20 April Saturday
ഖമറുദ്ദീനെ പാണക്കാട്ടേക്ക്‌ വിളിപ്പിച്ചു, യുഡിഎഫ്‌ ജില്ലാ ചെയർമാൻ സ്ഥാനത്ത്‌ നിന്ന്‌ മാറ്റും

ഖമറുദ്ദീനെ സ്വർണം പൂശി നേതൃത്വം ; എംഎൽഎയ്‌ക്കെതിരെ അണികളിൽ രോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020


കാസർകോട്‌
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌ കേസിൽ കുടുങ്ങിയ എം സി ഖമറുദ്ദീൻ എംഎൽഎയെ സംരക്ഷിക്കുന്ന മുസ്ലിംലീഗ്‌ സംസ്ഥാന നേതൃത്വത്തിനെതിരെ അണികളിൽ  രോഷം. പ്രവർത്തകസമിതി  അംഗമായ  അദ്ദേഹത്തിനെതിരെ ജില്ലാ നേതൃത്വത്തിലെ ഒരുവിഭാഗവും രംഗത്തെത്തി‌.  ഇതിനിടെ ഖമറുദ്ദീനെ പാണക്കാടേക്ക്‌ വിളിപ്പിച്ചിട്ടുമുണ്ട്‌. ജില്ലാ യുഡിഎഫ്‌ ചെയർമാൻ സ്ഥാനത്തുനിന്ന്‌‌ ഒഴിവാക്കി  വിഷയം മയപ്പെടുത്താനാണ്‌ നേതൃത്വത്തിന്റെ നീക്കം‌.  

ജ്വല്ലറിത്തട്ടിപ്പിൽ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടും എംഎൽഎയെ സംരക്ഷിക്കുകയാണ്‌ പാർടി നേതൃത്വം. ബിസിനസ്‌ തർക്കമായാണ്‌ പാർടി തട്ടിപ്പിനെ അവതരിപ്പിച്ചത്‌. നിക്ഷേപം തിരിച്ചുനൽകാതെ വഞ്ചിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയവരിലധികവും ലീഗ്‌ പ്രവർത്തകരുടെ കുടുംബങ്ങളാണ്‌. പാർടി നേതാക്കളുടെ സമ്മർദം കാരണമാണ്‌  ആദ്യമാരും പരാതി  നൽകാതിരുന്നത്‌. നേതാക്കൾ  ഉറപ്പ്‌ പാലിക്കാത്തതിനാലാണ്‌ നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്‌.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്‌ സമയത്തുതന്നെ നിക്ഷേപത്തട്ടിപ്പ്‌  ലീഗിന്‌ കീറാമുട്ടിയായിരുന്നു. ഖമറുദ്ദീനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ  മഞ്ചേശ്വരത്തെ നേതാക്കൾ പാണക്കാട്‌ എത്തിപ്രതിഷേധമുയർത്തിയിരുന്നു. തന്റെ സ്ഥാനാർഥിയാണ്‌ ഖമറുദ്ദീനെന്ന സംസ്ഥാന പ്രസിഡന്റ്‌ ഹൈദരാലി ശിഹാബ്‌ തങ്ങളുടെ അന്ത്യശാസനത്തിലാണ്‌ പ്രതിഷേധക്കാർ പിന്തിരിഞ്ഞത്‌‌. അട്ടിമറി ഭയന്ന്‌ സംസ്ഥാന നേതൃത്വംതന്നെ പ്രചാരണം നയിച്ചു. 

ഖമറുദ്ദീന്റെ സ്ഥാനാർഥിത്വം ഭാവിയിൽ  തിരിച്ചടിയാകുമെന്ന്‌ പ്രാദേശിക നേതാക്കളും പ്രവർത്തകരും അന്ന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. പാണക്കാട്ടെ തങ്ങളെ മുന്നിൽനിർത്തി ഭീഷണി മുഴക്കിയ സംസ്ഥാന നേതൃത്വം ഇപ്പോൾ കുഴയുകയാണ്‌.  മഹല്ല്‌ കമ്മിറ്റികളും  തട്ടിപ്പിനിരയായത്‌ സമുദായത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഖമറുദ്ദീൻ ഉണ്ടാകില്ല എന്ന ചിന്ത  ജില്ലയിലെ സീറ്റ്‌ മോഹികളെ സന്തോഷിപ്പിക്കുന്നുണ്ട്‌‌. അവരും എംഎൽഎക്കെതിരായ പടയൊരുക്കത്തിന്‌ മുന്നിലുണ്ട്‌.

 

എംഎൽഎ ‌ 1.41 കോടിയുടെ നികുതിയും വെട്ടിച്ചു
മുഹമ്മദ്‌ ഹാഷിം
ജ്വല്ലറി തട്ടിപ്പിൽ നിക്ഷേപകരെ വഞ്ചിച്ച മുസ്ലീം ലീഗ്‌ നേതാവ്‌ എം സി ഖമറുദീൻ എംഎൽഎ നികുതിയും വെട്ടിച്ചു. കാസർകോട്‌, ചെറുവത്തൂർ എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ സ്വർണം വിറ്റവകയിൽ ചരക്ക്‌ സേവന നികുതിയായി 1.41 കോടി രൂപ അടക്കാനുണ്ട്‌‌.

കാസർകോട്ടെ ഖമർ ഫാഷൻ  ജ്വല്ലറിയിൽ സ്വർണത്തിന്റെ സ്‌റ്റോക്കിൽ 49 കിലോയുടെ കുറവ്‌ കണ്ടെത്തിയിരുന്നു. വിൽപന നടത്തിയ സ്വർണത്തിൽ ഇതില്ലായിരുന്നു. നികുതി അടച്ചിട്ടുമില്ല. 59.21 ലക്ഷമാണ്‌ നികുതി നൽകേണ്ടത്‌. പിഴയും പലിശയും പ്രളയ സെസും അടക്കം 84,82,744 രൂപ അടക്കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയെങ്കിലും അടച്ചില്ല. ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ്‌  ജ്വല്ലറിയിൽ സ്വർണം വിറ്റവകയിൽ 57,03,087 രൂപയും അടക്കാനുണ്ട്‌‌. നികുതി 43.8 ലക്ഷവും പ്രളയ സെസ്‌ 6.4 ലക്ഷവും പലിശയായി 2.8 ലക്ഷവും അടക്കണം.  35.46 കിലോഗ്രാം സ്വർണം വിറ്റതാണ്‌ കണക്കിൽ കാണിക്കാത്തത്‌. ഇരു ജ്വല്ലറികൾക്കും   ചുമത്തിയ തുക അടക്കേണ്ട കാലാവധിയും കഴിഞ്ഞു.  ഇനി ഇതിന്റെ ഇരട്ടി തുക ഈടാക്കും. എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സ്വത്ത്‌ കണ്ടുകെട്ടുകയും ചെയ്യും.

2019 ജൂലായ്‌ മുതൽ എംഎൽഎ  ചെയർമാനായ  ഇരുജ്വല്ലറികളും കണക്കുകൾ ഹാജരാക്കാനോ നികുതി അടക്കാനോ തയ്യാറായിട്ടില്ല. പലതവണ നോട്ടീസ്‌ നൽകിയിട്ടും പ്രതികരിക്കാത്തതിനാലാണ്‌ കഴിഞ്ഞ ഡിസംബറിൽ ജിഎസ്‌ടി ഉദ്യോഗസ്ഥർ ജ്വല്ലറികളിൽ പരിശോധന നടത്തി നികുതി വെട്ടിപ്പ്‌ കണ്ടെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top