26 April Friday
സ്വപ്‌ന തെറ്റിച്ചിട്ടും 
മാതൃഭൂമി റിപ്പോർട്ടർക്ക്‌ തെറ്റിയില്ല

സ്‌ക്രിപ്‌റ്റ്‌ പഴയതുതന്നെ ; അന്ന്‌ ഷാജ്‌ കിരൺ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


കൊച്ചി
വിജേഷ്‌പിള്ള എന്നയാളെ മുൻനിർത്തി സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ തിരക്കഥ കണ്ടപ്പോൾ പ്രബുദ്ധ കേരളത്തിന്‌ ഓർമവരുന്നത്‌ ഷാജ്‌ കിരണിനെ. കഴിഞ്ഞവർഷമാണ്‌ ജയ്‌ഹിന്ദ്‌ ടിവി മുൻ ലേഖകൻ ഷാജ്‌ കിരൺ എന്നയാളെവച്ച്‌ തിരക്കഥയൊരുക്കിയത്‌. മുഖ്യമന്ത്രിയുടെ ദൂതനും എഡിജിപിയുടെ അടുത്തയാളുമായി സ്വപ്‌ന അവതരിപ്പിച്ച ഷാജ്‌ കിരൺ സ്വപ്‌നയുടെ അടുത്തയാളാണെന്ന്‌ പിന്നീട്‌ തെളിഞ്ഞിരുന്നു. ഷാജ്‌ കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്നും ജീവന്‌ ഭീഷണിയുണ്ടെന്നുമൊക്കെയായിരുന്നു അന്ന്‌ സ്വപ്‌നയുടെ ‘വെളിപ്പെടുത്തൽ’. മാധ്യമങ്ങൾ രാപകൽ ചർച്ചചെയ്‌ത നാടകം പിന്നീട്‌ പുകയായി അസ്‌തമിച്ചു.

സ്വപ്‌ന നൽകിയ 164 പ്രകാരമുള്ള മൊഴി പിൻവലിക്കാൻ ഷാജ്‌ കിരൺ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ്‌ അയാൾ എത്തിയതെന്നും അന്ന്‌ സ്വപ്‌ന മാധ്യമങ്ങളോട്‌ പറഞ്ഞു. കേട്ടപാതി കേൾക്കാത്തപാതി മാധ്യമങ്ങൾ ബ്രേക്കിങ്ങാക്കി. മൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തി, ഭീഷണിപ്പെടുത്തി  എന്നൊക്കെയായിരുന്നു ആരോപണം. മുഖ്യമന്ത്രിക്കെതിരായി താൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയായിരുന്നു ഷാജ് കിരണിന്റെ ഭീഷണി എന്നും ഫോൺ റെക്കോഡ് അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും അതെല്ലാം പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞിരുന്നു. മുൻകൂർ ജാമ്യഹർജിയിൽ ഷാജ്‌ കിരണിനെ അപരിചിതൻ എന്ന്‌ വിശേഷിപ്പിച്ച സ്വപ്‌നയുമായി ഇയാൾക്ക്‌ അടുത്ത പരിചയമുണ്ടായിരുന്നെന്ന്‌ ഷാജ്‌ കിരൺതന്നെ പുറത്തുവിട്ട ശബ്‌ദരേഖയിൽ തെളിഞ്ഞു. ഇത്‌ മറച്ചുവച്ചാണ്‌ മുഖ്യമന്ത്രിയുടെ ദൂതൻ എന്നതരത്തിൽ മാധ്യമങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്‌. ഗൂഢാലോചനയിൽ ഷാജ്‌ കിരണിന്‌ പങ്കുണ്ടെന്ന വിവരവും പിന്നീട്‌ തെളിഞ്ഞു.

സ്വപ്‌ന തെറ്റിച്ചിട്ടും 
മാതൃഭൂമി റിപ്പോർട്ടർക്ക്‌ തെറ്റിയില്ല
സിപിഐ എമ്മിനെ താറടിക്കാൻ ‘ഗുരുതരമായ ആരോ പണ’വുമായി രംഗത്തെത്തിയ സ്വപ്‌ന സുരേഷ്‌ പലതവണ തെറ്റായിപ്പറഞ്ഞ പേര്‌ പക്ഷെ മാതൃഭൂമി റിപ്പോർട്ടർ ശരിയായി റിപ്പോർട്ട്‌ ചെയ്‌തു. സ്വപ്‌ന തന്നെ സമീപിച്ചയാളുടെ പേജ്‌ വിജയ്‌ പിള്ളയെന്നാണ്‌ ഫെയ്‌സ്‌ ബുക്ക്‌ ലൈവിൽ ആവർത്തിച്ച്‌ പറഞ്ഞത്‌. മാതൃഭൂമി അവതാരകനും റിപ്പോർട്ടറോട്‌ ചോദിക്കുന്നത്‌ സ്വപ്‌ന പറഞ്ഞ വിജയ്‌ പിള്ളയെക്കുറിച്ചാണ്‌. എന്നാൽ റിപ്പോർട്ടർ സ്വപ്‌ന തിരുത്തുംമുമ്പേ വിജേഷ്‌ പിള്ളയെന്ന്‌ കൃത്യമായി പറഞ്ഞു. മിനിറ്റുകൾക്കകം കൊച്ചിയിലെ വിജേഷ്‌പിള്ളയുടെ ഓഫീസിലെത്തി ലൈവും തുടങ്ങി. ഇതെല്ലാം ആരോപണത്തിനുപിന്നിലെ ആസൂത്രണം വ്യക്തമാക്കുന്നു.

വിജേഷ്‌ 
കബളിപ്പിച്ചതായി 
ഷോപ്പിങ് കോംപ്ലക്‌സ്‌ ഉടമ
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലെ നായകൻ വിജേഷ്‌ പിള്ള കൊച്ചിയിലെ ഷോപ്പിങ് കോംപ്ലക്‌സ്‌ ഉടമയെ കബളിപ്പിച്ചയാൾ. കളമശേരി ചങ്ങമ്പുഴ നഗറിൽ ക്രസന്റ്‌ ടവർ എന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ ഒരുഭാഗം കച്ചവടാവശ്യത്തിനെന്നപേരിൽ വാടകയ്‌ക്ക്‌ എടുത്തായിരുന്നു തട്ടിപ്പ്‌. വാടകയിനത്തിൽ ഒരുലക്ഷം രൂപയോളം നൽകാതെ സ്ഥലംവിടുകയായിരുന്നു. 2017ലാണ്‌ മുറി വാടകയ്‌ക്കെടുത്തത്‌. കാർഡ്‌ ബിസിനസ്‌ ചെയ്യാനെന്നാണ്‌ കെട്ടിട ഉടമ ജാക്‌സൺ മാത്യുവിനോട്‌ പറഞ്ഞത്‌. എന്നാൽ, എന്താണ്‌ ചെയ്‌തിരുന്നതെന്ന്‌ അറിയില്ലെന്ന്‌ ജാക്‌സൺ മാത്യു പറഞ്ഞു. ആറുമാസത്തിനുള്ളിൽ ബിസിനസ്‌ അവസാനിപ്പിച്ച്‌ വിജേഷ്‌ മുങ്ങി. വാടകയായി തരാനുണ്ടായിരുന്ന ഒരുലക്ഷം രൂപ കിട്ടാൻ ഒരുവർഷത്തോളം പിന്നാലെ നടന്നിട്ടും ഫലമുണ്ടായില്ലെന്നും ജാക്‌സൺ മാത്യു പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top