19 April Friday

ഉത്സവക്കടലായി കൊച്ചി ; കലയുടെ സൗന്ദര്യവും കരുത്തും വിളംബരം ചെയ്‌ത്‌ വർണോജ്വല റാലി

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


കൊച്ചി
എംജി സർവകലാശാല കലോത്സവത്തിന്‌ മുന്നോടിയായി കലയുടെ സൗന്ദര്യവും കരുത്തും വിളംബരം ചെയ്‌ത്‌ മെട്രോനഗരത്തിൽ വർണോജ്വല റാലി. കൊട്ടും പാട്ടും ആർപ്പുവിളിയുമായി കൊച്ചി കായലോരത്തെ ത്രസിപ്പിച്ച റാലിയിൽ അണിനിരന്നത്‌ ആയിരങ്ങൾ. താളമേളങ്ങളും പ്രതിഭകളും നഗരത്തെ വിളിച്ചുണർത്തിയത്‌ കലാലയവർണങ്ങൾ നിറയുന്ന അഞ്ച്‌ രാപ്പകലുകളിലേക്ക്‌.

മറൈൻഡ്രൈവ്‌ മൈതാനംമുതൽ ഒന്നാംവേദിയായ മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ട് വരെ ഘോഷയാത്ര നീണ്ടു. മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ്, സെന്റ് തെരേസാസ്, എസ്എച്ച് കോളേജ്, സെന്റ് ആൽബർട്‌സ് കോളേജുകളിലെ വിദ്യാർഥികളാണ് ഘോഷയാത്രയിൽ അണിനിരന്നത്. സെന്റ്‌ തെരേസാസ്‌ കോളേജിന്റെ ബാനറിനുപിന്നിൽ മുഖത്ത്‌ ചായമെഴുതിയ വിദ്യാർഥിനികൾ നൃത്തച്ചുവടുകളുമായി നീങ്ങി. വർണബലൂണുകളും പൂക്കളുമേന്തി മഹാരാജാസ്‌ കോളേജിന്റെ ബാനറിനുപിന്നിൽ വിദ്യാർഥികൾ നീങ്ങി.

നിലവിലെ ചാമ്പ്യന്മാരായ എസ്‌എച്ച്‌ തേവരയുടെ ബാനറിനുപിന്നിൽ നീങ്ങിയവർ കലാലയത്തിന്റെ കരുത്ത്‌ വിളംബരംചെയ്‌തു. പ്രച്ഛന്നവേഷങ്ങളും വാദ്യങ്ങളുമായി ഗവ. ലോ കോളേജ്‌ സംഘവും ശ്രദ്ധയാകർഷിച്ചു.  പാർക്ക്‌ അവന്യുവിലൂടെ ആശുപത്രി റോഡ്‌ വഴി ഘോഷയാത്ര മഹാരാജാസ്‌ മെൻസ്‌ ഹോസ്‌റ്റൽ മൈതാനത്തെ പ്രധാന വേദിയിലെത്തി. വിദ്യാർഥികൾ ഒന്നിച്ചുകൂടി വാദ്യമേളങ്ങളുടെയും സംഗീതത്തിന്റെയും താളത്തിനൊപ്പിച്ച്‌ നൃത്തച്ചുവടുകൾവച്ച്‌ മൈതാനത്ത്‌ കൊട്ടിക്കലാശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top