25 April Thursday

സ്‌റ്റെയ്‌പ്‌–ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ്‌–22 ; മെഗാഫൈനൽ 11ന്‌ തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022


തൃശൂർ  
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവത്തിന്റെ മെഗാഫൈനലിന്‌ തൃശൂർ ഒരുങ്ങി. സ്‌റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ  സംസ്ഥാനതല മത്സരം ഞായറാഴ്‌ച തൃശൂർ മുളങ്കുന്നത്തുകാവ്‌ കിലയിൽ നടക്കും. അറിവിന്റെ അനന്തവിഹായസ്സിലേക്ക്‌ ഉയർന്നുപറക്കാനൊരുങ്ങി 14 ജില്ലകളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ സാംസ്‌കാരിക തലസ്ഥാനത്തെത്തും. ഒപ്പം രക്ഷിതാക്കളും അധ്യാപകരും.

എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ്‌ മത്സരങ്ങൾ.  ജില്ലാതല മത്സരങ്ങളിൽനിന്ന്‌ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ഒരു ടീമായാണ്‌ പങ്കാളികളാവുക.  ഇതാദ്യമായി ക്വിസിനൊപ്പം സാഹിത്യ മത്സരങ്ങളുമുണ്ട്‌. കഥയിലും കവിതയിലുമാണ്‌ മത്സരം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളാണ്‌ സാഹിത്യ മത്സരത്തിൽ പങ്കെടുക്കുന്നത്‌.

11ന്‌ രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന്‌  ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സ്‌റ്റെയ്‌പ്‌–-അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനാകും. കഥാകൃത്ത്‌  വൈശാഖൻ  മുഖ്യാതിഥിയാവും.
ഒക്‌ടോബർ 31ന്‌ നടന്ന സ്‌കൂൾതല മത്സരങ്ങളോടെയാണ്‌   അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ ഈ വർഷത്തെ മത്സരങ്ങൾക്ക്‌ തുടക്കമായത്‌.  സംസ്ഥാന തലത്തിലെ വിജയിക്ക്‌ രണ്ട്‌ ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക്‌ ഒരു ലക്ഷം രൂപയും ക്യാഷ്‌ അവാർഡ്‌ നൽകും. സാഹിത്യ മത്സരത്തിലെ വിജയികൾക്ക്‌ 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക്‌ 25,000 രൂപയുമാണ്‌ സമ്മാനം.

സ്‌പോൺസർമാർ
സാങ്കേതിക മേഖലയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി ഭാവിയുടെ എൻജിനിയർമാരേയും ശാസ്ത്രജ്ഞരേയും വളർത്തിയെടുക്കുന്ന, ടാൽ റോപ്പിന്റെ എഡ് ടെക് സ്ഥാപനമായ ‘സ്റ്റെയ്പ്'  ആണ് അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് 2022 ന്റെ ടൈറ്റിൽ സ്പോൺസർ. കോഴിക്കോടുനിന്ന്‌ അമ്പതോളം രുചിഭേദങ്ങളുമായി ആഗോള ബ്രാൻഡാകാൻ വീണ്ടും വിപണിയിലെത്തുന്ന ക്രേസ് ബിസ്‌കറ്റിന്റെ ആസ്കോ ഗ്ലോബൽ, ധനകാര്യ സേവന മേഖലയിൽ കേരളത്തിൽനിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും യുഎഇയിലും ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡായി വളർന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് എന്നിവയാണ് സഹ സ്പോൺസർമാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top