ പ്രൊഫ. ശ്യാം  ബി മേനോൻ, പരീക്ഷാ പരിഷ്‌കരണ കമീഷൻ ചെയർമാൻ പ്രൊഫ. സി ടി അരവിന്ദ്‌ കുമാർ,  നിയമ പരിഷ്‌കരണ കമീഷൻ അംഗം അഡ്വ. പി സി ശശിധരൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഇഷിത റോയ്‌,  ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്‌ എന്നിവരും സംസാരിച്ചു. ചർച്ചകളുടെ ക്രോഡീകരണത്തിനുശേഷം ബുധൻ പകൽ മൂന്നിന്‌ യോഗം അവസാനിക്കും. മന്ത്രി മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top