25 April Thursday
യാത്രയ്‌ക്ക്‌ നിയമസഭാ 
സെക്രട്ടറിയറ്റിന്റെ അനുമതിയില്ല

പുനർജനി തട്ടിപ്പ്‌ ; നിയമലംഘനത്തിന്‌ തെളിവുകൾ ഏറെ , തലയൂരാനാകാതെ വി ഡി സതീശൻ

ദിനേശ്‌വർമUpdated: Saturday Jun 10, 2023


തിരുവനന്തപുരം
പുനർജനി പദ്ധതിക്കായി വിദേശത്തുനിന്ന്‌ അനധികൃത പിരിവ്‌ നടത്തിയതിന്‌ വ്യക്തമായ തെളിവുകൾ ഇതിനകം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ കേസിൽനിന്ന്‌ തലയൂരാനാകില്ല. കോൺഗ്രസ്‌ നേതാക്കൾ അടക്കം പലരും കൂടുതൽ തെളിവ്‌ നൽകാനും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനും തയ്യാറായി നിൽക്കുന്നുണ്ട്‌ എന്നതും സതീശന്റെ രാഷ്‌ട്രീയ ഭാവിക്ക്‌ വലിയ ഭീഷണി ഉയർത്തുന്നു.  വിജിലൻസ്‌ നടത്തിയ രഹസ്യാന്വേഷണത്തിൽത്തന്നെ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. വിദേശത്തുപോയി പണം പിരിച്ചത്‌ അനുമതിയില്ലാതെയാണ്‌ എന്നതു തന്നെയാണ്‌ വലിയ കുരുക്ക്‌. പോയതിനും പണം പിരിച്ചതിനും അത്‌ സമ്മതിച്ചതിനും തെളിവുകൾ ലഭ്യമാണ്‌.

കഴിഞ്ഞ നിയമസഭയിൽ എസ്‌ ശർമ, ജെയിംസ്‌ മാത്യു, എം സ്വരാജ്‌ എന്നിവർ ഇതുസംബന്ധിച്ച്‌ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയപ്പോഴും നിയമപരമായാണോ വിദേശത്തുനിന്ന്‌ പണംപിരിച്ചത്‌ എന്നതിന്‌ ഉത്തരം നൽകിയിരുന്നില്ല. നിരവധി തവണ വിദേശയാത്ര നടത്തിയതെന്തിനെന്നും പിരിച്ച പണം എത്രയെന്നും അത്‌ എന്തു ചെയ്‌തെന്നും തുറന്നു പറയണമെന്നായിരുന്നു നിയമസഭയിൽ ഉന്നയിച്ച ആവശ്യം. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സെമിനാറിനാണ്‌ പോയത്‌ എന്നായിരുന്നു ഉത്തരം. വിജിലൻസ്‌ അന്വേഷിക്കട്ടെ എന്നും സതീശൻ നിലപാടെടുത്തു.

പണം കടത്തിയെന്ന ആക്ഷേപം ഉയർന്ന ഘട്ടത്തിൽ പിരിച്ച തുകയെക്കുറിച്ച്‌ സോഷ്യൽ ഓഡിറ്റ്‌ നടത്തുമെന്ന്‌ സതീശൻ പറഞ്ഞെങ്കിലും അതിന്‌ ധൈര്യം കാണിച്ചില്ല. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട്‌ വഴിയാണ്‌ പണം കൈമാറിയതെന്നാണ്‌ ആരോപണം. ഇതുസംബന്ധിച്ചും കൂടുതൽ തെളിവ്‌ ശേഖരിക്കേണ്ടതുണ്ട്‌.

യൂത്ത്‌കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ്‌ രാജേന്ദ്ര പ്രസാദ്‌, കാതിക്കുടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്‌സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച്‌ പരാതി നൽകിയിരുന്നു. സമാനമായ നിരവധി പരാതികളിന്മേൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉള്ളതിനാലും വിജിലൻസ്‌ ഈ പരാതിയിൽ അന്വേഷണം നടത്തുന്നുവെന്ന്‌ അറിയിച്ചിട്ടുള്ളതിനാലും ഇപ്പോൾ ഈ കേസിൽ ഇടപെടുന്നത്‌ അനവസരത്തിലുള്ളതാകുമെന്നാണ്‌ ഇതുസംബന്ധിച്ച ഹർജി തീർപ്പാക്കി ഹൈക്കോടതി ഉത്തരവിട്ടത്‌.

