24 April Wednesday

കണ്ണൂരിൽ കോൺഗ്രസുകാർ കൊന്നത്‌ 17 പേരെ ; കൊലയെ വെള്ളപൂശാൻ വിവരാവകാശ ‘നമ്പറുമായി ’ ഉമ്മൻചാണ്ടി

പി സുരേശൻUpdated: Wednesday Sep 9, 2020


കണ്ണൂർ
കണ്ണൂരിൽ രാഷ്‌ട്രീയ എതിരാളികളുടെ ജീവനൊടുക്കുന്നതിന്‌ തുടക്കമിട്ടത്‌ കോൺഗ്രസാണെന്ന ചരിത്രം മറച്ചുവയ്‌ക്കാൻ വിവരാവകാശ ‘നമ്പറുമായി’ ഉമ്മൻചാണ്ടി രംഗത്ത്‌‌. 84നുശേഷമുള്ള കൊലപാതകങ്ങളിൽ കോൺഗ്രസ്‌ ഒരു കേസിലാണ്‌ പ്രതിയെന്ന ഉമ്മൻചാണ്ടിയുടെ വാദം പച്ചക്കള്ളമാണ്‌. സർക്കാരിന്റെ കൈയിൽ 84ന്‌ മുമ്പുള്ള രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കണക്കില്ലെന്ന മുൻ ആഭ്യന്തര മന്ത്രികൂടിയായ ഉമ്മൻചാണ്ടിയുടെ അഭിപ്രായവും കോൺഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയം പുറത്തുവരാതിരിക്കാനുള്ള അടവ്‌‌. കണ്ണൂരിൽ കൊല്ലപ്പെട്ടവരിൽ കൂടുതൽ ബിജെപി പ്രവർത്തകരാണെന്ന കണ്ടെത്തൽ സംഘപരിവാർ പ്രീണനത്തിന്റെ തുടർച്ചയും.

മൊയാരത്ത്‌ ശങ്കരൻ മുതൽ നാൽപാടി വാസുവരെ 17 കമ്യൂണിസ്‌റ്റുകാരെ കണ്ണൂരിൽ കോൺഗ്രസുകാർ‌ കൊലപ്പെടുത്തി‌. 1948ലാണ്‌ മൊയാരത്തിന്റെ ജീവനെടുക്കുന്നത്‌. മുഴപ്പിലങ്ങാട്ടെ കെ പി ഗോവിന്ദൻ, കുറ്റൂരിലെ സി പി കരുണാകരൻ, ബ്രണ്ണൻ കോളേജിലെ അഷറഫ്‌, കുടിയാന്മല സുകുമാരൻ, തിരുവട്ടൂർ അവുങ്ങുംപൊയിലിലെ ജോസ്‌, ദാമോദരൻ, പെരളശേരിയിലെ കൊളങ്ങരേത്ത് രാഘവൻ, പാനൂരിലെ മൊട്ടമ്മൽ ബാലൻ, മാലൂരിലെ കട്ടൻ രാജു, ചപ്പാരപ്പടവിലെ സി എ ജോസ്, തോലമ്പ്രയിലെ കുന്നുമ്പ്രോൻ ഗോപാലൻ, ഹോട്ടൽ തൊഴിലാളിയായിരുന്ന തങ്കച്ചൻ, പാറാലി പവിത്രൻ, കണ്ണൂർ സേവറി ഹോട്ടൽ തൊഴിലാളി കെ നാണു, മട്ടന്നൂർ പുലിയങ്ങോട്ടെ നാൽപ്പാടി വാസു എന്നിവർ കോൺഗ്രസ്‌ അരുംകൊല രാഷ്‌ട്രീയത്തിന്റെ ഇരകളാണ്‌. സിപിഐ എമ്മിന്റെ സമുന്നത നേതാവ്‌ അഴീക്കോടൻ രാഘവന്റെ കൊലപാതകവും ആസൂത്രണം ചെയ്‌തത്‌ കോൺഗ്രസാണ്.

