29 March Friday
കേപ്‌ടൗണിൽനിന്ന്‌ തിരിച്ചു

കാത്തിരിപ്പിന്‌ വിരാമം ; നൈജീരിയയിൽ തടവിലായിരുന്ന 
കപ്പൽ ജീവനക്കാർ ഇന്ന്‌ നാട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

സനു ജോസ്, വി വിജിത്, മിൽട്ടൺ ഡിക്കോത്ത എന്നിവർ കപ്പലിൽ



കൊച്ചി
നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ വെള്ളി ഉച്ചയ്‌ക്ക്‌ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന്‌ വിമാനത്തിൽ യാത്ര തിരിച്ചു. ഇന്ത്യൻ സമയം വെള്ളി വൈകിട്ട്‌ 4.30നുള്ള എമിറേറ്റ്‌സ്‌ വിമാനത്തിലാണ്‌ കപ്പലിലെ വാട്ടർമാൻ എറണാകുളം മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്ത, ചീഫ് ഓഫീസർ കടവന്ത്രയിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി സനു ജോസ്‌, കൊല്ലം സ്വദേശി വി വിജിത് എന്നിവരടക്കമുള്ള 26 പേർ യാത്ര തിരിച്ചത്‌.

സംഘം ആദ്യം ദുബായിലെത്തും. കപ്പലിലെ ചീഫ്‌ എൻജിനിയർ സ്വന്തം നാടായ പോളണ്ടിലേക്കും തേഡ്‌ എൻജിനിയർ ഫിലിപ്പീൻസിലേക്കും യാത്രയാകും. ജീവനക്കാരിൽ എട്ടുപേർ ശ്രീലങ്കക്കാരാണ്‌. മറ്റുള്ളവർ ദുബായിൽനിന്ന്‌ അടുത്ത വിമാനത്തിൽ ബംഗളൂരുവിലെത്തും. ഇവിടെനിന്ന്‌ ശനി പകൽ 1.30ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. ഉറ്റവരെ കാത്ത്‌ ബന്ധുക്കളുടെ 10 മാസത്തെ കാത്തിരിപ്പിനാണ്‌ വിരാമമാകുന്നത്‌.  
ബുധനാഴ്‌ചയാണ്‌ കപ്പൽ കേപ്‌ടൗൺ തുറമുഖത്തെത്തിയത്‌. അവിടെ കപ്പൽ ജീവനക്കാരെ ഹോട്ടലുകളിൽ താമസിപ്പിച്ച്‌ വൈദ്യപരിശോധന നടത്തിയിരുന്നു. ജീവനക്കാരെ മോചിപ്പിക്കാനുള്ള പിഴത്തുക കപ്പൽക്കമ്പനി നൈജീരിയൻ കോടതിയിൽ അടച്ചതോടെയാണ്‌ നടപടി വേഗത്തിലായത്‌. തുടർന്ന്‌ നൈജീരിയൻ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ മോചനം സാധ്യമായി. സംസ്ഥാന സർക്കാരും നോർക്ക റൂട്ട്‌സും ചേർന്ന്‌ നടത്തിയ ഇടപെടലുകൾ നടപടികൾക്ക്‌ വേഗംകൂട്ടി.

‘എംടി ഹീറോയിക് ഐഡുൻ’ എന്ന നെതർലൻഡ്‌സ്‌ കപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന്‌ ആരോപിച്ച് കഴിഞ്ഞവർഷം ആഗസ്‌ത്‌ ഒമ്പതിന്‌ ഇക്വിറ്റോറിയൽ ഗിനി സേന തടഞ്ഞത്. ഗിനി സർക്കാരിന് മോചനദ്രവ്യമായി വൻതുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുത്തില്ല. ഈ സമയത്ത് കപ്പൽ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയ രംഗത്തുവരികയും കപ്പലിലെ നാവികരെയടക്കം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top