19 April Friday

ജ്വല്ലറിത്തട്ടിപ്പ്‌ : നിക്ഷേപകരെ കബളിപ്പിക്കാൻ 5 കമ്പനി

ജയകൃഷ്‌ണൻ നരിക്കുട്ടിUpdated: Tuesday Sep 8, 2020


തൃക്കരിപ്പൂർ
മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീന്റെ  നേതൃത്വത്തിൽ ലീഗ്‌ നേതാക്കൾ നടത്തിയ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌  വ്യക്തമായ ആസൂത്രണത്തോടെ.  നിക്ഷേപകരെ കബളിപ്പിക്കാനായി അഞ്ച്‌ കമ്പനികളാണ്‌ ഫാഷൻ ഗോൾഡ്‌ ചെയർമാനായ എം സി ഖമറുദീനും എംഡിയായ  പി കെ പൂക്കോയ തങ്ങളും  രജിസ്‌റ്റർ ചെയ്‌തത്‌.  ചന്തേര  മാണിയാട്ട്‌ തവക്കൽ കോംപ്ലക്‌സിൽ  2006ലാണ്‌ ഫാഷൻ ഗോൾഡ്‌ ഇന്റർനാഷണൽ എന്ന പേരിൽ  ആദ്യ കമ്പനി  തുടങ്ങിയത്‌‌. ഈ കമ്പനിക്ക്‌  1.44 കോടി രൂപ ആസ്‌തിയുണ്ടെന്ന്‌  2017 നവംബറിൽ നടന്ന ജനറൽബോഡിയിൽ അവതരിപ്പിച്ച ബാലൻസ്‌ ഷീറ്റിൽ പറയുന്നു. ഖമറുദ്ദീനും പൂക്കോയ തങ്ങളുമടക്കം ഏഴ്‌ ഡയറക്ടർമാർ‌. എല്ലാവരും  ലീഗ്‌ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും.  മതസംഘടനകളിലെ നേതൃത്വവും ലീഗ്‌ ഭാരവാഹിത്വവും പറഞ്ഞാണ്‌  ജനവിശ്വാസം ആർജിച്ചത്‌.  ലീഗ്‌ അണികളായ സമ്പന്നരും പാവങ്ങളും ഒരുപോലെ  വലയിൽ വീണു.  

2007ൽ അതേ വിലാസത്തിൽ നുജും ഗോൾഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി രജിസ്‌റ്റർ ചെയ്‌തു. 50 ലക്ഷം ആസ്‌തിയുള്ള ഈ കമ്പനിയിൽ ഇരുവരെയും കൂടാതെ നാല്‌ ഡയറക്ടമാർ‌. 2008 മാർച്ചിൽ ഖമർ ഫാഷൻ ഗോൾഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌  എന്ന  മൂന്നാമത്തെ കമ്പനിയും രജിസ്‌റ്റർ ചെയ്‌തു. 4 കോടി 90 ലക്ഷമായിരുന്നു ആസ്‌തി കാണിച്ചത്‌. 2012 ജൂലൈയിൽ ഫാഷൻ ഓർണമെന്റ്‌സ്‌ എന്ന  കമ്പനിയും രജിസ്‌റ്റർ ചെയ്‌തു.  ഖമറുദ്ദീനിനെയും പൂക്കോയ തങ്ങളെയും കൂടാതെ എട്ട്‌ ഡയറക്ടർമാർ. ലീഗ്‌ നേതാക്കളെ കൂടാതെ വൻ തുക നൽകിയവരായിരുന്നു പുതിയ കമ്പനിയുടെ ഡയറക്ടർമാർ. 

ജ്വല്ലറിയുടെപേരിൽ ലഭിക്കുന്ന നിക്ഷേപങ്ങൾ  സ്വന്തമാക്കാനായി 2016ൽ ഫാഷൻ റിയാൽറ്റേഴ്‌സ്‌ എന്ന അഞ്ചാമത്തെ കമ്പനിയും രജിസ്‌റ്റർ ചെയ്‌തു. അതിൽ ഖമറുദ്ദീനും പൂക്കോയ തങ്ങളും മാത്രമായിരുന്നു ഡയറക്ടർമാർ. ഒരേ വിലാസത്തിലാണ്‌ കമ്പനികൾ മുഴുവൻ. എന്നാൽ ഫാഷൻ ഗോൾഡ്‌ ഇന്റർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ടുണ്ടായിരുന്നില്ല.   

അഞ്ച്‌ കമ്പനികൾ രൂപീകരിച്ചെങ്കിലും  വിദേശത്തുനിന്നടക്കം സ്വീകരിച്ച നിക്ഷേപങ്ങൾക്ക്‌‌  ഇല്ലാത്ത കമ്പനിയുടെപേരിലാണ്‌  സർട്ടിഫിക്കറ്റ്‌ നൽകിയത്‌. ചിലർക്കാകട്ടെ അമ്പത്‌ രൂപയുടെ  മുദ്രകടലാസിൽ തുക രേഖപ്പെടുത്തി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top