രണ്ട്‌ കോൺഗ്രസ്‌ പ്രവർത്തകരെ കൊന്നുതള്ളിയ കേസിലും പ്രതികൾ ഖദർധാരികളാണ്‌. മട്ടന്നൂർ കോളേജിലെ കെഎസ്‌യു നേതാവും മാഗസിൻ എഡിറ്ററുമായിരുന്ന പുതിയ വീട്ടിൽ ബഷീറിനെ വിറക്‌ കൊള്ളികൊണ്ട്‌ അടിച്ചുകൊന്നത്‌ കെഎസ്‌യുക്കാരാണ്‌. നടാലിലെ കോൺഗ്രസ്‌ പ്രവർത്തകൻ കെ പി മനോഹരനെ കൊന്നതും ക്രിമിനൽ നേതാവിന്റെ ഗുണ്ടകളാണ്‌

ആർഎസ്‌എസ്‌ ക്യാമ്പിൽ പരിശീലനം: ലക്ഷ്യം കൊലപാതകം
സിപിഐ എം നേതാവിനെ കൊല്ലാൻ ആയുധ പരിശീലനത്തിനായി ആർഎസ്‌എസിൽ ചേരുക. നിശ്‌ചയിച്ചുറപ്പിച്ച കൊലപാതകം നടത്താൻ കോൺഗ്രസുകാർ പുതിയ മാർഗം തേടിയത്‌ ഇടുക്കി രാജക്കാട്ട്‌. 1992ൽ സിപിഐ എം രാജാക്കാട്‌ ഏരിയ കമ്മിറ്റി അംഗവും തോട്ടം തൊഴിലാളി യൂണിയൻ നേതാവുമായ കെ എൻ തങ്കപ്പനെയാണ്‌ ആയുധപരിശീലനം നേടിയ ആർഎസ്‌എസ്‌ സംഘം പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയത്‌. വൈദ്യുതി മന്ത്രി എം എം മണിയുടെ ഭാര്യാ സഹോദരനാണ്‌ തങ്കപ്പൻ.

നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ വിജയിച്ച കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനം അക്രമാസക്തമായതോടെയാണ്‌ സംഘർഷത്തിന്‌ തുടക്കം. സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി അജയന്റെ വീട്ടിലേക്ക്‌ കോൺഗ്രസ്‌ പ്രവർത്തകർ പന്നിപ്പടക്കമെറിഞ്ഞു. ഇതേത്തുടർന്ന്‌ പ്രദേശത്ത്‌‌ കോൺഗ്രസ്‌–- സിപിഐ എം സംഘർഷമുണ്ടായി. ദേവികുളം ആർഡിഒകോടതിയിൽ ഇതിന്റെ വാദത്തിനായി പോകവെയാണ്‌ 1992 ഏപ്രിൽ 22ന്‌ ചിത്തിരപുരം തേയിലത്തോട്ടത്തിൽ പതിയിരുന്ന അക്രമിസംഘം തങ്കപ്പനും 15 സിപിഐ എം പ്രവർത്തകരും സഞ്ചരിച്ച വാഹനം തടഞ്ഞ്‌ ആക്രമിച്ചത്‌. ബോംബ്‌ എറിഞ്ഞ്‌ ഭീതി പരത്തിയശേഷം മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കോൺഗ്രസ്‌ വിട്ട്‌ കുഞ്ചിത്തണ്ണി ദേശീയ വായനശാല പ്രദേശത്ത്‌ ആർഎസ്‌എസ്‌ യൂണിറ്റ്‌ സ്ഥാപിച്ച്‌ ആയുധപരിശീലനം നടത്തി വന്ന ജോൺസന്റെ നേതൃത്വത്തിലായിരുന്നു അക്രമികൾ എത്തിയത്‌. 22 കഷണമായി വെട്ടി നുറുക്കിയ നിലയിലായിരുന്നു തങ്കപ്പന്റെ മൃതദേഹം. സഹോദരൻ കെ എൻ രാജു, ഏരിയ കമ്മിറ്റി അംഗം വി പി ചാക്കോ എന്നിവരടക്കം എട്ടുപേരെ തലങ്ങും വിലങ്ങും വെട്ടി വീഴ്‌ത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top