24 April Wednesday
സംരംഭക വർഷം പദ്ധതി: 8 മാസംകൊണ്ട്‌ 
 ലക്ഷ്യം മറികടന്നു

വ്യവസായ കേരളം ; 8 മാസം, ലക്ഷം സംരംഭം ; 6250.05 കോടി നിക്ഷേപം; 2,19,155 പേർക്ക്‌ തൊഴിൽ

മിൽജിത്‌ രവീന്ദ്രൻUpdated: Wednesday Dec 7, 2022


തിരുവനന്തപുരം
എട്ടു മാസത്തിൽ ഒരുലക്ഷം പുതിയ വ്യവസായ സംരംഭമെന്ന ചരിത്രനേട്ടവുമായി കേരളം. വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭകവർഷം പദ്ധതിയിൽ ബുധനാഴ്‌ചവരെ 1,00,658 സംരംഭത്തിനാണ്‌ തുടക്കമായത്‌. ഒരു വർഷംകൊണ്ട്‌ ഒരു ലക്ഷം സംരംഭം തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും എട്ടു മാസവും ഏഴു ദിവസവുംകൊണ്ട്‌ ലക്ഷ്യം മറികടന്നു. ഇത്രയും സംരംഭങ്ങളിലൂടെ 6250.05 കോടിയുടെ നിക്ഷേപവും 2,19,155 പേർക്ക്‌ പുതുതായി തൊഴിലും ലഭിച്ചു.

വാണിജ്യമേഖലയിലാണ്‌ കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത്‌–- 31,803. ഇതുവഴി 1841.15 കോടിയുടെ നിക്ഷേപവും 58,531 പേർക്ക്‌ തൊഴിലും ലഭിച്ചു. ഭക്ഷ്യോൽപ്പന്ന മേഖലയിൽ 18,070 ഉം ഗാർമെന്റ്‌സ്‌ ആൻഡ്‌ ടെക്‌സ്‌റ്റൈൽസ്‌ വിഭാഗത്തിൽ 11,707 ഉം ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിൽ 4382 സംരംഭവും ആരംഭിച്ചു. മറ്റു മേഖലകളിൽ 7877 ഉം.

വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കിയത്‌. സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു മുമ്പ്‌ പതിവെങ്കിൽ താൽപ്പര്യമുള്ളവരെ അങ്ങോട്ട്‌ സമീപിച്ച്‌ ആവശ്യമായ സൗകര്യമൊരുക്കുകയായിരുന്നു പദ്ധതിയിലൂടെ. ഇതിനായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ 1153 ഇന്റേണുകളെ സർക്കാർ നിയമിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ സംരംഭക ഡെസ്‌കുകളും ആരംഭിച്ചു.

സംരംഭകർക്ക്‌ വായ്‌പ ലഭ്യമാക്കാൻ ബാങ്കുകളുമായി ചേർന്ന്‌ വ്യവസായവകുപ്പ്‌ പ്രത്യേക പദ്ധതി തയ്യാറാക്കി. നാലു ശതമാനം പലിശയ്‌ക്കാണ്‌ വായ്‌പ ഉറപ്പാക്കിയത്‌. വായ്‌പാ മേളകളും സംഘടിപ്പിച്ചു. സംരംഭം തുടങ്ങാനുള്ള നടപടിക്രമങ്ങൾ ഓൺലൈനാക്കി. ജില്ലകളിൽ സംരംഭക ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top