24 April Wednesday
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കെഎസ്എഫ്ഇയിൽ 2240 പേർക്കാണ് ജോലി ലഭിച്ചത്

കെഎസ്എഫ്ഇയില്‍ 622 പേർക്ക്‌ നിയമനം; നിയമന ഉത്തരവ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020


തൃശൂർ
കോവിഡ്‌ മഹാമാരി പിടിമുറുക്കുന്നതിനിടയിലും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ പിഎസ്‌‌സി വഴി കൂട്ടനിയമനം. ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്  തസ്തികകളിൽ 622പേർ തിങ്കളാഴ്ച കെഎസ്എഫ്ഇയുടെ സംസ്ഥാനത്തെ വിവിധ ശാഖകളിൽ ജോലിയിൽ പ്രവേശിച്ചു. ഇത്രയും അധികംപേർ ഒന്നിച്ച്‌ കെഎസ്‌എഫ്‌ഇയിൽ ജോലിയിൽ പ്രവേശിക്കുന്നത്‌ ആദ്യമാണ്‌.

ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് 662 പേർക്കാണ് നിയമന  ഉത്തരവ് നൽകിയിരുന്നത്. ഇതിൽ കോവിഡ് കാലത്തെ സുരക്ഷയും യാത്രചെയ്യാനുള്ള അസൗകര്യവും കാരണം നാൽപ്പതോളംപേർ പ്രവേശനതീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു. ബാക്കിയുള്ളവർ അതത് ഓഫീസുകളിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമന ഉത്തരവ് ലഭിച്ച 110പേർ 14ന് ജോലിക്കെക്കും.

ഇതുകൂടാതെ, കെഎസ്എഫ്ഇ 297 ഒഴിവുകൾകൂടി പിഎസ്‌‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ നിയമന ഉത്തരവ് നൽകിയശേഷം, ജോലിയിൽ പ്രവേശിക്കാത്തവരുടെ ലിസ്റ്റുകൂടി തയ്യാറാക്കി പിഎസ്‌‌സിക്ക് റിപ്പോർട്ട് ചെയ്യും. ഇതുൾപ്പെടെയുള്ളവർക്ക് വൈകാതെ നിയമനം ലഭിക്കുമെന്ന് കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കെഎസ്എഫ്ഇയിൽ 2240പേർക്കാണ് ജോലി ലഭിച്ചത്‌. രണ്ടുവർഷംമുമ്പ് നടത്തിയ പരീക്ഷയുടെ റാങ്ക്‌ ലിസ്റ്റ് അനുസരിച്ചാണ് പിഎസ്‌‌സി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അഡ്വൈസ്‌ മെമ്മോ അയച്ചത്.

പിഎസ്‌‌സിവഴി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് 2016ൽ 418, 2017ൽ 200, 2018ൽ 155, 2019ൽ 81, 2020ൽ 662 ഉൾപ്പെടെ 1516 നിയമനം നൽകി. ഓഫീസ് അസിസ്റ്റന്റ് 2016ൽ 74, 2017ൽ 25, 2018ൽ 40, 2019ൽ 37, 2020ൽ 110 ഉൾപ്പെടെ 286 പേർക്ക് ജോലി നൽകി. മൊത്തം പിഎസ്‌‌സിവഴി 1802പേരെ നിയമിച്ചു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്‌ വഴി പാർട് ടൈം സ്വീപ്പർ തസ്തികയിൽ 141പേർക്ക് സ്ഥിരനിയമനം നൽകിയതായും ചെയർമാൻ പറഞ്ഞു.

നന്ദി... സർക്കാരിന്‌
‘‘എട്ട്‌ റാങ്ക്‌ ‌‌ലിസ്‌റ്റുകളിൽ പേരുണ്ട്‌. ജോലി ഉറപ്പായിരുന്നു. എന്നാൽ കൂടുതൽ താൽപ്പര്യം ഈ തസ‌്തിക ആയതിനാൽ കാത്തിരുന്നു.  കോവിഡ‌് കാല പ്രതിസന്ധിക്കിടെയും കാത്തിരിപ്പ‌് വെറുതെയായില്ല, നന്ദി സർക്കാരിന‌്..’അഖിലേഷ‌് പറയുന്നു.

