25 April Thursday

സമരസ്‌മരണകളുടെ കൊടിക്കീഴിൽ രാജേന്ദ്രമൈതാനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

രാജേന്ദ്രമെെതാനത്തിന്റെ പഴയ ചിത്രം


കൊച്ചി
നാടിനെ മാറ്റിമറിച്ച എണ്ണമറ്റ പോരാട്ടങ്ങളുടെ ഇടിമുഴക്കം പിറന്നത്‌ ഇവിടെ. ദേശീയപ്രക്ഷോഭ കാലംമുതൽ കൊച്ചിയുടെ ജനാഭിലാഷത്തിന്റെ ഹൃദയമിടിപ്പ്‌ പ്രതിഫലിപ്പിച്ച രാജേന്ദ്രമൈതാനം. കോളനിവാഴ്‌ചയ്‌ക്കും രാജഭരണത്തിനും ജനവിരുദ്ധ സർക്കാർനയങ്ങൾക്കും എതിരായ പോരാട്ടങ്ങളുടെ കൊടിപാറിയ മണ്ണ്‌. സാംസ്‌കാരികസായാഹ്നങ്ങളും സംവാദങ്ങളും സമ്പന്നമാക്കിയ വേദി. കായൽക്കാറ്റിന്റെ ആശ്വാസത്തിലേക്ക്‌ നഗരം കുടിയേറിയിരുന്നതും ഇവിടേക്ക്‌. 

സ്വാതന്ത്ര്യത്തിന്റെ 75–-ാംവർഷത്തിൽ കനലാറാത്ത ഓർമകളുടെ വീണ്ടെടുപ്പുപോലെ പോയകാലപ്രൗഢിയിലേക്ക്‌ മടങ്ങാനൊരുങ്ങുകയാണ്‌ രാജേന്ദ്രമൈതാനം. സ്ഥാനമൊഴിഞ്ഞ കൊച്ചി രാജാവിന്റെ 60–-ാംപിറന്നാൾ സമ്മാനമായാണ്‌ കായലോരത്തെ ചെറുമൈതാനത്തിന്റെ പിറവി. വൈകുന്നേരങ്ങളിലെ ഒത്തുചേരലിന്റെ വേദിയായതോടെ രാഷ്‌ട്രീയയോഗങ്ങൾ പതിവായി. കൊച്ചിയിലെ ജൂതസമൂഹത്തിന്റെ നേതാവായിരുന്ന എ ബി സലേം കോച്ച ഇവിടെ പതിവുപ്രാസംഗികനായിരുന്നു. അതിനാൽ മൈതാനത്തിന്‌ സലേം മൗണ്ട്‌ എന്ന വിളിപ്പേര്‌ വീണു.

ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തിൽ നഗരകേന്ദ്രം എന്നനിലയിൽ മൈതാനത്ത്‌ സമരം ആളി. പനമ്പിള്ളി ഗോവിന്ദമേനോൻ ഉൾപ്പെടെ നേതാക്കൾക്ക്‌ ലാത്തിയടിയേറ്റു. തുടർച്ചയിൽ കൊച്ചി രാജ്യമാകെ സമരത്തീയിലായി. മൈതാനത്തിന്‌ വിളിപ്പാടകലെ സെക്രട്ടറിയറ്റ്‌ മന്ദിരത്തിലും ബോൾഗാട്ടി പാലസിലും പ്രക്ഷോഭകാരികൾ ദേശീയപതാക ഉയർത്തി.

സ്വാതന്ത്ര്യത്തലേന്ന്‌ മഹാരാജാസ്‌ കോളേജിലുണ്ടായ അനിഷ്‌ടസംഭവങ്ങളെ തുടർന്നുള്ള പ്രതിഷേധങ്ങൾക്കും പിന്നീട്‌ മൈതാനം വേദിയായി.  പ്രതിഷേധിച്ചവരെ പൊലീസ്‌ തല്ലിച്ചതച്ചു. പൗരസ്വാതന്ത്ര്യ നിയമഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായ കാലമായിരുന്നു. 1947 ഒക്‌ടോബർ 10ന്‌ മത്തായി മാഞ്ഞൂരാനും ആർ എം മനയ്‌ക്കലാത്തും ഉൾപ്പെടെ നേതാക്കൾ ഇപ്പോഴത്തെ ലോ കോളേജ്‌ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നിയമസഭാമന്ദിരത്തിലേക്ക്‌ തള്ളിക്കയറി. തുടർന്ന്‌ നിരോധന ഉത്തരവ്‌ നിലവിൽവന്നു. അതിനെതിരെ രാജേന്ദ്രമൈതാനത്തെത്തി പ്രതിഷേധിച്ചവർക്കുനേരെ ലാത്തിച്ചാർജ്‌ നടന്നു. പനമ്പിള്ളി പ്രധാനമന്ത്രിയായ കൊച്ചി രാജ്യത്തെ ആദ്യമന്ത്രിസഭയുടെ പതനത്തിന്‌ വഴിയൊരുക്കിയ സംഭവങ്ങളിലൊന്നായ ഇത്‌ പിന്നീട്‌ രാജേന്ദ്രമൈതാനം സംഭവം എന്നറിയപ്പെട്ടു.

1947 മാർച്ച് 16-ന്‌ കൊച്ചിയിലെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ ആചാര്യ കൃപലാനിയാണ്‌ രാജേന്ദ്രമൈതാനം എന്ന പേര്‌ സമ്മാനിച്ചത്‌. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡന്റിനുള്ള സമർപ്പണത്തോടെ ബോട്ട്‌ ജെട്ടി മൈതാനം രാജേന്ദ്രമൈതാനമായി.

വീണ്ടെടുക്കാൻ 
ഇടപെടൽ
കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ അടച്ച മൈതാനം കാടുപിടിച്ചു. തലതിരിഞ്ഞ ഭരണപരിഷ്‌കാരം ഏൽപ്പിച്ച നിർമാണവൈകൃതം ഒരുഭാഗത്ത്‌. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള മൈതാനം ഒരുകോടിയോളം ചെലവിൽ വീണ്ടെടുക്കാനാണ്‌ പദ്ധതി. അതോടെ പഴയതുപോലെ പൊതുപരിപാടികൾക്കുള്ള തുറന്ന വേദിയും പൊതുജനങ്ങൾക്ക്‌ യഥേഷ്‌ടം എത്തിച്ചേരാവുന്ന ഇടവുമായി മൈതാനം മാറും. യുഡിഎഫ്‌ ഭരിച്ച കാലത്ത്‌ നടപ്പാക്കിയ ലേസർഷോ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ്‌ കേസിനെ തുടർന്നാണ്‌ മൈതാനത്തിന്റെ പുനരുദ്ധാരണം വൈകിയത്‌.  ഒരുകോടിയോളം രൂപയുടെ സാമ്പത്തികത്തിരിമറി നടന്ന പദ്ധതിയിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്‌. പുനരുദ്ധാരണം ആരംഭിക്കാനുള്ള അനുമതിയായിട്ടുണ്ടെന്നും വൈകാതെ പൂർത്തിയാക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. കൊച്ചി സ്‌മാർട്ട്‌ സിറ്റി മിഷൻ ഫണ്ട്‌ ഉപയോഗിച്ചാണ്‌ നവീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top