19 April Friday

പൊക്കാളി നെല്ല് ഏറ്റെടുക്കാനാളില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

വി ദിലീപ്‌കുമാർUpdated: Saturday Jun 10, 2023

വരാപ്പുഴ > കഴിഞ്ഞവർഷം അധികമായി ഉൽപ്പാദിപ്പിച്ച പൊക്കാളി നെല്ല് ഏറ്റെടുക്കാനാകാത്തത് വരാപ്പുഴ, കടമക്കുടി മേഖലയിലെ കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇതുമൂലം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണിവർ. മേഖലയിൽ 360 ഹെക്ടറോളം പൊക്കാളി പാടശേഖരമുള്ളതിൽ ഏറെയും വർഷങ്ങളായി കൃഷി ഇറക്കാതെ തരിശ്‌ കിടക്കുകയായിരുന്നു.

മനുഷ്യ അധ്വാനത്തെമാത്രം ആശ്രയിച്ചുള്ള കൃഷിരീതിയായതിനാൽ മറ്റ് നെല്ലുകളേക്കാൾ പൊക്കാളിക്ക് ഉൽപ്പാദനശേഷി കുറവാണ്‌. സാമ്പത്തിക നഷ്ടം ഭയന്ന് കർഷകർ കൃഷിയിൽനിന്ന് പിന്തിരിയുന്ന സ്ഥിതിയായിരുന്നു. എന്നാൽ, പൊക്കാളിയുടെ സവിശേഷതകൾക്കും ഔഷധഗുണത്തിനും പ്രചാരം ലഭിച്ചതോടെ ആഭ്യന്തര വിപണിയിലും വിദേശത്തും പ്രിയമേറി. പൊക്കാളി ഉൽപ്പന്നങ്ങൾക്ക് പരിഗണന നൽകാൻ പല സംഘടനകളും സഹകരണ പ്രസ്ഥാനവും മുന്നോട്ടുവന്നതിനാൽ ഉൽപ്പന്നങ്ങൾക്ക് നല്ല വിലയും ലഭിച്ചുതുടങ്ങി. ഇതോടെ കർഷകർ മേഖലയിലേക്ക് തിരിച്ചെത്തി.

കടമക്കുടി പഞ്ചായത്തിൽമാത്രം 130 ഹെക്ടറിലാണ് കഴിഞ്ഞവർഷം കൃഷിചെയ്തത്. എന്നാൽ, അധികമായി ഉൽപ്പാദിപ്പിച്ച നെല്ല് ഏറ്റെടുക്കാനാകാത്തത് വീണ്ടും പ്രതിസന്ധിയായി. 30 ടണ്ണോളം നെല്ല് കടമക്കുടിയിൽമാത്രം കെട്ടിക്കിടക്കുകയാണ്. വരാപ്പുഴയിലും ഇതാണ് സ്ഥിതി.

പൊക്കാളി വിപണനത്തിന് കൂടുതൽ സാധ്യതകൾ തേടണമെന്ന്‌ കർഷകർ ആവശ്യപ്പെട്ടു. പുരാതന പാരമ്പര്യ വിത്ത്‌ സംരക്ഷണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന കടമക്കുടി, വരാപ്പുഴ ജൈവ പൊക്കാളി ഐസിഎസിന് 2010-–-11ൽ ദേശീയ പുരസ്കാരം ലഭിച്ചു. ഇതിനുശേഷം കടമക്കുടിയിലെ പൊക്കാളി അരിയെ ‘സ്പെഷ്യാലിറ്റി റൈസ്‌’ വിഭാഗത്തിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയെങ്കിലും മതിയായ സഹായം ലഭിക്കുന്നില്ലെന്നാണ്‌ കർഷകരുടെ പരാതി.

താങ്ങുവില നിശ്ചയിച്ചാൽ ഈ രംഗത്തേക്ക് കൂടുതൽ പേർ ആകൃഷ്ടരാകുമെന്ന്‌ കടമക്കുടി, വരാപ്പുഴ ജൈവ പൊക്കാളി ഐസിഎസ് സെക്രട്ടറി കെ എ തോമസ് പറഞ്ഞു. പൊക്കാളിയുടെ സംരക്ഷണത്തിനും കൂടുതൽ വിപണന മാർഗങ്ങൾക്കുമായി  കോരാമ്പാടം സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പൊക്കാളി ചലഞ്ച് സംഘടിപ്പിക്കും. കോതാടുള്ള ബാങ്ക്‌ ഹെഡ് ഓഫീസിൽ ഞായർ 12ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് പൊക്കാളി ചലഞ്ച് ഉദ്ഘാടനം ചെയ്യും. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top