20 April Saturday

ഡിനോയിയെ ഹൃദയത്തോടുചേർത്ത്‌ സച്ചിൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022


കൊച്ചി
ഹൃദയത്തോടുചേർന്ന്‌ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കൈയൊപ്പിടുമ്പോൾ ഡിനോയ് ഒരുനിമിഷം അമ്പരന്നു. അഭിമാന നിമിഷത്തിന്റെ സന്തോഷത്തിലിരിക്കെ സച്ചിന്റെ ഫെയ്സ്ബുക് കുറിപ്പ്‌. "മനസ്സ്‌ ഹൃദയത്തെ പിന്തുടരുമ്പോൾ സുന്ദരമായ കാര്യങ്ങൾ സംഭവിക്കുന്നു. വർഷങ്ങൾക്കുമുമ്പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഡിനോയ് തോമസ് പൂർണ ആരോഗ്യവാനായി അഞ്ച് കിലോമീറ്റർ മാരത്തൺ വിജയകരമായി പൂർത്തിയാക്കി. അദ്ദേഹത്തെപ്പോലുള്ള വ്യക്തികളെ കാണുന്നത് വളരെയധികം പ്രചോദനം നൽകുന്നു. ഡിനോയിക്ക്‌ എല്ലാ ആശംസകളും നേരുന്നു' – സച്ചിൻ കുറിച്ചു.

ഞായറാഴ്ച കൊച്ചിയിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തൺ വേദിയിലാണ്  സച്ചിനെ ഡിനോയ് അടുത്ത്‌ പരിചയപ്പെട്ടത്‌. ഹൃദയമാറ്റ ശസ്ത്രക്രിയക്ക്‌ വിധേയനായ ഡിനോയ് അഞ്ച്‌ കിലോമീറ്റർ ഫൺ റണ്ണിൽ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞതോടെ സച്ചിൻതന്നെയാണ്‌ ഡിനോയിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്‌. ചേർത്തുപിടിക്കുകമാത്രമല്ല, ഡിനോയ്‌ ധരിച്ചിരുന്ന ടീ ഷർട്ടിൽ ഹൃദയഭാഗത്ത്‌ സച്ചിൻ കൈയൊപ്പും ചാർത്തി. അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡിനോയ് തോമസിനൊപ്പം നിരവധിപേർ  സ്പെെസ് കോസ്റ്റ് മാരത്തണിൽ പങ്കാളികളായിരുന്നു.

2013 സെപ്തംബർ ഇരുപതിനാണ് ഡിനോയ് തോമസിന് ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഹൃദയം മാറ്റിവച്ചത്. തൃശൂർ അയ്യന്തോൾ സ്വദേശി ലിബുവിന്റെ ഹൃദയമാണ് ഡിനോയിയിൽ മിടിക്കുന്നത്. 2015 മുതൽ കളമശേരി ടൊയോട്ടയിൽ ഡ്രൈവറായ ഡിനോയ് വലിയ വാഹനങ്ങൾ തനിയെ ദീർഘദൂരം ഓടിക്കും. വൈകിട്ട്‌ ആറുമുതൽ രാത്രി 11 വരെ എച്ച്‌എംടി ജങ്ഷനിൽ ഓട്ടോ ഓടിക്കും. ഷീനയാണ്‌ ഡിനോയിയുടെ ഭാര്യ. അലിനയും അഡോണും മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top