29 March Friday

ചെല്ലാനത്ത്‌ ടെട്രാപോഡ് കടല്‍ഭിത്തി ; ഒന്നാംഘട്ട ഉദ്‌ഘാടനം നവംബറിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


പള്ളുരുത്തി
ചെല്ലാനം തീരത്തെ ടെട്രാപോഡ് കടല്‍ഭിത്തിയുടെ ഒന്നാംഘട്ടം നവംബര്‍ ആദ്യം ഉദ്ഘാടനം ചെയ്യാനാകുമെന്ന്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെല്ലാനം തീരപ്രദേശം സന്ദർശിച്ച് ടെട്രാപോഡ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്താനും രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനുമാണ് മന്ത്രി ചെല്ലാനത്ത് എത്തിയത്.

ആദ്യഘട്ടത്തിലെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. കടല്‍ഭിത്തിയോടുചേര്‍ന്ന നടപ്പാതയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. നടപ്പാതയ്ക്ക് ഇരുവശവും സംരക്ഷണവേലി നിര്‍മിക്കും. ബസാര്‍ ഭാഗത്തെ ആറ് പുലിമുട്ടുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ ഒമ്പത്‌ പുലിമുട്ടുകള്‍കൂടി സ്ഥാപിക്കും. ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ സന്തോഷമുണ്ടെന്നും സര്‍ക്കാര്‍ എന്നും തീരദേശജനതയ്ക്ക് ഒപ്പമാണെന്നും മന്ത്രി പറഞ്ഞു.

കരിങ്കല്ലിന്റെ ദൗര്‍ലഭ്യവും ടിപ്പര്‍, ലോറി സമരവും പ്രതികൂല കാലാവസ്ഥയും നിര്‍മാണത്തിന് തടസ്സങ്ങളായെങ്കിലും റെക്കോഡ് വേഗത്തിലാണ് ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നത്. പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ വന്‍ ടൂറിസം വികസനത്തിനുകൂടിയാണ് ചെല്ലാനത്ത് തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പുത്തന്‍തോടുമുതല്‍ ചെറിയകടവ് സിഎംഎസ് പാലംവരെയുള്ള 3.36 കിലോമീറ്റര്‍ കടല്‍ഭിത്തിയുടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുനരുദ്ധാരണവും പുത്തന്‍തോട് ഭാഗത്ത് 1.20 കിലോമീറ്ററിൽ ഒമ്പത്‌ പുലിമുട്ടുകള്‍ സ്ഥാപിക്കൽ, നടപ്പാതയുടെ നിര്‍മാണം ഉള്‍പ്പെടെ 320 കോടി രൂപയുടേതാണ് രണ്ടാംഘട്ടം. ചെല്ലാനം ഹാര്‍ബര്‍, ബസാര്‍ പ്രദേശങ്ങളും സന്ദർശിച്ച മന്ത്രി, പുലിമുട്ട്‌ നിർമാണവും വിലയിരുത്തി. ജനപ്രതിനിധികൾ, നാട്ടുകാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ചര്‍ച്ച നടത്തി.

കെ ജെ മാക്‌സി എംഎല്‍എ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്, സിപിഐ എം ഏരിയ സെക്രട്ടറി പി എ പീറ്റർ, ജില്ലാ കമ്മിറ്റി അംഗം ടി വി അനിത, എം എം ഫ്രാൻസിസ്, അഡ്വ. മേരി ഹർഷ, പി ആർ ഷാജികുമാർ, ടി ജെ പ്രിൻസൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top