ആഗ്രഹിച്ച സർക്കാർ ജോലി, ഏറെ കാലം കാത്തിരിക്കാതെ കിട്ടിയതിന്റെ സന്തോഷത്തിലാണ‌് കുറ്റ്യാടി സ്വദേശിയായ എം അഖിലേഷ‌്. കെഎസ‌്എഫ‌്ഇ ചക്കിട്ടപാറ ബ്രാഞ്ചിൽ ജൂനിയർ അസിസ‌്റ്റന്റായി തിങ്കളാഴ‌്ച ജോലിയിൽ പ്രവേശിച്ചു. നാല‌ുവർഷംമുമ്പ്‌ തുടങ്ങിയ പിഎസ‌്സി പരിശ്രമങ്ങൾക്ക‌് ശുഭസമാപ‌്തി ഉണ്ടായതിന്റെ സംതൃപ‌്തിയാണ്‌  25കാരന‌്. അർഹതയുള്ളവർക്ക‌് സർക്കാർ ജോലി ഒരു തരത്തിലും നിഷേധിക്കപ്പെടുന്നില്ലെന്നതിന്റെ തെളിവാണ‌് ഞാൻ ഉൾപ്പെടെ ഈ ദിവസം ജോലിയിൽ കയറുന്ന 622 പേരെന്ന്‌ അഖിലേഷ്‌ പറഞ്ഞു.

ലക്ഷ്യം സഫലമായി
കുടുംബത്തിലെ മറ്റംഗങ്ങൾക്കെല്ലാം സർക്കാർ ജോലിയാണ്‌,  തന്റെ ജീവിത ലക്ഷ്യവും ഒരു സർക്കാർ ജോലിയായിരുന്നു. അത്‌ സഫലമായ സന്തോഷത്തിലാണ്‌  കെഎസ്എഫ്ഇയിൽ നിയമനം ലഭിച്ച തൃശൂർ പാടൂക്കാട് തലയ്ക്കാട്ടിൽ  ഡിനിഷ് ജെ പ്രകാശ്. കൃത്യതയോടെയുള്ള സർക്കാർസംവിധാനം നിലവിലുള്ളതിനാൽ, ഏതെങ്കിലും ഒരു ജോലി ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന്‌ ഡിനിഷ്‌ പറഞ്ഞു. വനംവകുപ്പിൽ ജോലി ലഭിക്കുകയും ചെയ്തു. കെഎസ്എഫ്ഇയുടെ ലിസ്റ്റിൽ ഇടംപിടിച്ചതോടെ അതിയായ സന്തോഷംതോന്നി. തുടർന്ന്‌ തിങ്കളാഴ്ച രാവിലെ ഡിനിഷ് കെഎസ്എഫ്ഇ ചെമ്പൂക്കാവ് ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിച്ചു.

നിയമനം ഉറപ്പിച്ചിരുന്നു
ഇതുവരെ 20 പിഎസ്‌‌സി പരീക്ഷ എഴുതി. 14 എണ്ണത്തിലും റാങ്ക്‌‌ലിസ്റ്റിൽ ഇടംനേടി. എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ളതിനാൽ, എന്നായാലും നിയമനം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് വെളപ്പായ തോപ്പുപറമ്പിൽ ടി പി മോഹൻദാസിന്റെ മകൾ ടി എം മഹേശ്വരി (29) പറഞ്ഞു. ആഗ്രഹിച്ചതുപോലെ  സംഭവിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ കെഎസ്എഫ്ഇ തൃശൂർ ഹെഡോഫീസിനോട് ചേർന്ന ബ്രാഞ്ചിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു.

നാലഞ്ചുവർഷംമുമ്പ് കോച്ചിങ്ങിനുപോയിരുന്നപ്പോൾ  നിയമനനിരോധനത്തിന്റെയും അഴിമതികളുടെയും വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. എൽഡിഎഫ്സർക്കാർ അധികാരത്തിൽ വന്നതോടെയാണ് വീണ്ടും സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങളിൽ നിയമനം ആരംഭിച്ചതെന്ന് എംകോംകാരിയായ മഹേശ്വരി വ്യക്തമാക്കി.

പ്രചാരണം ശരിയല്ല
ഈ സർക്കാരിന്റെ കാലത്ത്‌ നിയമനങ്ങൾ നടക്കുന്നില്ലെന്ന‌ പ്രതിപക്ഷ പ്രചാരണം ശരിയല്ലെന്ന്‌ തിരുവനന്തപുരം വട്ടിയൂർക്കാവ്‌ സ്വദേശിനി നയന വിജയൻ പറഞ്ഞു. കോവിഡ്‌ കാലത്താണ്‌ എനിക്ക്‌ രണ്ടു ജോലി ലഭിച്ചത്‌. മാർച്ചിൽ സിവിൽ സപ്ലൈസിൽ ക്ലർക്കായി നിയമനം ലഭിച്ചിരുന്നു. കെഎസ്‌എഫ്‌ഇ അസിസ്റ്റന്റ്‌ തസ്തികയിൽ 600 ലധികം പേർക്ക്‌ നിയമനം ലഭിച്ചു. 300 ഓളം ഒഴിവുകൾ റിപ്പോർട്ടും ചെയ്തിട്ടുണ്ട്‌. സന്തോഷമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top