20 April Saturday

ജിഎസ്‌ടി നഷ്ടപരിഹാരം ലഭ്യമാക്കണം : എംപിമാരുടെ യോഗം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020


സ്വന്തം ലേഖകൻ
കേരളത്തിന്‌ അർഹതപ്പെട്ട ജിഎസ്ടി നഷ്‌ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന്‌ സംസ്ഥാനത്തെ എംപിമാരുടെ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈവരെ കേരളത്തിന് 7000 കോടിരൂപ ലഭിക്കാനുണ്ട്. അഞ്ചുവർഷം നഷ്‌ടപരിഹാരം എന്ന വാഗ്‌ദാനം പാലിക്കണം. നഷ്ടപരിഹാരത്തുക ഈ വർഷത്തെ വായ്‌പയായി സംസ്ഥാനം എടുക്കേണ്ടതാണെന്ന നിർദേശം സ്വീകാര്യമല്ല. ബാധ്യത സംസ്ഥാനങ്ങളുടെ തലയിലിടുന്ന നിർദേശമാണ് ഇതെന്നും യോഗം വിലയിരുത്തി. പാർലമെന്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ്‌ യോഗം വിളിച്ചത്‌.

ബാങ്ക് വായ്‌പയുടെ മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ഇക്കാലയളവിലെ പലിശയ്‌ക്ക് ഇളവ് നൽകണം. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഗ്രാന്റ്‌ അനുവദിക്കുന്നത്‌ ധന കമീഷന്റെ പരിഗണനാ വിഷയമാക്കണം. ദുരന്ത പ്രതികരണനിധിയിൽനിന്നുള്ള ധനവിനിയോഗത്തിന് സംസ്ഥാനങ്ങൾക്ക് കൂടുതൽ വിവേചനാധികാരം  നൽകണം. നെല്ല് സംഭരിച്ചതിനുള്ള‌ കേന്ദ്രവിഹിതം 220 കോടി രൂപ ഉടൻ ലഭ്യമാക്കണം. ജലജീവൻ മിഷനുള്ള കേന്ദ്രവിഹിതം 50ൽനിന്ന് 75 ശതമാനമാക്കണം.

അഴീക്കൽ തുറമുഖത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കുന്നതിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ച്‌ പരിഹാരം കാണുന്നതിന്‌ എംപിമാരുടെ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ബാലൻ, കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top