യാത്രയ്‌ക്ക്‌ നിയമസഭാ 
സെക്രട്ടറിയറ്റിന്റെ അനുമതിയില്ല
പുനർജനി പദ്ധതിയും അതിനായി  വിദേശയാത്ര നടത്തി ഫണ്ട് സ്വീകരിച്ചതും നിയമസഭാ സെക്രട്ടറിയറ്റിന്റെ അനുമതിയില്ലാതെ.  ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ടി എസ് രാജനു ലഭിച്ച വിവരാവകാശരേഖയിൽ ഇക്കാര്യങ്ങൾ പുറത്തുവന്നിരുന്നു.  മന്ത്രിമാർക്കുപോലും പ്രളയദുരിതാശ്വാസത്തിന്‌ ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ആ ഘട്ടത്തിലാണ്‌ എംഎൽഎയായ സതീശൻ വിദേശത്തുപോയി ഫണ്ട്‌ പിരിച്ചത്‌.

 ബർമിങ്ഹാമിൽ പോയി പണം പിരിച്ച കാര്യം സതീശൻ 2020 മെയ്‌ ഒമ്പതിന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌ ഇങ്ങനെ: ‘‘ഞാൻ ബർമിങ്‌ഹാമിൽ പ്രസംഗിച്ചിട്ടുണ്ട്‌; എന്റെ നാട്ടുകാർക്കുവേണ്ടിയാണത്‌. ലണ്ടനിലും ഗൾഫ്‌ രാജ്യങ്ങളിലും ഞാൻ പോയി പ്രസന്റേഷൻ നടത്തി സഹായം മേടിച്ചിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ വനിതയാണ്‌ ബിർമിങ്‌ഹാമിൽ ലഞ്ച്‌ മീറ്റിങ്‌ നടത്തി അവിടത്തെ സഹായങ്ങൾ ക്രോഡീകരിച്ചത്‌. അവർ പറവൂർ ടൗൺ ഹാളിൽ വന്നാണ്‌ ചെക്കുകൾ കൈമാറിയത്‌.’’

 2018 ഒക്ടോബർ 28നു ബർമിങ്‌ഹാമിൽ പ്രസംഗിച്ചത്: ‘‘നിങ്ങൾ ഓരോരുത്തരും 500 പൗണ്ട്‌ നൽകുമ്പോൾ അഞ്ചു കുടുംബങ്ങളിൽ ഓരോ തയ്യൽ മെഷീൻ നൽകാനാണ്‌ അതുപയോഗിക്കുക. ഗുണഭോക്താക്കളെ തദ്ദേശസ്ഥാപനങ്ങളാണ്‌ തെരഞ്ഞെടുക്കുക.’’

സതീശന്റെ വിദേശയാത്രകൾ സ്പോൺസർ ചെയ്തതിലും പുനർജനിക്ക് ഫണ്ട് നൽകിയതിലും സ്വർണക്കടത്തു സംഘത്തിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. സതീശനെതിരായ സ്പോൺസർഷിപ് ആരോപണങ്ങൾക്കൊപ്പം  മാഞ്ഞാലി നവാസ് എന്നൊരാളുടെ പേരും ചർച്ചയായി. സ്പോൺസറുടെ  വിദേശയാത്രകളും സ്വത്തുസമ്പാദനവും ദുരൂഹമാണെന്നും ആക്ഷേപമുയർന്നിരുന്നു.     പുനർജനി പദ്ധതിയും അതിനായി നടത്തിയ വിദേശയാത്രകളും പിരിവും വലിയ തട്ടിപ്പാണെന്ന്‌ പറവൂരിലെ ജനങ്ങൾ നേരിട്ടുകണ്ട്‌ ബോധ്യപ്പെട്ടതാണ്‌. ഈ സാഹചര്യത്തിൽ  രാഷ്‌ട്രീയമായിക്കൂടി വിജിലൻസ്‌ അന്വേഷണത്തിന്റെ പ്രസക്തി വർധിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top